നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചരിത്രം തിരുത്തി ഫലം തീരുമാനിക്കുന്നത് സമുദായ വോട്ടുകൾ ആയിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറപ്പിച്ചു പറയുന്നു. കേരളത്തിലെ പ്രബല സമുദായങ്ങളായ നായർ ഈഴവ വോട്ടുകൾ എങ്ങോട്ട് മറിയും എന്നതായിരിക്കും തെരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കുന്നത്. കേരളത്തിലെ സാമുദായിക വോട്ടുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് നായർ സമുദായവും ഈഴവ സമുദായവും ആണ്. ഈ രണ്ട് സമുദായങ്ങളും നേരത്തെ ഇടതുമുന്നണിയോടും പിണറായി സർക്കാരിനോടും അടുപ്പം കാണിച്ചു എങ്കിലും ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്വർണക്കൊള്ള വലിയ തിരിച്ചടിയാണ് ഇടതുമുന്നണിക്ക് ഉണ്ടാക്കിയിരിക്കുന്നത്. മറുവശത്ത് യുഡിഎഫിൽ ആകട്ടെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ചിലർ നായർ ഈഴവ സമുദായങ്ങളെ വെറുപ്പിക്കുന്ന സ്ഥിരം പ്രസ്താവനകൾ നടത്തി മുന്നോട്ടുപോവുകയാണ്. ഇതും രണ്ട് സമുദായത്തിന്റെയും നേതാക്കളെയും അംഗങ്ങളെയും നിരാശയിൽ ആക്കിയിട്ടുണ്ട്. ഈ രണ്ടു ഘടകങ്ങളും ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗൗരവമുള്ള വിഷയമായി മാറും.
കോൺഗ്രസ് മുന്നണിയെയും സിപിഎം മുന്നണിയെയും സാമുദായിക സംഘടനകൾ ഏത് തരത്തിൽ അനുകൂലിചിട്ടുണ്ടോ എതിർത്തിട്ടുണ്ടോ അവർ എന്തു നിലപാട് എടുത്തു എന്നതും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകും. നായർ ഈഴവ സമുദായങ്ങൾ പോലെ തന്നെ ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളുടെ പ്രശ്നവും തെരഞ്ഞെടുപ്പിൽ പ്രാധാന്യത്തിൽ എത്തും. ഇടതുപക്ഷ സർക്കാരിൻറെ കാര്യത്തിൽ ക്രിസ്ത്യൻ സഭയ്ക്ക് പല എതിർപ്പുകളും ഉണ്ട്. എന്നാൽ ഈ എതിർപ്പിന്റെ പേരിൽ കോൺഗ്രസിന് പിന്തുണ പറയാൻ ക്രിസ്ത്യൻ സഭാ മേധാവികൾ തയ്യാറാവുന്നില്ല. കാരണം കോൺഗ്രസിനകത്ത് നിലനിൽക്കുന്ന ഭിന്നതകൾ മൂലം അധികാരത്തിൽ വരുമോ എന്ന ആശങ്കയാണ് ക്രിസ്തീയ സഭ മേധാവികളെ സംശയാലുക്കൾ ആക്കുന്നത്. മുസ്ലിം മത വിഭാഗത്തിലും ഏതെങ്കിലും ഒരു മുന്നണിയോട് മമത കാണിക്കാൻ പറ്റിയ സാഹചര്യം ഉണ്ടായിട്ടില്ല.
ഇത്തരം രാഷ്ട്രീയ അന്തരീക്ഷത്തിൽ കൂടുതൽ ഗുണം നേടിയെടുക്കേണ്ടത് ബിജെപി ആണ്. എന്നാൽ ആഗോള അയ്യപ്പാ സംഗമം, ശബരിമല സ്വർണ്ണ കൊള്ള, ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മിഷനറിമാരെ ആക്രമിച്ച സംഭവം, വഖഫ് നിയമ ഭേദഗതി ഇതെല്ലാം കേരളത്തിലെ സമുദായ സംഘടനകളെ ബിജെപിയിൽ നിന്നും അകറ്റിനിർത്തുന്നുണ്ട്.ഏതായാലും നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളേക്കാൾ മുഖ്യ പങ്കുവഹിക്കുക സാമുദായിക വോട്ടുകളുടെ നില ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പ്രബല സമുദായങ്ങൾ മാനസാന്തരപ്പെട്ട് ഏത് ചേരിയിലേക്ക് മാറും എന്നതിന് അനുസരിച്ച് ആയിരിക്കും ജയ പരാജയങ്ങൾ ഉണ്ടാവുക.