ദന്തപരിചരണം അറിയേണ്ട കാര്യങ്ങള്‍
ശരീരസൗന്ദര്യത്തിന്റെ ഭാഗമാണ് ദന്തസൗന്ദര്യവും. ആകര്‍ഷകമായ ചിരി സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. അതുകൊണ്ടാണ് പല്ലുകളുടെ അഭംഗി പലരുടെയും ഉറക്കം കെടുത്തുന്നത് .
ശരീരസൗന്ദര്യത്തിന്റെ ഭാഗമാണ് ദന്തസൗന്ദര്യവും. ആകര്‍ഷകമായ ചിരി സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. അതുകൊണ്ടാണ് പല്ലുകളുടെ അഭംഗി പലരുടെയും ഉറക്കം കെടുത്തുന്നത്.
നിരതെറ്റിയതും കേടുവന്നതുമായ പല്ലുകളും അസഹനീയമായ വായ്‌നാറ്റവുമൊക്കെ ആത്മവിശ്വാസം തകര്‍ക്കും. വായ്‌നാറ്റം പേടിച്ച് അധികം ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്നവരുമുണ്ട്.
പല്ലിന്റെ വിടവ് മറ്റുള്ളവര്‍ കണ്ടാലോ എന്നോര്‍ത്ത് മനോഹരമായ പുഞ്ചിരിപ്പോലും ഒളിച്ചുവയ്‌ക്കുന്നവരും ധാരാളം. പക്ഷേ, വായ്‌ക്കകത്ത് ഉണ്ടാകുന്ന രോഗങ്ങളും പല്ലിന്റെ അഭംഗിയും പൂര്‍ണമായും മാറ്റിയെടുക്കാവുന്നതാണ്.
വായിലെ ദുര്‍ഗന്ധം ഒഴിവാക്കാം
വായിലെ ദുര്‍ഗന്ധം മൂലം കഷ്‌ടപ്പെടുന്നവര്‍ നിരവധിയാണ്. വായില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നതിനെ ‘ഹാലിറ്റോസിസ്’ എന്നു പറയുന്നു. ചിലര്‍ക്ക് വായ്‌നാറ്റം സ്വയം അനുഭവപ്പെടുന്നു.
ചിലര്‍ക്ക് മറ്റുള്ളവര്‍ പറഞ്ഞ് അറിയുകയും ചെയ്യും. രാവിലെ ഉറക്കമുണരുമ്പോള്‍ അനുഭവപ്പെടുന്ന വായില്‍ ദുര്‍ഗന്ധം ഉണ്ടാവുക സ്വാഭാവികമാണ്. ഉറക്കത്തില്‍ തുപ്പലിന്റെ അളവ് കുറയുകയും അത് വായില്‍ തളംകെട്ടി കിടക്കുന്നതുമാണ് ഇതിനു കാരണം.
പല്ല് നന്നായി ബ്രഷ് ചെയ്‌ത് കുലുക്കുഴിഞ്ഞാല്‍ ഈ ദുര്‍ഗന്ധം മാറും. ഇത്തരത്തിലല്ലാതെയുള്ള വായ്‌നാറ്റത്തിന് പല കാരണങ്ങള്‍ ഉണ്ട്. പ്രധാനമായും ഇവ ശരീരത്തിന് അകത്തുള്ള കാരണങ്ങളും, ശരീരത്തിന് പുറത്തുള്ള കാരണങ്ങളുമായി വേര്‍തിരിക്കാം.
ശരീരത്തിന് പുറത്തുള്ള കാരണങ്ങളില്‍ പ്രധാനമായും പുകവലി, മദ്യപാനം എന്നിവയും കഴിക്കുന്ന ചില ഭക്ഷണങ്ങളും കാരണമാകാം. ഉള്ളി, കാബേജ്, വെളുത്തുള്ളി മുതലായവ കഴിച്ചുകഴിഞ്ഞാല്‍ ചിലര്‍ക്ക് വായ്‌നാറ്റം അനുഭവപ്പെടാം. അങ്ങനെയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായ്‌ക്കകത്തുള്ള കാരണങ്ങള്‍
1. കേടുള്ള പല്ലുകള്‍, അവയില്‍ അടിഞ്ഞിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍
2. പല്ലുകളില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക് അഥവാ ‘പ്ലാക്ക്’
3. മോണരോഗം
4. നാക്കിന്റെ പുറത്ത് അടിഞ്ഞിരിക്കുന്ന അഴുക്ക്
5. ഊരിമാറ്റാവുന്ന കൃത്രിമപ്പല്ലുകള്‍ ശുചിയായി സൂക്ഷിക്കാത്തത്
6. സ്‌ഥിരമായി ഘടിപ്പിച്ച കൃത്രിമ പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കാത്തതുമൂലം കാലക്രമേണ അവയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക്
വായ്‌ക്ക് പുറത്തുള്ള കാരണങ്ങള്‍
1. അധികനേരം വിശന്നിരുന്നാല്‍ വായ്‌നാറ്റം അനുഭവപ്പെടാം
2. ചില മരുന്നുകള്‍ (ഫിനോതസയില്‍, നൈട്രേറ്റ് എന്നീ വിഭാഗത്തിലുള്ള മരുന്നുകള്‍) കഴിക്കുന്നത്
3. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദം
4. തുപ്പല്‍ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍
5. കിഡ്‌നിയുടെ അസുഖങ്ങള്‍
6. കരള്‍ രോഗങ്ങള്‍
7. വയറിനകത്തെ ദഹനസംബന്ധമായ ചില അസുഖങ്ങള്‍
8. പ്രമേഹം
9. മാനസികമായ അസുഖങ്ങള്‍
10. ‘ഹാലിറ്റോഫോബിയ’ – വായ്‌നാറ്റമില്ലെങ്കിലും അത് ഉണ്ട് എന്ന തോന്നല്‍.
ചികിത്സാരീതി
1. വായ്‌നാറ്റം ഉണ്ടാക്കുന്ന ഭക്ഷണരീതികള്‍ ഒഴിവാക്കുക
2. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക
3. മോണരോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം
4. കേടുള്ള പല്ലുകള്‍ അടപ്പിക്കുക
5. ആവശ്യമെങ്കില്‍ 6 മാസം കൂടുമ്പോള്‍ മോണയും പല്ലും ദന്തഡോക്‌ടറെക്കൊണ്ട് ക്ലീന്‍ ചെയ്യണം
6. പല്ല് തേയ്‌ക്കുമ്പോള്‍ ദിവസവും നാവും വൃത്തിയാക്കുക
7. പല്ലിനിടയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ‘ഫ്‌ളോസ്’ ഉപയോഗിച്ച് നീക്കം ചെയ്യണം
8. ‘മൗത്ത്‌വാഷ്’ ഉപയോഗിക്കുക
9. വായ്‌ക്ക് പുറത്തുള്ള കാരണങ്ങള്‍ ഒന്നും ഇല്ല എന്ന് ഡോക്‌ടറെ കണ്ട് ഉറപ്പുവരുത്തുക
വായ്‌പ്പുണ്ണ്
കൗമാരപ്രായക്കാരില്‍ കണ്ടുവരുന്ന മറ്റൊരു പ്രശ്‌നമാണ് വായ്‌പ്പുണ്ണ് അഥവാ ആപ്‌തസ് അള്‍സര്‍. ഇത് പരീക്ഷാസമയങ്ങളിലും മറ്റും കൗമാരക്കാരെ വളരെയധികം അലട്ടാറുണ്ട്.
കവിളിന്റെ ഉള്ളിലും ചുണ്ടിന്റെ ഉള്ളിലും ഇളംമഞ്ഞനിറത്തിലോ ചുവപ്പുനിറത്തിലോ ഇവ കാണപ്പെടുന്നു. മോണയില്‍ അപൂര്‍വമായേ ഇവ കാണാറുള്ളൂ. നീറ്റലും വേദനയും ആണ് പ്രധാന ലക്ഷണം.
രോഗത്തിന് അമിത ടെന്‍ഷന്‍, ചില ഭക്ഷണപദാര്‍ഥങ്ങള്‍, മാസമുറ, വൈറ്റമിന്റെ കുറവ്, ഉദരസംബന്ധമായ ചില അസുഖങ്ങള്‍ തുടങ്ങിയവ വായ്‌പ്പുണ്ണിന് കാരണമാണ്. ഇതു കൂടാതെ ടൂത്ത്‌പേസ്‌റ്റ് മാറ്റി ഉപയോഗിക്കുമ്പോഴും സമാനമായ പ്രശ്‌നം കണ്ടുവരുന്നു.
പുകവലി നിര്‍ത്തുന്നവരിലും വായ്‌പ്പുണ്ണ് ഉണ്ടാകാറുണ്ട്. ഇതിന് പ്രത്യേകം ചികിത്സയുടെ ആവശ്യമില്ല. 7-10 ദിവസത്തിനകം തന്നെ മറ്റ് കാരണങ്ങളില്ലെങ്കില്‍ ഇവ അപ്രത്യക്ഷമാകും. മുറിവില്‍ പുരട്ടാനുള്ള മരുന്നുകള്‍ ലഭ്യമാണ്.
ഈ മരുന്നുകള്‍ അണുബാധ തടയുകയും വേദന കുറയ്‌ക്കുകയും ചെയ്യും. ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ട് വായില്‍ ഇടയ്‌ക്ക് കൊള്ളുന്നതും നല്ലതാണ്. വായ്‌പ്പുണ്ണുള്ളപ്പോള്‍ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നതും നല്ലതാണ്.
മോണയില്‍ നിന്ന് രക്‌തം വരിക
ബ്രഷ് ചെയ്യുമ്പോള്‍ മോണയില്‍നിന്ന് രക്‌തസ്രാവമുണ്ടാകുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. ആരോഗ്യമുള്ള മോണയില്‍നിന്ന് ബ്രഷ് ചെയ്യുമ്പോള്‍ രക്‌തസ്രാവം ഉണ്ടാകില്ല.
പലരുടെയും മിഥ്യാധാരണ ബ്രഷിംഗിന്റെ അമിതോപയോഗം കാരണമാണ് രക്‌തസ്രാവം ഉണ്ടാകുന്നതെന്നാണ്. അതിനാല്‍ അവര്‍ ആ ഭാഗം ബ്രഷ് ചെയ്യുന്നത് കുറയ്‌ക്കും. എന്നാല്‍ ആ ഭാഗത്ത് ബ്രഷിംഗ് ശരിയായി നടക്കാതെ മോണരോഗം വര്‍ധിക്കുന്നു.
മോണയില്‍നിന്ന് രക്‌തസ്രാവം ഉണ്ടായാല്‍ ഉടന്‍ ദന്തഡോക്‌ടറെ കാണുകയും ആവശ്യമായ ചികിത്സകള്‍ ചെയ്യുകയും വേണം. ചിലപ്പോള്‍ മോണശസ്‌ത്രക്രിയയും ആവശ്യമായേക്കാം.
മോണരോഗം
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ദന്ത രോഗം മോണ രോഗ(പെരിയോ ഡോണ്ടല്‍ ഡിസീസാണെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 25 നുമേല്‍ പ്രായമുളള മിക്ക ആളുകള്‍ക്കും ഈ രോഗമുണ്ട് പല്ല് അകാലത്തില്‍ കൊഴിഞ്ഞ് പോകുന്നതിനുളള മുഖ്യകാരണവും ഇതുതന്നെ. കുട്ടികളിലും ഈ രോഗം വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഗുരുതരമായ മോണവീക്കവും മോണപഴുപ്പും ചികിത്സിക്കാതെ വച്ചാല്‍ ഹൃദയം, പാന്‍ക്രിയാസ് അടങ്ങിയ ആന്തരാവയവങ്ങളേയും അസ്ഥിയേയും പ്രതികൂലമായി ബാധിക്കും.
കാരണങ്ങള്‍
മോണവീക്കത്തിന് പലതരം കാരണങ്ങള്‍ ഉണ്ടെങ്കിലും വായ് വൃത്തിയാക്കുന്നതില്‍ കാണിക്കുന്ന അവഗണനയാണ് പ്രധാന കാരണം. പല്ലിന്റെ കഴുത്തില്‍ അവശേഷിക്കുന്ന ഭക്ഷണ ശകലങ്ങളും ബാക്ടീരിങ്ങളും, ഉമിനീരിലെ ലവണങ്ങളും ചേര്‍ന്ന് കാല്‍ക്കുലസ് എന്ന നിക്ഷേപത്തിന് രൂപം നല്‍കുന്നു. മോണവീക്കം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സാവധാനം വ്യാപകമാവുകയും പല്ലിനെ എല്ലിനോടുറപ്പിച്ചിരിക്കുന്ന പെരിയോ ഡോണ്ടല്‍ ലിഗമെന്‍റിനെയും ക്രമേണ അസ്ഥിയേയും ബാധിക്കും. മോണ വീക്കം ഉണ്ടായാല്‍ മോണകള്‍ ചുവന്ന് തുടുക്കുകയും മൃദുലമാവുകയും ചെയ്യുന്നു. വായനാറ്റവും ബ്രഷ് ചെയ്യുമ്പോള്‍ മോണയില്‍ നിന്ന് രക്തസ്രാവവും ഉണ്ടാകും. കുട്ടികളില്‍ കണ്ടുവരുന്ന ചിലതരം മോണപഴുപ്പ് പല്ലിന് ചുറ്റുമുളള അസ്ഥിയെ വളരെ പെട്ടെന്ന് നശിപ്പിക്കുകയും ചിലപ്പോള്‍ രോഗിയറിയാതെ തന്നെ പല്ലിനെ ഇളക്കിക്കളയുകയും ചെയ്യും.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
നേരത്തെയുളള രോഗ നിര്‍ണ്ണയം ഫലവത്തായ ചികിത്സിക്ക് അത്യാവശ്യമാണല്ലോ. കുട്ടികളിലെ ദന്തരോഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കാതെ കൃത്യസമയത്ത് തന്നെ ചികിത്സിച്ചു മാറ്റേണ്ടത് ശരീരത്തിന്റെ മൊത്തമായ ആരോഗ്യത്തിന് ആവശ്യമാണ്. ഒരു കാര്യം മനസ്സിലാക്കുക. നിങ്ങളുടെ കുട്ടികള്‍ക്ക് ഒന്നില്‍ കൂടുതല്‍ പല്ലുകള്‍ക്ക് ഇടക്കിടെ പഴുപ്പുവരികയും, ഇളക്കം കാണുകയുമാണെങ്കില്‍ അത് മറ്റ് അസുഖങ്ങളുടെ ലക്ഷണങ്ങളുമാകാം. രക്താര്‍ബുദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുടെ ആദ്യ ലക്ഷണങ്ങളാവാനും സാധ്യതയുണ്ടെന്നോര്‍ക്കുക. ദന്തരോഗങ്ങളെ അവഗണിക്കരുതെന്ന് ചുരുക്കം.
മോണരോഗം പകരാം
മോണരോഗം ഉമിനീരിലൂടെ വേറൊരാളിലേക്ക് പകരാം. അതിനാല്‍ മോണ രോഗമുളളവര്‍ കുഞ്ഞിനെ ഉമ്മവെയ്ക്കുന്നതിലൂടെ കുഞ്ഞിന് മോണരോഗം പകരാനുളള സാധ്യത തളളിക്കളയാനാവില്ല. കുടുംബത്തില്‍ ഒരാള്‍ക്ക് മോണ രോഗമുണ്ടെങ്കില്‍ എല്ലാ അംഗങ്ങളും പരിശോധന നടത്തുന്നത് നന്ന്.
ക്രമം തെറ്റിയ പല്ലുകള്‍
ക്രമംതെറ്റിയ പല്ലുകള്‍ കാരണം മുഖത്തിന്റെ ഭംഗി കുറയ്ക്കുക മാത്രമല്ല താടിയുടെ പൊതുവെയുളള പ്രവര്‍ത്തനത്തെ ബാധിക്കുകയും മറ്റ് ദന്തരോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇതിനാല്‍ നല്ലൊ രു ഡോക്ടറെ കണ്ട് ചെറുപ്രായത്തില്‍ തന്നെ ശരിയായ ചികിത്സ നട ത്തേണ്ടത് അത്യാവശ്യമാണ്. ആറു വയസ്സിനും 12 വയസ്സിനും ഇടയ്ക്ക് പല്ലുകളുടെ ക്രമക്കേട്് പരിശോധിക്കണം. വളര്‍ച്ചയ്ക്ക് വഴിക്കാട്ടാനും ക്രമം തെറ്റിയ പല്ലുകള്‍ നേരെയാക്കാനും ഇതാണ് ശരിയായ പ്രായം.
പല്ലുകള്‍ ക്രമം തെറ്റുന്നതിന് പലകാരണങ്ങളുണ്ട്. ജനിതകമായ കാരണങ്ങള്‍ കൂടാതെ തെറ്റായ രീതിയില്‍ ആഹാരം കഴിക്കുന്നത്, ശിശു ദന്തങ്ങള്‍ ദ്രവിച്ചതും പ്രശ്‌നം അവഗണിച്ചതും മൂലം ചവയ്ക്കുന്ന രീതിയില്‍ മാറ്റം വന്നത്, കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പല്ലു എടുത്ത് കളയേണ്ടി വരുന്നത് ഇതൊക്കെ ചൂണ്ടിക്കാണിക്കുന്ന ചില കാരണങ്ങളാണ്. കുട്ടികളിലെ ചില തെറ്റായ ശീലങ്ങളും വൈകല്യം രൂക്ഷമാവുന്നതിനെ സാഹായിക്കാറുണ്ട്. വായിലൂടെയുളള ശ്വസനം, വിരല്‍ കുടിക്കുക, മുഖത്തിന് താഴെ കൈകള്‍ വച്ച് ഉറങ്ങുക എന്നിവയാണിവ. കുട്ടികളുടെ ദന്ത വിദഗ്ധരെ കാണിച്ചാല്‍ ഇത്തരം തെറ്റായ ശീലങ്ങള്‍ വളരെ ലഘുവായ ചികിത്സയിലൂടെ തടയാവുന്നതേയുളളൂ. ചെറുപ്പത്തില്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ അത് താടിയെല്ലിന്റെ ക്രമം തെറ്റിയുളള വളര്‍ച്ചയ്ക്കിടയാക്കാം. ഭാവിയില്‍ ചിലപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി പോലും അനിവാര്യമായി വന്നേക്കും.