അധ്യാപികയുടെ കാര്‍ കത്തിച്ച സംഭവത്തിലും വിദ്യയ്ക്ക് പങ്കെന്ന് ;കെ എസ്‌ യു

കണ്ണൂര്‍: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കെ.എസ്.യു. പയ്യന്നൂര്‍ കോളേജിലെ അധ്യാപികയുടെ കാര്‍ കത്തിച്ചത്തില്‍ വിദ്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് അധ്യാപികയുമായി വിദ്യ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രതികാരമെന്ന നിലയിലാണ് വീട്ടില്‍ പാര്‍ക്ക് ചെയ്ത കാര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കത്തിച്ചത്. അന്വേഷണം പോലീസ് അട്ടിമറിച്ചെന്നും പയ്യന്നൂര്‍ കോളേജില്‍ സഹപാഠിയായിരുന്ന ഷമ്മാസ് ആരോപിച്ചു.
‘പയ്യന്നൂര്‍ കോളേജില്‍ എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായിരുന്നു വിദ്യ. ഇന്റേണല്‍മാര്‍ക്ക് കുറച്ചു എന്നതിന്റെ പേരില്‍ വിദ്യ അധ്യാപികയുമായി തര്‍ക്കിച്ചിരുന്നു. വലിയ കോലാഹലങ്ങളും ബഹളങ്ങളുമുണ്ടായി. അധ്യാപികയുടെ കാറില്‍ ആദ്യം കല്ലെടുത്തിടുകയും പിന്നീട് കാറിന് തീവെക്കുകയും വീടിനുള്‍പ്പെടെ തീപ്പിടിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. അന്ന് മറ്റ് അധ്യാപകര്‍ക്കുള്‍പ്പെടെ വലിയ ഭീഷണിയുണ്ടായിരുന്നു. എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി നേതാക്കളടക്കം പ്രതിക്കൂട്ടിലാവുന്ന സംഭവം ഉണ്ടായിരുന്നു’, മുഹമ്മദ് ഷമ്മാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
2016 ലാണ് സംഭവം. വിദ്യയ്ക്ക് പത്തില്‍ എട്ടുമാര്‍ക്കായിരുന്നു ഇന്റേണലായി നല്‍കിയത്. മുഴുവന്‍മാര്‍ക്കും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ അധ്യാപികയുമായി തര്‍ക്കിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധവുമായി എസ്.എഫ്.ഐ. രംഗത്തെത്തി. അതേവര്‍ഷം മേയ് 26-നാണ് അധ്യാപികയുടെ പയ്യന്നൂരിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചത്. മറ്റൊരു അധ്യാപകന്റെ കാറും സമാനമായി തീവെച്ച് നശിപ്പിച്ചിരുന്നു.
പോലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായില്ലെന്ന് കെ.എസ്.യു. ആരോപിക്കുന്നു. കേസ് അട്ടിമറിച്ചുവെന്നാണ് ആരോപണം.