ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് സീസണിന് തുടക്കം കുറിച്ചു കഴിഞ്ഞു. ശബരിമല നട തുറന്നതോടുകൂടി അയ്യപ്പന്മാരുടെ ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഒരു കാര്യം ഉറപ്പാണ്. ഈ വർഷം ശബരിമല ദർശനം കഠിനം തന്നെ ആയി മാറും. കാരണം ഈ സീസണിൽ നടക്കേണ്ട നവീകരണ പ്രവർത്തനങ്ങളോ അയ്യപ്പന്മാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്ന കാര്യമോ കൃത്യമായി ഒന്നും നടന്നിട്ടില്ല. ഈ പണികളെല്ലാം സാധാരണഗതിയിൽ സീസൺ ആരംഭിക്കുന്നതിന് മുമ്പുള്ള രണ്ടുമൂന്ന് മാസങ്ങളായിട്ടാണ് നടക്കുക. എന്നാൽ ശബരിമലയിലെ സ്വർണ്ണ കൊള്ളയും അതിൽ പങ്കാളികളായവരുടെ അറസ്റ്റുകളും വിവാദങ്ങളും വന്നതോടുകൂടി ശബരിമലയിലെ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ എല്ലാം മുടങ്ങിക്കിടക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പതിനായിരക്കണക്കിന് ഭക്തന്മാർ ആണ് സീസണിൽ ഓരോ ദിവസവും ശബരിമലയിലേക്ക് എത്തുക.
പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നും അടക്കം ശബരിമലയിലേക്ക് വരുന്ന അയ്യപ്പന്മാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിൽ പൊതു റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. പമ്പയിലും എരുമേലിയിലും അതുപോലെ നിലയ്ക്കലും അടക്കം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടില്ല. തകർന്നു കിടക്കുന്ന ശുചി മുറികൾ പുതുക്കിപ്പണിയുന്നതിന് കഴിഞ്ഞിട്ടില്ല. സന്നിധാനത്തും ഇതുതന്നെ ആണ് സ്ഥിതി എന്നും പറയുന്നുണ്ട്. അയ്യപ്പന്മാരുടെ വിരി വയ്ക്കൽ, ഭക്ഷണം പാചകം ചെയ്യൽ തുടങ്ങിയവ സാധാരണ പമ്പയുടെ തീരത്താണ് നടത്തുക. ബലികർമ്മത്തിന് പോലും ആവശ്യമായ സൗകര്യങ്ങൾ പമ്പയിൽ ഒരുങ്ങിയിട്ടില്ല എന്നാണ് പറയുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയും അതോടൊപ്പം നടന്ന ആഗോള അയ്യപ്പ സംഗമവും എല്ലാം അയ്യപ്പന്മാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് തടസ്സമായി മാറി എന്നതാണ് വാസ്തവം.ഏതായാലും വ്രതം എടുത്ത് അയ്യപ്പന്മാർ കൂട്ടംകൂട്ടമായി ശബരിമലയിലേക്ക് ഒഴുകി തുടങ്ങി. മറ്റൊന്നും ലഭിച്ചില്ല എങ്കിലും സുഖകരമായ അയ്യപ്പ ദർശനവും അതുപോലെതന്നെ പ്രസാദമായി അപ്പവും അരവണയും ലഭ്യമാക്കുന്നതിനും മറ്റും ഉള്ള സൗകര്യമെങ്കിലും അടിയന്തരമായി ആവശ്യാനുസരണം ഒരുക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞാൽ അത്രയുമായി എന്ന സ്ഥിതിയാണ് ശബരിമലയിൽ ഇപ്പോൾ നിലനിൽക്കുന്നത്.