തെരഞ്ഞെടുപ്പിൽ ചൂട് ചൂടേറുമ്പോൾ……

എൽഡിഎഫ് തണുത്തു വിറക്കുന്നു....

കേരളത്തിലെ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഭരണകക്ഷിയായ ഇടതുമുന്നണി വലിയ പ്രതിസന്ധിയിലേക്ക് കടക്കുന്നതായി ആണ് വിലയിരുത്തപ്പെടുന്നത്. പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇടതുമുന്നണിയെ കുരുക്കിൽ ആക്കിയിരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരിൽ പ്രകടമായ ഭരണവിരുദ്ധ വികാരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനുപുറമേയാണ് സർക്കാരിനെയും ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിനെയും നാണക്കേടിൽ ആക്കിയ ശബരിമല സ്വർണ്ണക്കുള്ള അടക്കമുള്ള സംഭവങ്ങൾ ഇപ്പോൾ കേരളത്തിൽ കത്തിപ്പടരുന്നത്. ഏറ്റവും ഒടുവിൽ കിഫ്ബി മസാല ബോണ്ട വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നോട്ടീസു വന്നതും ഇടതുമുന്നണിക്ക് ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്.

ആദ്യ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വളരെ മുന്നിൽ നിൽക്കാൻ കഴിഞ്ഞ ഇടതുമുന്നണി അവസാന ഘട്ടത്തിൽ എത്തിയപ്പോൾ മുന്നോട്ടു കുതിക്കാൻ ശ്വാസം മുട്ടുന്ന അവസ്ഥയിൽ എത്തി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
മുഖ്യമന്ത്രിയുടെയും മകളുടെയും പേരിൽ ഉയർന്ന അഴിമതി ആരോപണങ്ങൾ മുതൽ മസാല ബോണ്ടിലെ ഇടപാടുകൾ വരെ ഇടത് മുന്നണിയെ അപകടത്തിൽ ആക്കി. കേരളം ഒട്ടാകെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ശബരിമല സ്വർണ്ണ കൊള്ളയാണ് ഇടതുമുന്നണിക്ക് വലിയ ക്ഷീണം ഉണ്ടാക്കിയത്. ഇവ മാത്രമല്ല സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, കരുവന്നൂർ അടക്കമുള്ള ബാങ്കുകളിൽ സിപിഎം ഭരണസമിതി നടത്തിയ സാമ്പത്തിക തട്ടിപ്പുകൾ, ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ, ഒരു കാരണവുമില്ലാതെ ജനങ്ങളെ ശത്രുക്കൾ ആക്കിയ സിൽവർ ലൈൻ റെയിൽവേ പദ്ധതി തുടങ്ങിയവയും ഭീഷണിയായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് കേന്ദ്ര ആവിഷ്കൃത വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ യുടെ പേരിൽ ഘടക കക്ഷികൾ തമ്മിൽ ഇടയുന്ന സ്ഥിതി ഉണ്ടായത്. മന്ത്രിസഭയിലെ അര ഡസനോളം മന്ത്രിമാർ യാതൊരു കഴിവും ഇല്ലാത്ത പിടിപ്പു കെട്ടവർ ആണെന്ന ആക്ഷേപം പറഞ്ഞത് മുന്നണിയിലെ ഘടക കക്ഷികൾ തന്നെയാണ്. ഇതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പ് അവസരത്തിൽ പ്രതിപക്ഷം ഉയർത്തുകയും ജനങ്ങൾ അത് ശരിവെക്കുകയും ചെയ്യും എന്നുള്ളതാണ് ഇടതുമുന്നണിയുടെ നിലനിൽപ്പിന് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയത്. ആകെയുള്ള 941 പഞ്ചായത്തുകളിൽ അന്നത്തെ തെരഞ്ഞെടുപ്പിൽ 514 പഞ്ചായത്തുകളും ഇടതുമുന്നണി സ്വന്തമാക്കി. 6 കോർപ്പറേഷനുകളിൽ അഞ്ച് സ്ഥലങ്ങളിലും ഇടതുമുന്നണിയാണ് ഭരണത്തിൽ എത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പ് ട്രെൻഡ് മാറി എന്നും ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫിന് മുന്നേറ്റം ഉണ്ടാകും എന്ന വിലയിരുത്തലാണ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പുറത്തുവരുന്നത്. എന്നാൽ കോൺഗ്രസിനെയും യുഡിഎഫിനെയും രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും മുന്നണിയെ നയിക്കുന്ന കോൺഗ്രസിനകത്ത് നേതാക്കന്മാരുടെ ഐക്യം ഇല്ലായ്മയും കുറെയൊക്കെ അനുകൂലസാധ്യതകൾ ഇല്ലാതാക്കും എന്ന് വിലയിരുത്തലും ഉണ്ട്.