കുട്ടികളിലെ ദന്തരോഗങ്ങള്‍

കുട്ടിക്കാലം മുതല്‍ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളില്‍ ദന്തരോഗങ്ങള്‍ സാധാരണമാണ്. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍  അവ ഒഴിവാക്കാവുന്നതാണ്. കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ മുതല്‍ അമ്മമാര്‍ വേണം ശ്രദ്ധിക്കാന്‍. ശിശു ജനിക്കുന്നതിനുമുമ്പ് കുഞ്ഞിന്റെ പല്ലുകള്‍ സുന്ദരമായിരിക്കാനായി അമ്മമാര്‍ പോഷകാഹാരങ്ങള്‍ കഴിക്കണം. ചില മാതാപതാക്കള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ ഗൗരവമായി കാണാറില്ല. എന്നാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന ദന്തരോഗങ്ങള്‍ക്ക് അടിയന്തിര ചികിത്സയും പരിചരണവും ആവശ്യമാണ്.

ദന്തക്ഷയം
കുട്ടികള്‍ക്കുണ്ടാകുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ് ദന്തക്ഷയം. പല്ല് ദ്രവിച്ചുപോവുകയാണിവിടെ സംഭവിക്കുന്നത്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്.

ഈ രോഗമുള്ള കുട്ടികളുടെ ശരീരം മെലിയുന്നതായി കാണുന്നു. എന്നാല്‍ ആരംഭത്തിലെ ചികിത്സ ലഭ്യമാക്കിയാല്‍ പല്ല് കേടാകാതെ സൂക്ഷിക്കാവുന്നതാണ്. ദന്തക്ഷയം പല തരത്തിലുണ്ട്

നഴ്‌സിംഗ് ദന്തക്ഷയം

പാല്‍പല്ലുകളില്‍ കണ്ടുവരുന്ന ദന്തക്ഷയമാണ് നേഴ്‌സിംഗ് ദന്തക്ഷയം. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞുപോകേണ്ടവയാണ് എന്ന ധാരണയില്‍ അവയ്ക്കുണ്ടാകുന്ന കേടുപാടുകള്‍ ആരും ശ്രദ്ധിക്കാറില്ല. പാല്‍പല്ലുകള്‍ക്ക് ഏറെ ശ്രദ്ധ ആവശ്യമാണ്.
ഉറക്കത്തില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതിന്റെ അളവ് വളരെ കുറവായതിനാല്‍ രാത്രിയില്‍ കുഞ്ഞ് കുടിക്കുന്ന പാനീയങ്ങളും പാലും പാല്‍പല്ലില്‍ പറ്റിപ്പിടിച്ചിരിക്കും. ഇവയെ വായിലുള്ള രോഗാണുക്കള്‍ കടന്നാക്രമിക്കുന്നു.
എന്നാല്‍ അവ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാറില്ല. അവയില്‍ ഉള്‍പ്പെടുന്ന സ്‌ട്രെപ്‌റ്റോകോക്കസ് മ്യൂട്ടന്‍സ് എന്ന ബാക്ടീരിയ പല്ലിനു ചുറ്റും ഒട്ടിപ്പിടിച്ചിരിക്കുന്ന മധുര പാനീയങ്ങളുടെയും പാലിന്റെയും അവശിഷ്ടവുമായി പ്രതിപ്രവര്‍ത്തിച്ച് ആസിഡുകള്‍ ഉണ്ടാകുന്നു. ഈ ആസിഡാണ് പല്ലുകളെ ദ്രവിപ്പിക്കുന്നത്. മുകളിലത്തെ മുന്‍വരി പല്ലുകളിലാണ് സാധാരണ ഈ രോഗം കാണുന്നത്. പല്ല് ദ്രവിക്കാന്‍ തുടങ്ങുന്നതും ഇവിടെത്തന്നെയാണ്. പിന്നീട് പല്ലിന് ചുറ്റുമായി ഇത് വ്യാപിക്കുകയും പല്ലുകള്‍ പൊടിഞ്ഞുപോകുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ആഹാരം കൊടുക്കുമ്പോഴും പല്ലുകള്‍ വൃത്തിയാക്കുമ്പോഴും ഈ രോഗമുള്ളവര്‍ക്ക് വേദന ഉണ്ടാകും