അടവുകൾ പയറ്റി ബിജെപി…..

ഇന്ത്യ മുന്നണിയെ പൊളിക്കാൻ വലിയ നീക്കങ്ങൾ.....

ഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് അതിശക്തമായി വളർന്ന ഇന്ത്യ മുന്നണി എന്ന പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ഒരു വർഷത്തെ ആയുസ്സിനുശേഷം തല്ലിത്തകരുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. ഇന്ത്യ മുന്നണിയെ നയിച്ചിരുന്ന കോൺഗ്രസ് പാർട്ടി എല്ലായിടത്തും പിന്നെയും പിന്നെയും തകരുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. പാർട്ടിയെ നയിക്കുവാൻ കഴിവുള്ള നേതാവ് ഇല്ല എന്ന് തിരിച്ചറിഞ്ഞതോടുകൂടിയാണ് ഇന്ത്യ മുന്നണിയിലെ പ്രമുഖ പാർട്ടികളെല്ലാം കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതിന് തീരുമാനം എടുക്കുന്നത്. നേരത്തെ തന്നെ കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സും അരവിന്ദ് കെജരിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിയും കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതാണ്. ഇപ്പോൾ ബീഹാറിലെ തേജസ്വി യാദവും തമിഴ്നാട്ടിലെ ഡി എം കെ നേതാവ് സ്റ്റാലിനും മറ്റു ചില സംസ്ഥാന പാർട്ടി നേതാക്കളും ഒറ്റയ്ക്ക് നിന്ന് പ്രവർത്തിക്കുന്നതാണ് കൂടുതൽ ഗുണകരം എന്ന തിരിച്ചറിഞ്ഞ് കോൺഗ്രസ് ബന്ധത്തിൽ നിന്നും അകലാനുള്ള തീരുമാനത്തിലേക്ക് എത്തുകയാണ്.

ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളായ എൻ സി പി അതുപോലെ ശിവസേന തുടങ്ങിയ പാർട്ടികളും കോൺഗ്രസ് ബന്ധം വഴി നഷ്ടമില്ലാതെ നേട്ടങ്ങൾക്ക് സാധ്യതയില്ല എന്ന നിഗമനത്തിലാണ് ഉള്ളത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നൂറോളം സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞു എങ്കിലും തുടർന്ന് നടന്ന ഒരു നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് വിജയം കാണുവാൻ കഴിഞ്ഞില്ല. ഹരിയാനയിൽ വലിയ തോൽവി ഒരു വർഷം മുമ്പ് ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിൽ ബീഹാറിൽ കോൺഗ്രസിന് കനത്ത തോൽവിയാണ് ഏൽക്കേണ്ടിവന്നത്.
സംസ്ഥാനതലത്തിൽ വലിയ ശക്തിയായി മാറിയ രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് മാത്രം പ്രവർത്തിച്ച് നിയമസഭാ വിജയം നേടുകയും ഭരണത്തിൽ എത്തുകയും ചെയ്യുക എന്ന പുതിയ ഒരു തന്ത്രത്തിലേക്ക് ആണ് നീങ്ങുന്നത്. ഇതുകൊണ്ടാണ് തമിഴ്നാട്ടിൽ സ്റ്റാലിനും പശ്ചിമബംഗാളിൽ മമതയും കോൺഗ്രസ് ബന്ധം വിടുന്നതിന് തീരുമാനം എടുക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസ് പാർട്ടിക്ക് ഇപ്പോൾ യാതൊരു അടിത്തറയും ഇല്ലാത്ത സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ടുതന്നെ കോൺഗ്രസ് സഖ്യത്തിൽ നിന്നാൽ സ്വന്തം പാർട്ടിക്ക് വിജയിക്കുവാൻ കഴിയുന്ന കുറച്ചു സീറ്റുകൾ എങ്കിലും കോൺഗ്രസിന് നൽകേണ്ടി വരും എന്ന സ്ഥിതിയും ഈ നേതാക്കൾ മുൻകൂട്ടി കാണുന്നുണ്ട്. അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ നിലവിൽ സംസ്ഥാന പാർട്ടി എന്ന നിലയിൽ നിൽക്കുന്നതും അധികാരത്തിൽ തുടരുന്നതുമായ പ്രതിപക്ഷ പാർട്ടികളാണ് കോൺഗ്രസിന്റെ ഇന്ത്യ മുന്നണിയിൽ നിന്നും വിട്ടുമാറി സ്വന്തം നിലയിൽ സംസ്ഥാനതല സഖ്യം ഉണ്ടാക്കി മുന്നോട്ടു പോകുന്നതിന് ആലോചനകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഒരു നീക്കം ഉണ്ടായാൽ ദേശീയതലത്തിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാവുക.