ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടിയയാള്‍ പിടിയില്‍

കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച്‌ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. വവ്വാക്കാവ് പുതുമംഗലത്ത് വീട്ടില്‍ ഷാജുവാണ് (29) കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. തഴവ കടത്തൂര്‍ കാഞ്ഞിരപ്പള്ളി ജങ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് പ്രതിയും കൂട്ടാളികളും മുക്കുപണ്ടം പണയപ്പെടുത്തിയത് .

ഈ മാസം ഏഴിന് സ്ഥാപനത്തിലെത്തിയ പ്രതികള്‍ 32 ഗ്രാമോളം തൂക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 127000 രൂപ കൈപ്പറ്റി കടന്നുകളയുകയായിരുന്നു. സംശയം തോന്നിയ സ്ഥാപനയുടമ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പണയപ്പെടുത്തിയ ഉരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്.

തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ മൂന്നാം പ്രതി സിയാദ് (39) അടുത്ത ദിവസം പിടിയിലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ടാം പ്രതിയായ ഷാജു പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.