വീണ്ടും കർഷകൻ്റെ ആത്മഹത്യ ശ്രമം

 

 

 

വയനാട് : വയനാട് പുൽപ്പള്ളി മൂന്ന് പാലത്തെ വീടിനോട് ചേര്‍ന്ന് കോഴിഫാം നടത്തുന്നതിനെതിരേ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ രണ്ടാം തവണയും വീടിനോട് ചേർന്ന തെങ്ങിന്‍ മുകളില്‍ കയറി ഭീഷണി മുഴക്കി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ മൂന്നുപാലത്ത് ചന്ദ്രന്‍പുരക്കല്‍ മോഹനനാണ് തെങ്ങിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് തെങ്ങിൻ മുകളിൽ കയറി മോഹനൻ പ്രതിഷേധിച്ചത്. ഈ മാസം അഞ്ചാം തീയ്യതി തെങ്ങിൻ മുകളിൽ കയറി കഴുത്തില്‍ കയറിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് പുൽപ്പള്ളി പോലീസിൻ്റെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുകയായിരുന്നു. പുൽപ്പള്ളി പോലീസും റവന്യു അധികൃതരുടെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിനെ തുടർന്നാണ് മോഹനൻ സമരമവസാനിപ്പിച്ചത്. നിരവധി തവണ അധികൃതർ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് മോഹൻ്റെ കുടുംബംഗങ്ങൾ പറഞ്ഞു.

വായ്പയെടുത്ത് കോഴിഫാം നടത്തുന്ന തങ്ങളെ അപകീർത്തിപ്പെടുത്താനാണ് ചന്ദ്രൻ പുരയ്ക്കൽ മോഹനൻ ശ്രമിക്കുന്നതെന്ന് പരാതിയുമായി പെരുമ്പിൽ ലിജി രംഗത്ത്. ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ വായ്പയെടുത്ത് വീടിനോട് ചേർന്ന് കോഴിഫാം നടത്തുന്ന തങ്ങളുടെ ഫാം അനാവശ്യമായി അടപ്പിക്കാനാണ് മോഹനൻ ശ്രമിക്കുന്നതെന്നും, എല്ലാ വിധ ലൈസൻസുകളോട് കുടി പ്രവർത്തിക്കുന്ന കോഴിഫാമിനെതിരെ മോഹനൻ നടത്തുന്നത് നുണപ്രചരണമാണെന്നും ഇവർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിത്യ ചിലവിന് പണം കണ്ടെത്തുന്നതിനായി ആരംഭിച്ച കോഴിഫാമിനെതിരെ അനാവശ്യ പ്രചരണങ്ങൾ നടത്തി തങ്ങളെ അപമാനിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും നല്ല വൃത്തിയോടെ ദുർഗന്ധം വമിക്കാത്ത തരത്തിൽ അധികൃതർ നൽകിയ എല്ലാ വിധ മാനദണ്ഡങ്ങളോടെ പ്രവർത്തിക്കുന്ന ഫാമിൻ്റെ ലൈസൻസ് റദ്ദ് ചെയ്താൽ ആത്മഹത്യയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് ലിജി പെരിക്കല്ലൂരിൽ ഇന്ന് പറഞ്ഞു