കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍. പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണുകളില്ലാത്ത ഒരവസ്‌ഥയെക്കുറിച്ച്‌ ചിന്തിക്കാനേ സാധ്യമല്ല. ഈ ലോകത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാന്‍ മനുഷ്യനേത്രങ്ങള്‍ക്കാകും. ആധുനിക ജീവിത ശൈലിയിലെ സമ്മര്‍ദങ്ങള്‍, ഉത്‌ക്കണ്‌ഠ, മാനസികപിരിമുറുക്കം, ഭക്ഷണക്രമം, മദ്യപാനം, പുകവലി, പൊടിയും പുകയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയ പ്രതികൂല ഘടകങ്ങളോട്‌ പോരാടി നമ്മുടെ കാഴ്‌ചയെ കാക്കുന്ന കണ്ണുകളുടെ പരിപാലനത്തിന്‌ പ്രത്യേക ശ്രദ്ധയും പരിചരണവും വേണം.

വീട്ടുമുറ്റത്തെ ഔഷധക്കൂട്ട്‌

  • മൂന്ന്‌ അല്ലെങ്കില്‍ നാല്‌ നന്ത്യാര്‍വട്ടപ്പൂക്കള്‍ ശുദ്ധജലത്തിലിട്ട്‌ രാത്രി മുഴുവന്‍ വയ്‌ക്കുക. പിറ്റേന്ന്‌ പൂവ്‌ മാറ്റിയ ശേഷം ഈ വെള്ളം കൊണ്ട്‌ കണ്ണ്‌ കഴുകുക. നേത്രരോഗങ്ങള്‍ തടയാനും കണ്ണിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും സാധിക്കും
  • വെള്ളരി, ഉരുളക്കിഴങ്‌ ഇവയിലേതെങ്കിലും മുറിച്ച്‌ കണ്ണിന്‌ മീതെ വച്ച്‌ പതിനഞ്ച്‌ മിനിറ്റ്‌ നേരം കിടക്കുക. കണ്ണിനു കുളിര്‍മ ലഭിക്കും.
  • കാരറ്റും ഉരുളക്കിഴങ്ങും സമം അരച്ച്‌ കുഴമ്പു രൂപത്തിലാക്കി കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടങ്ങളുടെ സൗന്ദര്യം വര്‍ധിക്കും
  • കാരറ്റ്‌ നീര്‌ തേന്‍ ചേര്‍ത്ത്‌ പതിവായി കണ്ണിനടിയില്‍ പുരട്ടി പത്ത്‌ മിനിറ്റിനു ശേഷം കഴുകിക്കളയുക.
  • ദിവസവും കരിക്കിന്‍ വെള്ളം കൊണ്ട്‌ കണ്ണു കഴുകു
  • നിത്യവും കണ്ണെഴുതുക. നേത്രത്തില്‍ അടിഞ്ഞുകൂടി ക്രമേണ നേത്രരോഗത്തിന്‌ കാരണമായേക്കാവുന്ന അഴുക്കുകളെ ഫലപ്രദമായി പുറത്തുകളഞ്ഞ്‌ കണ്ണ്‌ ശുദ്ധമാക്കുന്നു