നീരൊഴുക്ക് കൂടിയെങ്കിലും ഡാമുകള്‍ തുറക്കേണ്ടതില്ല: കെഎസ്ഇബി

തിരുവനന്തപുരം: വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് വർദ്ധിച്ചെങ്കിലും ഇടുക്കിയിലെ കുണ്ടള ഒഴികെയുള്ള പ്രധാന ഡാമുകളെല്ലാം തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അറിയിച്ചു. കുണ്ടള ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. സംഭരണ ശേഷിയുടെ 94 ശതമാനവും നിറഞ്ഞ ശേഷമാണ് കുണ്ടള ഡാം തുറക്കുന്നത്.

മറ്റ് ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിലെ നീരൊഴുക്ക് നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇടുക്കിയിൽ കനത്ത മഴ പെയ്തിട്ടും ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിലെ ജലനിരപ്പ് 723.08 മീറ്ററിലെത്തിയെങ്കിലും സംഭരണ ശേഷിയുടെ 66 ശതമാനം മാത്രമാണ് വെള്ളമുള്ളത്. അതിനാൽ വരും ദിവസങ്ങളിൽ ഡാം തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ.