കാറിടിച്ച് എഐ ക്യാമറയുടെ തൂൺ തകർന്ന സംഭവം; വാഹന ഉടമയെ തേടി പോലീസ്

പാലക്കാട്: വടക്കഞ്ചേരി ആയക്കാട്ടെ എഐ ക്യാമറ ഇടിച്ച് തകർത്ത സംഭവത്തിൽ വാഹന ഉടമയെ തേടി പോലീസ്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ ലഭിച്ച പേര് കേന്ദ്രീകരിച്ച് അന്വേഷണം. വാഹനം ശ്രദ്ധയിൽ പെടുന്നവർ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് വടക്കഞ്ചേരിയിലെ ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ വാഹനം ഇടിച്ച് തകർന്നത്. ഇടിച്ച വാഹനം നിർത്താതെ പോയെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്. ഇടിച്ച വാഹനത്തിന്റെ ഗ്ലാസ്സിലെ അവശിഷ്ടങ്ങൾ ചേർത്തുവച്ചപ്പോൾ കിട്ടിയ പേര് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. വാഹനത്തിൽ സിദ്ധാർഥ് എന്നാണ് എഴുതിയത്. ഈ വാഹനത്തേക്കുറിച്ച് അറിയാവുന്നവർ വിവരം അറിയിക്കണമെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു. മനപ്പൂർവ്വം ക്യാമറ നശിപ്പിക്കാൻ വാഹനം ഇടിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.