കൊടുങ്കാറ്റുയര്‍ത്തിയ എ.ഐ ക്യാമറ വിവാദത്തില്‍ കരാര്‍ രേഖകളടക്കം വിവരങ്ങള്‍ ചോര്‍ത്തിയത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എംമുഹമ്മദ് ഹനീഷ്.മുഖ്യമന്ത്രിക്ക് രഹസ്യവിവരം കിട്ടി.

തിരുവനന്തപുരം:  വിവാദ കൊടുങ്കാറ്റുയര്‍ത്തിയ എ.ഐ ക്യാമറ വിവാദത്തില്‍ കരാര്‍ രേഖകളടക്കം വിവരങ്ങള്‍ ചോര്‍ത്തിയത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷാണെന്ന് മുഖ്യമന്ത്രിക്ക് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റിയത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ മുന്‍ എം.പിയുമായ എം.ഐ.ഷാനവാസിന്റെ മരുമകനാണ് ഹനീഷ്. ഏത് സര്‍ക്കാര്‍ ഭരിച്ചാലും തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഹനീഷ് ഉണ്ടാകാറുണ്ട്. എന്നാല്‍ ക്യാമറാ ഇടപാടിലെ രേഖകള്‍ രമേശ് ചെന്നിത്തലയ്ക്ക് ഹനീഷ് ചോര്‍ത്തിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.ഇതോടെ ഹനീഷിനെ 24 മണിക്കൂറിനിടെ 2 വട്ടം സ്ഥലംമാറ്റി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയും സര്‍ക്കാരും അവിശ്വസിക്കുകയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്നതില്‍ ഐ.എ.എസ് അസോസിയേഷനും അതൃപ്തിയുണ്ട്.

ക്യാമറാ ഇടപാടിനെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണത്തിന് നിയോഗിക്കപ്പെട്ട എ.പി.എം. മുഹമ്മദ് ഹനീഷിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്ബ് രണ്ടുവട്ടം സ്ഥാനചലനമുണ്ടായതിന്റെ കാരണം ഇതാണ്. ആദ്യം റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഹനീഷിനെ 24 മണിക്കൂറിനകം അവിടെ നിന്ന് തട്ടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കി. ഞായറാഴ്ച റവന്യുവകുപ്പില്‍ നിയോഗിക്കപ്പെട്ട ഹനീഷിനെ തിങ്കളാഴ്ച പുതുക്കിയിറക്കിയ ഉത്തരവിലാണ് ആരോഗ്യവകുപ്പിലേക്ക് മാറ്റിയത്.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ പകരം റവന്യു, ദുരന്തനിവാരണ, ഹൗസിംഗ് വകുപ്പുകളിലേക്ക് നിയമിച്ചു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമൊപ്പം അടുത്ത മാസം ക്യൂബയിലേക്ക് പോകാനിരുന്ന സംഘത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ടിങ്കു ബിസ്വാളിന്റെ പേരുമുള്‍പ്പെടുത്തിയിരിക്കെയാണ് സ്ഥാനചലനം.ക്യാമറയിടപാടില്‍ പ്രതിപക്ഷമുയര്‍ത്തിയ അഴിമതിയാരോപണങ്ങളെ തുടര്‍ന്നാണ് കെല്‍ട്രോണുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ഹനീഷിനെ വ്യവസായവകുപ്പ് ചുമതലപ്പെടുത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കിയ ഹനീഷ് രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേ ചുമതലയില്‍ നിന്ന് വിടുതല്‍ ചെയ്യൂ. ഹനീഷ് വഹിച്ചിരുന്ന ചുമതലകള്‍ മറ്റൊരു വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുമന്‍ ബില്ലയ്ക്ക് നല്‍കി. കെല്‍ട്രോണിനെ കുറ്റപ്പെടുത്തിയും ഇടപാടുകളെ വെള്ലപൂശിയുമായിരിക്കും ഹനീഷിന്റെ റിപ്പോര്‍ട്ടെന്ന് ഏറെക്കുറേ ഉറപ്പാണ്. ഹനീഷിനെ ഒപ്പമിരുത്തിയാണ് സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പി. രാജീവ് ക്യാമറാ ഇടപാടിനെ ന്യായീകരിച്ചത്. ഇനി അത്തരമൊരു നിലപാടല്ലാതെ ഹനീഷിന് സ്വീകരിക്കാനാവില്ല.

മൂന്നു വര്‍ഷത്തിലേറെയായി റവന്യു വകുപ്പില്‍ അഡിഷണല്‍ ചീഫ്സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലകിനെ നികുതി, എക്സൈസ് വകുപ്പുകളുടെ അഡിഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ജയതിലകിനു പകരം റവന്യുവിലേക്ക് ടിങ്കു ബിസ്വാളിനെ വേണമെന്ന് വകുപ്പുമന്ത്രി കെ. രാജന്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, തന്നോടാലോചിക്കാതെ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരുദ്യോഗസ്ഥനെ നിയമിച്ചതില്‍ റവന്യു മന്ത്രി മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചതോടെയാണ് 24 മണിക്കൂറിന്റെ ഇടവേളയില്‍ രണ്ട് ഉത്തരവുകളിറക്കേണ്ടി വന്നത്. ഇതോടെ ഹനീഷിന് റവന്യൂ വകുപ്പിലെ കസേരയും നഷ്ടമായി.