ബിഷപ്പുമാർ രാഷ്ട്രീയ കളിക്ക് ഇറങ്ങുന്നു…..

മധ്യകേരളത്തിൽ രണ്ടു മുന്നണിക്കും തിരിച്ചടി..........

കേരളത്തിലെ ക്രിസ്തുമത വിശ്വാസികളിലെ വിവിധ സഭകളുടെ ബിഷപ്പുമാരും കർദിനാൾമാരും തെരഞ്ഞെടുപ്പുകളിൽ നേരിട്ടുള്ള ഇടപെടലുകൾക്ക് തീരുമാനമെടുത്തതായി അറിയുന്നു. കേരളത്തിലെ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എൽഡിഎഫും ന്യൂനപക്ഷ സമുദായങ്ങളെ അവഗണിക്കുന്ന നിലപാട് തുടരുന്നതുകൊണ്ട് സ്വന്തം ആൾക്കാരെ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കി തിരിച്ചടി നൽകുന്നതിന് ബിഷപ്പുമാരുടെ രഹസ്യ യോഗത്തിൽ തീരുമാനമുണ്ടായതായുള്ള വാർത്തകളാണ് വരുന്നത്. സീറോ മലബാർ സഭയുടെ തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആണ് മുൻകൈ എടുത്തിരിക്കുന്നത്. ക്രിസ്തീയ മത വിഭാഗത്തിലെ മറ്റു സഭകളുടെ മേധാവികളും ഈ തീരുമാനത്തോട് യോജിച്ചതായിട്ടാണ് അറിയുന്നത്. ഇപ്പോൾ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വിശ്വാസികളും പൊതുരംഗത്ത് ഉള്ളവരുമായ സ്വതന്ത്രരെ സ്ഥാനാർഥികൾ ആക്കി സമുദായ വോട്ടുകൾ നേടി രണ്ടുമുന്നണികൾക്കും തിരിച്ചടി നൽകുക എന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ മധ്യകേരളത്തിൽ യുഡിഎഫിനും എൽഡിഎഫിനും വലിയ തിരിച്ചടി ഉണ്ടാകും.
കേരളത്തിൽ അധികാരത്തിൽ വന്നിട്ടുള്ള ഇടതുമുന്നണിയും വലതുമുന്നണിയും ഭൂരിപക്ഷ സമുദായങ്ങളെ മാത്രം സന്തോഷിപ്പിക്കുന്ന നിലപാടുകളാണ് എടുക്കുന്നത്. ന്യൂനപക്ഷ സമുദായക്കാരായ ക്രിസ്ത്യാനികളെ മതപരിവർത്തനം പറഞ്ഞു കൊണ്ടു പോലും ഒറ്റപ്പെടുത്തുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത പ്രവർത്തകർക്ക് നേരെ ആക്രമം അഴിച്ചു വിട്ടിട്ടും ആരും അന്വേഷിച്ചില്ല എന്ന പരാതിയും മതമേധാവികൾക്ക് ഉണ്ട്. കേരളത്തിൽ തങ്ങളെ സംരക്ഷിക്കും എന്ന് രണ്ടു മുന്നണികളിലെയും പ്രധാന പാർട്ടി നേതാക്കൾ പറയുന്നതല്ലാതെ അനുഭവത്തിൽ അതൊന്നും ഉണ്ടാകുന്നില്ല എന്നാണ് ബിഷപ്പുമാർ സംയുക്തമായി പറയുന്നത്.

ക്രിസ്ത്യാനികൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന മലയോര ജില്ലകളിൽ തുടരുന്ന വന്യജീവി ആക്രമണത്തിന് ഒരു പരിഹാരവും സർക്കാർ ഉണ്ടാക്കിയിട്ടില്ല. മുനമ്പം വിഷയം അടക്കം പരിഹരിക്കാനും ശ്രമം ഉണ്ടായിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ക്രിസ്തീയ സഭകളുടെ മേലധ്യക്ഷന്മാർ സ്വന്തം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
വിവിധ ക്രിസ്തീയ സഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകളും മറ്റു സന്നദ്ധ സംഘടനകളും വലിയതോതിൽ ജനപിന്തുണയോടെ നിലനിൽക്കുകയാണ്. ഈ പ്രവർത്തകരെ തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികൾ ആക്കി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്ന തന്ത്രമാണ് ഇവർ പയറ്റുക. ഇത്തരത്തിൽ ശക്തമായ ഒരു നീക്കം ഉണ്ടായാൽ ക്രിസ്തീയ വിശ്വാസികളുടെ പേരിൽ പ്രവർത്തിച്ചുവരുന്ന കേരള കോൺഗ്രസ് പാർട്ടികൾക്ക് വലിയ തിരിച്ചടി ഉണ്ടാകും. മാത്രവുമല്ല കോൺഗ്രസും സിപിഎമ്മും നയിക്കുന്ന ഇടത് – വലത് മുന്നണികളുടെ സ്ഥാനാർഥികൾക്കും വലിയ തിരിച്ചടി ഉണ്ടാകും. മത മേധാവികളുടെ സ്വാധീനം വലിയതോതിൽ ക്രിസ്തുമത വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബിഷപ്പുമാരും കർദിനാൾമാരും കൈക്കൊള്ളുന്ന തീരുമാനങ്ങൾ താഴേക്ക് എത്തുകയും നിരവധി പള്ളികളിലെ പുരോഹിതന്മാർ വഴി വിശ്വാസികളിലേക്ക് മുഴുവനും ഇത് പടരും എന്നതും ഒരു വസ്തുതയാണ്.