എ.ഐ ക്യാമറ വിവാദം; പ്രതിപക്ഷത്തിൻ്റെ നിലപാടും ചോദ്യംചെയ്യപ്പെടണം.

തിരുവനന്തപുരം :   സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ ക്യാമറകള്‍ പ്രവർത്തനം ആരംഭിച്ചിട്ട് ഇപ്പോൾ മാസം രണ്ട് ആകുന്നു. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗം, യാത്രയ്ക്കിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, വാഹനങ്ങളുടെ വേഗത മുതലായ കാര്യങ്ങളാണ് എ ഐ ക്യാമറ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് ട്രാഫിക് നിയമലംഘനങ്ങള്‍ക്കായി ഈടാക്കുന്നത്. ഹെല്‍മെറ്റില്ലാതെ ഇരുചക്ര യാത്ര ചെയ്താല്‍ പിഴ 500. ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ പിഴ1000, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 2000, സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്താല്‍ പിഴ 500 , അമിത വേഗതയില്‍ വാഹനം ഓടിച്ചാല്‍ പിഴ 1500, അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ 250, ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായ ഓവര്‍ ടേക്കിങ്ങ് 2000 മിറര്‍ ഇല്ലെങ്കില്‍ പിഴ 250, റെഡ് ലൈറ്റ് തെറ്റിച്ചാല്‍ കോടതിയ്ക്ക് കൈമാറും ഇങ്ങനെ പോകുന്നു ഇതുമായി ബന്ധപ്പെട്ട് പോകുന്ന നിയമങ്ങൾ.
ക്യാമറ പ്രവർത്തിച്ചു തുടങ്ങി ആദ്യ ദിനം തന്നെ ഉച്ചവരെ പിഴ തുകയായി സർക്കാർ ഖജനാവിലേയ്ക്ക് കിട്ടിയത് 2 കോടി രൂപയാണ്. ഏതാണ്ട് 40000 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എ.ഐ ക്യാമറയെ കുറ്റം പറയുന്നില്ല. പക്ഷേ, അത് ഇവിടെ ഇന്ന് ആവശ്യമായിരുന്നോ എന്നാണ് ചിന്തിക്കേണ്ടത്. കോവിഡിന് ശേഷം കൊടിയ ദുരിതത്തിൽ അകപ്പെട്ട് കഴിയുന്ന സാധാരണ ജനത്തിനു മേൽ സർക്കാരിനു വരുമാനം ഉണ്ടാക്കാൻ ഒരു കനത്ത പ്രഹരമല്ലെ ഇത് ഏൽപ്പിക്കുന്നത്. അതും ആരുടെ കൈയിലും കാശില്ല….കാശിനായി നെട്ടോട്ടം ഓടുന്ന ഈ സാഹചര്യത്തിൽ.
ആദ്യം നമ്മുടെ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചിട്ടുവേണ്ടെ ഇതു പോലെയുള്ള പിഴ ഈടാക്കൽ എന്നാണ് പൊതുജനം ചോദിക്കുന്നത്. റോഡ് നിയമം വേണം പക്ഷെ, അതിനനുസരിച്ചു റോഡ് ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ആക്കാനും ഭരണാധികാരികൾ ശ്രദ്ധിക്കണം. ജനങ്ങളുടെ സുരക്ഷ ഓർത്താണ് എ. ഐ ക്യാമറ സർക്കാർ ചെയ്യുന്നതെങ്കിൽ ആദ്യം റോഡ് നവീകരിക്കുയാണ് വേണ്ടത്. ട്രാഫിക് സിഗ്നൽസ് നന്നാക്കണം, പാലങ്ങൾ നന്നാക്കണം അങ്ങനെ എന്തൊക്കെ കിടക്കുന്നു . പിന്നെ എല്ലായിടത്തും സ്പീഡ് ബോർഡ് സ്ഥാപിക്കണം. അല്ലാതെ സ്പീഡ് ലിമിറ്റ് എങ്ങനെ അറിയും. റോഡിലെ കുണ്ടും കുഴിയും പിന്നെ മുന്നറിയിപ്പ് അടയാളങ്ങൾ, ഇതിലൂടെ സംഭവിക്കുന്ന അപകടങ്ങൾക്ക് ഒക്കെ ആര് ഉത്തരം പറയും. വിദേശത്തെ വികസനം ഇവിടെയും വേണം എന്നു പറയുന്നവർ വിദേശത്തെ വികസനം ഒന്ന് കണ്ണു തുറന്നു കണ്ടാൽ നന്നായിരുന്നു. ഗൾഫ് നാടുകൾ കാണുക. എന്തു സുന്ദരമായ റോഡുകളാണ് അവിടെ ഉള്ളത്. ക്യാമറകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ വെച്ചിട്ടുമുണ്ട്. ഒപ്പം അയൽ സംസ്ഥാനമായ തമിഴ്നാട് എടുത്തു നോക്കു. അവിടെയും എത്ര സുന്ദരമായ റോഡുകളാണുള്ളത്. ജനങ്ങളുടെ ജീവന് വില കൽപ്പിക്കാൻ ആണ് നിയമം നടപ്പിലാക്കാൻ നോക്കുന്നത് എങ്കിൽ ആദ്യം റോഡിലെ കുഴികൾ അടക്കട്ടെ. റോഡിൽ സ്ട്രീറ്റ് ലെയിറ്റുകൾ സ്ഥാപിക്കട്ടെ. രാത്രി യാത്രകളിലെ അപകടങ്ങളിലെ മെയിൻ വില്ലൻ എതിരെ വരുന്ന വണ്ടിയുടെ ബ്രൈറ്റ് ഹെഡ് ലൈറ്റ് ആണ് എന്ന കാര്യം മറക്കേണ്ട. കടബാധ്യതയിൽ അകപ്പെട്ട സംസ്ഥാന സർക്കാരിന് വരുമാനത്തിന് ഇപ്പോൾ ഒരു മാർഗം കൂടി ആയി ഇത്. മദ്യം, ലോട്ടറി, ഇനി വാഹന നിയമങ്ങൾ കൂടി. ജനങ്ങൾക്ക് ജീവിക്കാൻ വേണ്ട അല്ലങ്കിൽ തൊഴിലെടുക്കാൻ ആവശ്യമായ ഒരു നിയമ നിർമ്മാണവും നടത്താതെ ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ ജനങ്ങളെ തന്നെ കൊള്ളയടിച്ച് കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ധൂർത്തും ആയി ജനങ്ങളെ വഞ്ചിക്കുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ മാറരുത്. നികുതി അടക്കുന്ന ജനങ്ങൾക്ക് അടിസ്ഥാന പരമായി കൊടുക്കണ്ട സൗകര്യങ്ങൾ കൊടുത്തിട്ട് ആണ് ഇതു പോലെ ഒന്ന് ചെയ്തിരുന്നതെങ്കിൽ അതിനെ സ്വാഗതം ചെയ്യാമായിരുന്നു. ജനങ്ങളുടെ നന്മ. സുരക്ഷ ആണ്. ആണ് ഉദ്ദേശം എങ്കിൽ നിയമം എല്ലാർക്കും ഒരു പോലെ ബാധകം ആക്കുകയും വേണം. ഒരാൾക്കും പ്രത്യേക പരിഗണന പാടില്ല. പാലിനും അരി നിത്യോപയോഗ സാധനങ്ങൾക്കും വിലകൂട്ടി. കറൻ്റ്, വെള്ളം ബിൽ ചാർജ് കൂട്ടി. ഇവിടെ സാധാരണക്കാരൻ ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ അതിനിടയിൽ മറ്റൊരു പിഴയും കൂടി. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഏത് സർക്കാർ വന്നാലും ജനങ്ങളിൽ നിന്നും പൈസ എങ്ങനെ പിഴിയാം എന്ന നോക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ ആത്മാർത്ഥതയും ചോദ്യ ചെയ്യപ്പെടേണ്ടത് ആണ്. ഇവിടെ പ്രതിപക്ഷവുംപൊതുജനത്തോടു കൊടുംചതിയാണ്ചെയ്യുന്നത്. അവർ ഇവിടെ A.I. ക്യാമറ സ്ഥാപിച്ചനടപടിയേയൊ പിഴ ഈടാക്കുന്ന നടപടിയേയൊ അല്ല ചോദ്യം ചെയ്യുന്നതും എതിർക്കുന്നതും . ഈ വിഷയത്തിൽ ശക്തമായ സമരപരിപാടികൾ ഒന്നും തന്നെ പ്രതിപക്ഷം നടത്തുന്നില്ല എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രതിപക്ഷത്തിൻ്റെ ആകെയുള്ള ബഹളം Ai ക്യാമറ കരാറിലെ അഴിമതിയെകുറിച്ച്മാത്രമാണ്. നികുതി വർദ്ധനയുടെ പേരിലുള്ള പ്രതിപക്ഷത്തിന്റെ സമരവുംനമ്മൾകണ്ടതല്ലെ. ആ സമരംഎന്തായി. ഈ ഭരണംമാറിയാൽ അടുത്ത ഭരണം കൈയാളുന്നവർക്കും കൈയിട്ടുവാരുവാനും,മന്ത്രിമാർക്കും മറ്റും സുഖിക്കുവാനും അടിച്ചു പൊളിച്ചു ചീറിപായുവാനും പൊതുജനത്തെ
പിഴിഞ്ഞു ഉണ്ടാക്കുന്ന പിഴപണം വേണം എന്ന് തന്നെയാണ് ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. ഈ ഭരണം മാറിയാൽ,ആരാണോവരുന്നത് അവരുംഇതിന്റെ ഗുണഭക്താക്കൾ തന്നെയാണെന്നതാണ് വാസ്തവം. ഇവരെയൊക്കെ വിശ്വസിക്കുന്ന വോട്ടർമാരായ നമ്മൾ വിഡ്ഢികൾ.