കേരള കോൺഗ്രസ് പാർട്ടികൾക്ക് സ്വാധീനമുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജോസഫ് കേരള കോൺഗ്രസിന് യുഡിഎഫും കോൺഗ്രസ് പാർട്ടിയും തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റുകൾ വെട്ടിക്കുറച്ചതിൽ വ്യാപകമായ പരാതി ഉയർന്നിരിക്കുന്നു. സീറ്റുകൾ ചോദിച്ചു വാങ്ങുന്ന കാര്യത്തിൽ പാർട്ടി ചെയർമാൻ പി. ജെ ജോസഫ് അനാസ്ഥ കാണിച്ചു എന്നാണ് പാർട്ടിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ പറയുന്നത്. പാർട്ടിയുടെ നിയന്ത്രണം കുറച്ചുനാളായി ജോസഫിന്റെ കൈകളിൽ നിന്നും വിട്ടുനിൽക്കുകയാണ്. മകനായ അബൂ ജോസഫ് ആണ് പാർട്ടിയെ ഇപ്പോൾ നയിക്കുന്നത്. യാതൊരുവിധ രാഷ്ട്രീയ പ്രവർത്തന പരിചയവും ഇല്ലാത്ത അബു ജോസഫിന്റെ ഇടപെടൽ നേതാക്കളെയെല്ലാം വലിയതോതിൽ വിഷമിപ്പിക്കുന്നുണ്ട്. ഇപ്പോൾ യുഡിഎഫിന് അകത്തു നിൽക്കുന്ന ജോസഫ് കേരള കോൺഗ്രസ് ശക്തിക്ഷയിക്കുന്ന പാർട്ടിയായി മാറിയിരിക്കുന്നു എന്ന വിലയിരുത്തലും ഉണ്ട്. പ്രായാധിക്യത്താൽ ജോസഫിന് പഴയത് പോലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിയുന്നില്ല. മുതിർന്ന നേതാക്കളോട് പോലും ആലോചിക്കാതെയാണ് മകനായ അബൂ ജോസഫിനെ പാർട്ടിയുടെ തലപ്പത്ത് ജോസഫ് പ്രതിഷ്ഠിച്ചത്. അന്നുമുതൽ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരും പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്.
കോട്ടയം ജില്ലയാണ് ജോസഫ് കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രം. ഈ ജില്ലയിൽ പോലും നിലവിലുണ്ടായിരുന്ന സീറ്റുകൾ വെട്ടിക്കുറയ്ക്കുന്ന നയമാണ് യുഡിഎഫ് നേതാക്കൾ സ്വീകരിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന പരാതി. ഇതുതന്നെയാണ് ഇടുക്കിയിലെയും, കണ്ണൂരിലെയും അവസ്ഥ. കണ്ണൂരിലെ കുടിയേറ്റ കർഷകരായ ക്രിസ്ത്യാനികളിൽ നല്ലൊരു വിഭാഗം കേരള കോൺഗ്രസുകാരാണ്. മാണി കേരള കോൺഗ്രസിനും , ജോസഫ് കേരള കോൺഗ്രസിനും അവിടെ തുല്യശക്തിയാണ് ഉള്ളത്. തെരഞ്ഞെടുപ്പിൽ ജോസഫ് കേരളയ്ക്ക് നിലവിലുണ്ടായിരുന്ന സീറ്റുകൾ പോലും നൽകാതെ വന്നത് പുതിയ കെ പി സി സി പ്രസിഡണ്ടായ സണ്ണി ജോസഫിന്റെ പിടിവാശിയാണ് എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഏതായാലും ഇടുക്കിയിലും, കോട്ടയത്തും, കണ്ണൂരിലും ജോസഫ് കേരള കോൺഗ്രസ് ഇപ്പോൾ വലിയ തകർച്ചയിലാണ്. ഈ മൂന്ന് ജില്ലയിലെയും ജില്ലാതല നേതാക്കൾ പാർട്ടി വിട്ട് മാണി കേരള കോൺഗ്രസിലേക്കും മറ്റു പാർട്ടികളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്.
പല കേരള കോൺഗ്രസുകൾ ഉണ്ടെങ്കിലും ആൾബലമുള്ള രണ്ട് കേരള കോൺഗ്രസുകൾ മാണി കേരളയും ജോസഫ് കേരളയും ആണ്.
ഈ രണ്ടു പാർട്ടികളും വലിയ തോതിലുള്ള ആഭ്യന്തര കലഹത്തിൽ പെട്ടിരിക്കുകയാണ്. ഈ തർക്കങ്ങളും പാർട്ടിക്ക് ഉണ്ടാവുന്ന ക്ഷീണവും യഥാർത്ഥത്തിൽ വിഷമത്തിൽ ആക്കുന്നത് ക്രിസ്തീയ സഭ മേലധ്യക്ഷന്മാരെ അടക്കം ആണ്. ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും ഏതെങ്കിലും കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ചു വരുന്നവരാണ്. കേരള കോൺഗ്രസിൻറെ സ്ഥാപക നേതാവായ കെ എം മാണിയുടെ കാലം മുതൽ കേരള കോൺഗ്രസ് കർഷക പാർട്ടി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ കർഷകരായ ക്രിസ്ത്യാനികൾക്ക് ഈ പാർട്ടി വഴി സർക്കാരിൽ നിന്നും പലതും നേടിയെടുക്കാൻ കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. ഇപ്പോൾ പ്രബലമായ ഈ രണ്ടു കേരള കോൺഗ്രസുകളും രണ്ടു മുന്നണികളിൽ ആയി നിൽക്കുകയാണ്. മാണി കേരള കോൺഗ്രസുകാർ ഇടതുമുന്നണിയിലും ജോസഫ് ഗ്രൂപ്പ് യുഡിഎഫിലും ആണ് നിൽക്കുന്നത്. എന്നാൽ ഈ രണ്ടു പാർട്ടികളിലും തമ്മിലടി മുറുകുന്നതിനാൽ സർക്കാരിനു മുന്നിൽ വിലപേശൽ ശക്തിയായി തുടരാൻ കഴിയില്ല എന്നാണ് സഭയുടെ മേധാവികൾ ആശങ്കപ്പെടുന്നത്. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ ക്ഷീണം ഉണ്ടാകും എന്ന് വിലയിരുത്തലും ഉണ്ട്.