തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും ബോണസും ലഭിക്കാത്തതില്‍; തൊഴിലാളികളുടെ പ്രതിഷേധം

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും ബോണസും ലഭിക്കാത്തതില്‍ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം.

ആറ് മാസം മുന്‍പ് ചെയ്ത 25 ദിവസത്തെ ജോലിയുടെ വേതനയും 1000 രൂപ ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച്‌ 12 തൊഴിലാളികളാണ് മേയറെ തടഞ്ഞത്. രാവിലെ മുതല്‍ കോര്‍പറേഷനില്‍ മേയറുടെ ഓഫീസിനു മുന്നില്‍ ഇവര്‍ ഉപരോധിക്കുകയാണ്.

ഓണത്തിനു മുന്‍പ് ലഭിക്കേണ്ട വേതനവും ബോണസും ട്രഷറി നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് തടഞ്ഞുവച്ചിരുന്നു. എന്നാല്‍ ഓണം കഴിഞ്ഞിട്ടും വേതനത്തിന് സമീപിച്ചപ്പോള്‍ കൗണ്‍സിലില്‍ പറഞ്ഞിട്ടുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. ഒരു കോടി രൂപ അനുവദിച്ചുവെന്നും പറയുന്നു. എന്നാല്‍ പണം എവിടേക്ക് പോയി എന്ന് അറിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

പ്രതിഷേധിച്ച തങ്ങളെ ചില കൗണ്‍സിലര്‍മാര്‍ പരിഹസിച്ചതായും തൊഴിലാളികള്‍ ആരോപിച്ചു. വേതനം എന്ന് നല്‍കുമെന്ന് മേയര്‍ ഉറപ്പുനല്‍കാതെ പിരിഞ്ഞുപോകില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പരാതി പറയാന്‍ ചെന്ന തങ്ങളോട് ‘നിങ്ങള്‍ ഇവിടെ ആളാവാന്‍ വന്നതാണോ’ എന്നാണ് മേയര്‍ ചോദിച്ചത്. തമുറിയിലേക്ക് കയറിപ്പോയ മേയര്‍ പിന്നീട് എവിടേക്ക് പോയി എന്നും തൊഴിലാളികള്‍ ചോദിക്കുന്നു.

ഫണ്ട് വരുന്ന മുറയ്ക്ക് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചൂ. രണ്ടാം ഡിവിഷനിലെ തൊഴിലാളികള്‍ക്ക് മാത്രം എന്തുകൊണ്ട് വേതനവും ബോണസും വൈകുന്നുവെന്നത് പരിശോധിക്കുമെന്നും അടുത്ത തവണ ഫണ്ട് അനുവദിക്കുമ്ബോള്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കൗണ്‍സിലര്‍മാര്‍ അറിയിച്ചു.

രണ്ടാം ഡിവിഷനിലെ 47 തൊഴിലാളികള്‍ക്ക് വേതനവും ബോണസും ലഭിക്കാനുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. 100 ദിവസം ജോലി ചെയ്ത എല്ലാവര്‍ക്കും ഓണത്തിന് ബോണസ് നല്‍കിയപ്പോള്‍ തങ്ങളെ മാത്രം തഴഞ്ഞു. ഓണം കഴിഞ്ഞ് 28 ദിവസം പിന്നിട്ടിട്ടും തങ്ങള്‍ക്ക് മാത്രം വേതനം ലഭിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

പ്രതിഷേധം ശക്തമായതോടെ തൊഴിലാളികളെ അറസ്റ്റു ചെയ്തുമാറ്റാന്‍ പോലീസ് സ്ഥലത്തെത്തി. തൊഴിലാളികളെ മേയറുടെ ഓഫീസിന്റെ മുന്നില്‍ നിന്ന് പോലീസ് ബലമായി പിടിച്ചുമാറ്റി. കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിന്ന് തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. മേയര്‍ തീരുമാനം പറഞ്ഞാല്‍ മാത്രമേ ഇവിടെ നിന്ന് പോകൂവെന്ന് തൊഴിലാളികള്‍ പറയുന്നു.