കേരളത്തിലെ ആദ്യ സൗരോർജ കോൾഡ് സ്റ്റോറേജ് ആനയറയിൽ

തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ അനെർട്ട് സ്ഥാപിച്ച സൗരോർജ കോൾഡ് സ്റ്റോറേജ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. കാർഷികോൽപ്പന്നങ്ങൾ കേടു കൂടാതെ സംരക്ഷിച്ച്, കർഷകർക്ക് ഗുണകരമായ രീതിയിൽ കോൾഡ് സ്റ്റോറേജ് ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. തിരുവനന്തപുരം നഗരത്തെ പൂർണമായും സൗരോർജ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അനെർട്ട് നടപ്പിലാക്കുന്ന സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായാണ് സോളാർ കോൾഡ് സ്റ്റോറേജ് സ്ഥാപിച്ചത്.സീസൺ സമയത്തുണ്ടാകുന്ന പച്ചക്കറികൾ ശേഖരിച്ച് സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജിലൂടെ സാധിക്കും. ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം പമ്പുകൾ സോളാറിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. കാർഷികോൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നത് നിലവിൽ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ഇതിനുള്ള ശാസ്ത്രീയ പരിഹാരമാണ് സൗരോർജ ശീതികരണ സംഭരണിയെന്നും മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വേളൂരി സ്വാഗതം ആശംസിച്ചു. വേൾഡ് മാർക്കറ്റ് എക്‌സിക്യുട്ടീവ് അംഗം എൻ അജിത് കുമാർ, സെക്രട്ടറി റോസ് ലിൻഡ് ആർ എസ് , വാർഡ് കൗൺസിലർ വി ജി കുമാരൻ, എന്നിവർ സംബന്ധിച്ചു.