കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പഴയ ജനപിന്തുണ ഇല്ല എന്നും പാർട്ടിയുടെ പ്രവർത്തന രീതികളിലും പാർട്ടി നേതാക്കളുടെ തെറ്റായ രീതികളിലും ഇതിന് കാരണമായിട്ടുണ്ട് എന്ന് തുറന്നടിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയും ആയ ജി സുധാകരൻ രംഗത്ത്. കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തിലെ സിപിഎം നേതാക്കളുടെയും പിണറായി സർക്കാരിന്റെയും പ്രവർത്തന രീതികളോട് ഇടഞ്ഞ് നിൽക്കുകയാണ്. സുധാകരൻ ഇതിൻറെ പേരിൽ പാർട്ടി അദ്ദേഹത്തെ ഒതുക്കുന്ന ഏർപ്പാടും നടന്നുവരികയാണ്. ഇതൊക്കെ പറയുമ്പോഴും താൻ മരിക്കുംവരെ കമ്മ്യൂണിസ്റ്റുകാരൻ ആയിരിക്കും എന്നും സുധാകരൻ പറഞ്ഞുവയ്ക്കുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിന്റേതായ നിലപാടുകളും നയങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഒക്കെയുണ്ട്. എന്നാൽ കാലം മാറിയപ്പോൾ സഖാക്കൾ പോലും തൊഴിലാളി വർഗ്ഗ ആധിപത്യവും തൊഴിലാളി സ്നേഹവും മറന്നുകൊണ്ട് സമ്പന്നതയിൽ ആകൃഷ്ടരായിരിക്കുകയാണ് എന്നാണ് സുധാകരൻ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ രണ്ടുമൂന്ന് അവസരങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയമല്ലാത്ത ചില പരിപാടികളിൽ സുധാകരൻ പങ്കെടുക്കുകയും കമ്മ്യൂണിസത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ കൂടുതലും സുധാകരന്റെ ഒപ്പമാണ്. എങ്കിലും ജില്ലാ നേതൃത്വം സുധാകരനെ പാർട്ടി പരിപാടികളിൽ പോലും ക്ഷണിക്കാതെ തഴയുന്ന നിലപാടുമായി മുന്നോട്ടു പോവുകയാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് സുധാകരൻ. മന്ത്രി പദവിയിൽ ഇരുന്നപ്പോൾ പോലും അദ്ദേഹം ഒരു പേരുദോഷവും ഉണ്ടാക്കിയില്ല. ന്യായമായ വരുമാനങ്ങൾ മാത്രം ഉണ്ടാക്കിയതല്ലാതെ അമിത സമ്പാദ്യത്തിനും സുധാകരൻ ഒരുങ്ങിയിട്ടില്ല. ഇതാണ് സാധാരണ സഖാക്കൾക്കിടയിൽ സുധാകരന് ഇപ്പോഴും വലിയ അംഗീകാരം ഉണ്ടാക്കി കൊടുക്കുന്നത്. എന്നാൽ പാർട്ടിയെ വിമർശിക്കുന്നതിന്റെ പേരിൽ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും സുധാകരനോട് അകലം പാലിച്ചു നിൽക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ സുധാകരന്റെ എതിരെയുള്ള നിലപാടുകൾ പാർട്ടിക്ക് വലിയ ദോഷം ഉണ്ടാക്കും എന്ന വിലയിരുത്തലും ഉണ്ട്.