വിജയ് വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ്: ‘കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ കുത്തുന്നത് പോലെ’- വിജയ്

രാഷ്ട്രീയത്തിലേക്കുള്ള സൂചന നൽകി തമിഴ് താരം വിജയ്. എസ്.എസ്.എൽ.സി വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് രാഷ്ട്രീയത്തിലേക്കെന്ന സൂചന വിജയ് ശക്തമാക്കിയത്. നാളത്തെ വോട്ടർമാർ നിങ്ങളെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും നടൻ കുട്ടികളോട് വിജയ് വ്യക്തമാക്കി. ‘നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകൾ തന്നെ കുത്തുകയെന്ന് കേട്ടിട്ടുണ്ടോ. അതാണ് ഇപ്പോൾ നടക്കുന്നത്. കാശ് വാങ്ങി വോട്ട് ചെയ്യുന്നതിലൂടെ നമ്മളും അതാണ് ചെയ്യുന്നത്.

ഒരു വോട്ടിന് 1000 രൂപ എന്ന് വിചാരിക്കുക. ഒന്നര ലക്ഷം പേർക്ക് ഇങ്ങനെ കൊടുക്കുകയാണെങ്കിൽ 15 കോടി വരും. ജയിക്കാൻ 15 കോടി ചെലവാക്കുന്നവർ അതിലുമെത്ര അവർ നേരത്തെ സമ്പാദിച്ച് കാണുമെന്ന് ചിന്തിച്ചാൽ മതി. വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികൾക്ക് ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. ഓരോരുത്തരും കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണം’ , വിജയ് പറഞ്ഞു.