തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും യുഡിഎഫിനകത്ത് ഒരിക്കലും കാണാത്തതമാശകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ വടക്കൻ ജില്ലകളിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ വെട്ടി നിരത്തി. തെക്കൻ ജില്ലകളിൽ ആകട്ടെ ലീഗിന്റെ സീറ്റുകൾ കോൺഗ്രെസ് പിടിച്ചെടുത്ത് കോൺഗ്രസ് ലീഗിനെ ഒതുക്കി. ഇതിന്റെ പേരിലുള്ള കലഹങ്ങൾ തുടർന്നു വരികയാണ്. കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും മുതിർന്ന നേതാക്കൾ പ്രശ്നപരിഹാരത്തിന് നീക്കം നടത്തിയെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല.
തെക്കൻ കേരളത്തിൽ മുസ്‌ലിം ലീഗിന് കാര്യമായ സ്വാധീനം ഇല്ല എങ്കിലും ജില്ലകളിൽ ഒന്നും രണ്ടും പ്രധാന സീറ്റുകൾ അവർക്ക് നൽകുന്ന പതിവാണ് മുൻകാലങ്ങളിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. യുഡിഎഫിലെ കോൺഗ്രസ് കഴിഞ്ഞാൽ വലിയ പാർട്ടിയാണ് മുസ്ലിം ലീഗ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആയതിനാൽ ഇതിൽ സ്ഥാനാർത്ഥിത്വം മോഹിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ മുതിർന്ന നേതാക്കൾ അല്ല സാധാരണ പ്രവർത്തകർ ആണ്. കയ്യിലുണ്ടായ സീറ്റുകൾ മറ്റു പാർട്ടികൾ പിടിച്ചു വാങ്ങുമ്പോൾ പ്രാദേശിക തലങ്ങളിൽ പ്രവർത്തകർ പകരം വീട്ടുന്നതിന് തയ്യാറാകും. ഇതാണ് തെക്കൻ ജില്ലകളിൽ ഉണ്ടാകുന്നത്. മുസ്ലീം ലീഗിന് ഒന്നും രണ്ടും സീറ്റുകൾ കിട്ടിയിരുന്ന ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലാണ് കൂടുതൽ പ്രശ്നങ്ങൾ നിറഞ്ഞു നിൽക്കുന്നത്.
ഇതിൻറെ നേരെ എതിർ സ്വഭാവത്തിലാണ് വടക്കൻ ജില്ലകളിൽ മുസ്ലിം ലീഗ് പ്രവർത്തകർ നിലപാട് എടുത്തിരിക്കുന്നത്. മലബാർ മേഖലയിലെ മലപ്പുറം അടക്കമുള്ള ജില്ലകളിൽ ലീഗിൻറെ സീറ്റുകൾ പലതും കോൺഗ്രസ് കയ്യടക്കുകയാണ്. നിലമ്പൂരിലെയും പാലക്കാട് മണ്ഡലത്തിലെയും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പേരിൽ കോൺഗ്രസ് വലിയ അവകാശവാദങ്ങളാണ് നിരത്തുന്നത്. എന്നാൽ മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ മുസ്ലിംലീഗിന് വലിയ സ്വാധീനം ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ നല്ലൊരു പങ്ക് മുസ്ലിംലീഗിന്റെ നേതാക്കൾ ആണ്. ഇതൊന്നും പരിഗണിക്കാതെ കോൺഗ്രസ് നേതാക്കൾ മുന്നോട്ട് പോകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ കോൺഗ്രസ് തട്ടിയെടുത്ത സീറ്റുകളിൽ മാത്രമല്ല മൂന്ന് നാലു ജില്ലകളിൽ കോൺഗ്രസിന്റെ സ്ഥാനാർഥികൾക്ക് എതിരെ മത്സരിക്കുന്നതിന് ലീഗ് തീരുമാനമെടുത്തതായി അറിയുന്നുണ്ട്. ഇതിൽ കൂടുതൽ വാശി കാണിക്കുന്നത് യൂത്ത് ലീഗിൻറെ നേതാക്കളും പ്രവർത്തകരും ആണ്. മുസ്ലിം ലീഗിൻറെ മുതിർന്ന നേതാക്കൾ അനുരഞ്ജന നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും കോൺഗ്രസ് പാർട്ടിയുടെ ഏകപക്ഷീയ സീറ്റ് വിഭജന കാര്യത്തിൽ പ്രതിഷേധിക്കുന്ന യൂത്ത് ലീഗ് നേതാക്കൾ ഇതുവരെ വഴങ്ങിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിൽ തുടരുകയാണെങ്കിൽ കേരളത്തിലെ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും കാര്യമായ തിരിച്ചടികൾ നേരിടേണ്ടി വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.