നടപ്പാത കയ്യേറി പാർക്കിംഗ്; കാൽനടയാത്രക്കാർ ദുരിതത്തിൽ

ആറ്റിങ്ങല്‍: നടപ്പാത കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ആറ്റിങ്ങലിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുയാണ്. ദേശീയപാത 66 കടന്നുപോകുന്ന ആൾത്തിരക്കേറിയ പ്രധാന ജംഗ്ഷനാണ് ആറ്റിങ്ങൽ. ഇവിടെ നടപ്പാത കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം കാല്‍നട യാത്രക്കാര്‍ റോഡില്‍ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. സ്വകാര്യ വാഹനങ്ങള്‍ നടപ്പാത കയ്യടക്കുന്നത് ആറ്റിങ്ങല്‍ ദേശീയപാതയോരത്തെ പതിവ് കാഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

എന്നാൽ ഈ പ്രവണതക്കെതിരെ കാല്‍നടയാത്രക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടും അതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.  അതുപോലെതന്നെ പലയിടത്തും നടപ്പാത കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നടപ്പാത ഒരു നേര്‍ത്ത വരമ്പ് പോലെയാണ് കാണപ്പെടുന്നത്. നടപ്പാതയിൽ നിന്നും മാറി കാല്‍നടയാത്രക്കാര്‍ റോഡിലിറങ്ങി സഞ്ചരിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകണമെന്ന നാട്ടുകാരുടെആവശ്യവും ശക്തമാകുകയാണ്.