കടുവ ചത്ത സംഭവത്തിൽ മുസ്‌ലിം വയോധികനെതിരെ കേസ്

വയനാട്: വയനാട് പാടിപറമ്പിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമയും മുസ്ലിമുമായ വയോധികനെതിരെ കേസെടുത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നു. പാർക്കിൻസൺസ് രോഗിയായ പള്ളിയാലിൽ 76 വയസുള്ള മുഹമ്മദിനെതിരെയാണ് കേസെടുത്തത്. മുഹമ്മദ് ഒമ്പത് വർഷമായി രോഗിയാണ്. സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വ്യക്തിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത് എന്നതിലാണ് പ്രതിഷേധം ശക്തമാകുന്നത്.

എന്നാൽ മൂന്ന് വർഷമായി താൻ തന്റെ സ്ഥലത്തേക്ക് പോകാറില്ലെന്ന് മുഹമ്മദ് പറഞ്ഞു.ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഭരണകക്ഷി നേതാക്കളായ സി.പി.എം, സി.പി.ഐ ജില്ലാ സെക്രട്ടറിമാരും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാമും വനംവകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കേസെടുത്തത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമാണ് വനംവകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള മറുപട.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. ഒരു കുരുക്കിൽ കുടുങ്ങിയാണ് കടുവ ചത്തത്. ഈ സംഭവത്തിന്റെ പേരിലാണ് മുഹമ്മദിനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.