കേരള സംസ്ഥാനത്തിന്റെ ബഹു. പ്രതിപക്ഷ നേതാവ്, ശ്രീ. വി.ഡി.സതീശൻ അവർകളോട്..

Kerala State Hon. Leader of Opposition, Mr. V. D. Satheesan told them..

കേരള സംസ്ഥാനത്തിന്റെ ബഹു. പ്രതിപക്ഷ നേതാവ്, ശ്രീ. വി.ഡി.സതീശൻ അവർകളോട്..
സർ,
യാക്കോബായക്രുടെ ആരാധനാലയങ്ങൾ കയ്യേറി ഇടവകക്കാരായ ബഹുഭൂരിപക്ഷം വരുന്ന വിശ്വാസിസമൂഹത്തിനു കാലങ്ങളായി തുടർന്നുപോരുന്ന അവരുടെ വിശ്വാസരീതികൾക്ക് അനുസരിച്ചുള്ള ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് നിർദാക്ഷിണ്യം തെരുവിലേക്ക് അടിച്ചിറക്കുന്ന കാട്ടാള നീതി കഴിഞ്ഞ ആറ് വർഷമായി കേരളത്തിൽ അരങ്ങേറുന്നത് അങ്ങേക്ക് അറിവുള്ളതാണെന്ന് കരുതട്ടെ.

മുളന്തുരുത്തിയിലെ പുണ്യപുരാതനമായ മാർത്തോമ്മൻ പള്ളിയിൽ, ആ പള്ളി കയ്യേറിയ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിൻ്റെ ക്ഷണപ്രകാരം വരുന്ന ഞായറാഴ്ച്ച, 26/03/2023ൽ അങ്ങ് പങ്കെടുക്കുമെന്ന് അറിയാനിടയായി.

പ്രസ്‌തുത യോഗത്തിൽ കടന്നു ചെല്ലുന്ന അങ്ങ് അവരെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. മറ്റൊരു സഭയുടെ യോഗത്തിൽ സംബന്ധിച്ചപ്പോൾ, യേശു ക്രിസ്തുവിനെയും അവിടുത്തെ ദർശനങ്ങളെയും കുറിച്ചൊക്കെ ആധികാരികമായി പറയുന്നത് കേട്ടു. അവരൊന്നും ആരുടെയെങ്കിലും പള്ളി കയ്യേറുകയോ, അവിടുള്ള സാധനങ്ങൾ കേടുപാട് വരുത്തുകയോ, മറ്റു നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ,
ശവസംസ്‌കാരം തടയുകയോ ചെയ്‌തിട്ടില്ല.

എന്നാൽ, അങ്ങ് പങ്കെടുക്കുന്ന ഈ പരിപാടിയുടെ സംഘാടകർ ഇതെല്ലാം തങ്ങളുടെ കുലത്തൊഴിൽ പോലെ കരുതി ചെയ്‌തു പോരുന്നവരാണ്. ഇത്രയും നീചകൃത്യങ്ങൾ ചെയ്യുന്നവരുടെ അടുക്കൽ എന്തായാലും സുവിശേഷം വിലപ്പോവില്ലെന്നു അറിയാമല്ലോ. അപ്പോൾ പിന്നെ, അവരോടു പറയാൻ അങ്ങ് ഉദ്ദേശിക്കുന്നത് എന്താവും !! നിങ്ങളോടൊപ്പം ഞാനുണ്ട് എന്നാണോ ?

മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന്റെ പള്ളി പിടുത്തമെന്ന പൈശാചിക പ്രക്രിയക്കുള്ള പരോക്ഷ പിന്തുണയായിട്ടാണ് ഈ ചടങ്ങിലെ അങ്ങയുടെ പങ്കാളിത്തത്തെ കേരളത്തിലെ പൊതുസമൂഹം വിലയിരുത്തുന്നത് എന്നറിയുക. ഏത് പരിപാടിക്കും വിളിച്ചാൽ രാഷ്ട്രീയ നേതാക്കൾ പോയെന്നിരിക്കും. അതുകൊണ്ട് ഇക്കാര്യത്തിൽ അങ്ങയെ വിമർശിക്കാനൊന്നും ഞാൻ മുതിരുന്നില്ല. പക്ഷെ, ഭൂരിപക്ഷത്തെ തെരുവിൽ ഇറക്കിവിട്ടിട്ട് പിടിച്ചെടുത്ത ആ പള്ളിയിൽ തന്നെ പോകണമോ ? അതാണ് ചോദ്യം ?

90 %ൽ അധികം വരുന്ന അവിടത്തെ ഇടവക ജനം പള്ളിക്ക് പുറത്ത് വേദനയിലും വിഷമത്തിലും നിൽക്കുകയാണ്. സ്വന്തം മാതാപിതാക്കളുടെ കല്ലറകൾ പോലും ഇന്ന് അവർക്ക് അന്യമാണ്. മാത്രമല്ല, ഇടവക പള്ളിയിൽ നിന്നും പുറത്താക്കപ്പെട്ട ആ കരാള രാത്രിയിൽ അവിടെ മുഴങ്ങിക്കേട്ട സഭാപിതാക്കന്മാരുടെ രോദനം / അവർ അനുഭവിച്ച കൊടിയ മർദ്ദനം, കൊറോണാ കാലത്തു വെള്ള കോട്ടു ഇട്ടെത്തിയ പോലീസ് അധികാരികൾ സഭാപിതാക്കന്മാരുടെ കാലിൽ പിടിച്ചു തൂക്കി കൊണ്ട് പോയ കാഴ്ച്ച, ഇതൊന്നും സത്യവിശ്വാസികളായ ഇടവകക്കാർക്ക് മറക്കാവുന്നതല്ല.

ഏറെ എഴുതാനുണ്ട്. എന്തായാലും, എല്ലാം വോട്ടിനു വേണ്ടി ആണല്ലോ. രാഷ്ട്രീയപാർട്ടികൾ വോട്ടുകൾ പെട്ടിയിൽ ആക്കട്ടെ. എങ്കിലും, പിടിച്ചെടുത്ത പള്ളിയിൽ ആ പള്ളിയിലെ ഇടവക ജനം മുഴുവൻ പള്ളിയിൽ നിന്നും അടിച്ചിറക്കപ്പെട്ട മണ്ണിൽ, സെമിത്തേരി പോലും അടച്ചു പൂട്ടപ്പെടുന്ന അവസ്ഥയിൽ ആയിരിക്കുമ്പോൾ അവരുടെ വേദനയൊപ്പുക എന്നതായിരുന്നു അങ്ങയുടെ പ്രഥമ പരിഗണന ആവേണ്ടിയിരുന്നത്.

സാർ, ഞങ്ങളുടെ പൂർവ പിതാക്കന്മാർ കല്ലും മണ്ണും ചുവന്നു ചോര നീരാക്കി പണിത പള്ളിയാണ് അതെന്നു എല്ലാവർക്കും അറിയാം. കോടതി വിധിയുടെ മറവിൽ, പോലീസ് അധികാരികളുടെ സാന്നിധ്യത്തിലാണ് അവ പിടിച്ചെടുത്തതെന്നും, ഞങ്ങളുടെ ചോര വീഴ്ത്തി തന്നെയാണ് അവിടുന്ന് ഞങ്ങളെ അടിച്ചിറക്കിവിട്ടത് എന്നും, അങ്ങേക്ക് അറിയാം. അനീതിപൂർവ്വം കൈവശപ്പെടുത്തിയ ആ മണ്ണിൽ അവകാശിയല്ലാത്തവർ നടത്തുന്ന ആഘോഷത്തിലാണ് പങ്കെടുക്കുന്നത് എന്ന ഓർമ്മ അങ്ങേക്ക് ഉണ്ടായിരിക്കണം.

പൂർവ്വ പിതാക്കന്മാർ കണ്ണീരും വിയർപ്പും ഒഴുക്കി പണിതുയർത്തിയ ആരാധനാലയങ്ങൾ, അതു അന്യമായി പോയ ഒരു സഭാവിഭാഗത്തിന്റെ പ്രതിഷേധങ്ങളും രോദനങ്ങളും കണ്ടില്ലെന്നു നടിച്ചു, കയ്യേറ്റക്കാരന്റെ സദസ്സിൽ ചെന്നു നിന്ന് ഇനിയും ഉണങ്ങാത്ത ഞങ്ങളുടെ മുറിവിടങ്ങളിലേക്ക് പൂഴി വാരി എറിയരുതെന്നു അഭ്യർത്ഥിക്കുന്നു. സാത്താന്റെ പിടിയിലായ ആ മണ്ണിൽ ചെന്നു നിന്ന് അവനോട് വേദമോതുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങൾ അങ്ങേക്ക് വെളിച്ചമായിരിക്കട്ടെ, ആദരവോടെ..