കാട്ടാക്കട കോളജിലെ ആള്‍മാറാട്ടം: പ്രിന്‍സിപ്പല്‍ ഷൈജുവിന് ജാമ്യമില്ല.

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിന് മൂന്‍കൂര്‍ ജാമ്യമില്ല. ഷൈജുവിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ പ്രതിയായതോടെ പ്രിന്‍സിപ്പല്‍ ഷൈജുവിനെ സസ്പെന്റു ചെയ്തിരുന്നു. എസ്‌എഫ്‌ഐ നേതാവ് വിശാഖിനു വേണ്ടിയാണ് കോളജില്‍ ആള്‍മാറാട്ടം നടന്നത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി വിജയിച്ച പെണ്‍കുട്ടിയെ രാജിവയ്പ്പിക്കുകയും ആ ഒഴിവിലേക്ക് വിശാഖിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേരള സര്‍വകലാശാലയിലേക്ക് അയച്ചിരുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞ വിശാഖിനെ ആള്‍മാറാട്ടത്തിലൂടെ തിരുകിക്കയറ്റുകയായിരുന്നു. റിപ്പോര്‍ട്ട് നല്‍കിയത് പിഴവാണെന്നും ഉടന്‍ തന്നെ തെറ്റുതിരുത്തിയതിനാല്‍ കേസിന് അടിസ്ഥാനമില്ലെന്നുമായിരുന്നു മുന്‍ പ്രിന്‍സിപ്പലിന്റെ വാദം. ആള്‍മാറാട്ടം പുറത്തുവന്നതോടെയാണ് ജി.ജെ.ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. പ്രോസിക്യൂഷനു വേണ്ടി കെ.എല്‍.ഹരീഷ്കുമാറാണ് ഹാജരായത്.