സുരേന്ദ്രൻ ആളൊരു വേന്ദ്രനാണ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹാത്ഭുതം

രാജ്യം ഭരിക്കുന്ന ബിജെപി എന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാണ് കെ സുരേന്ദ്രൻ ‘ അദ്ദേഹം ഇപ്പോൾ ഒരു യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. കേരള പദയാത്ര എന്നാണ് സുരേന്ദ്രന്റെ യാത്രയുടെ പേര് കഴിഞ്ഞമാസം 27 ന് കാസർകോട് നിന്ന് ആരംഭിച്ച കേരള പദയാത്ര ഈ മാസം 27ന് പാലക്കാട് സമാപിക്കും. കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യാത്ര വലിയ പുതിയ കാര്യമല്ല. സത്യത്തിൽ ഓരോരുത്തരുടെ യാത്ര കൊണ്ട് ജനങ്ങളുടെ യാത്ര മുടങ്ങിയ സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഏതായാലും ബിജെപി പ്രസിഡൻറ് പദയാത്ര നടത്തി കോഴിക്കോട് എത്തിയപ്പോൾ ഇന്ത്യ മഹാരാജ്യം മൊത്തത്തിൽ ഒന്ന് കുലുങ്ങി. അവിടെ അത്തരത്തിൽ ഒരു മഹാ അത്ഭുതം നടന്നു. കേരളത്തിലെ ബിജെപിയുടെ തലതൊട്ടപ്പനായ കെ സുരേന്ദ്രൻ പട്ടികജാതി പട്ടികവർഗ്ഗ നേതാക്കൾക്കൊപ്പം അവിടെ ഉച്ചഭക്ഷണം കഴിച്ചു അത്രേ ‘ ഇത് നിസ്സാര കാരണം ഒന്നുമല്ല വലിയ എന്തോ ചരിത്രപരമായ സംഭവം എന്ന നിലയിൽ പാർട്ടി പ്രവർത്തകർ ഈ സംഭവം പ്രചരിപ്പിച്ചത് യഥാർത്ഥത്തിൽ കെ സുരേന്ദ്രന് തന്നെ തിരിച്ചടിയായി മാറുകയാണ് ഉണ്ടായത്

നൂറ്റാണ്ട് മുൻപ് ശ്രീനാരായണ ഗുരുവിൻറെ സഹപ്രവർത്തകനായിരുന്ന സഹോദരൻ അയ്യപ്പൻ ആണ് കേരളത്തിൽ ആദ്യമായി പന്തിഭോജനം നടത്തി അയിത്ത ജാതിക്കാരെ ഒപ്പം ഇരുത്തി ഭക്ഷണം കഴിച്ച് സവർണ്ണ പ്രമാണിമാരെ വെല്ലുവിളിച്ചത്. ഇതൊക്കെ കഴിഞ്ഞ് കാലം കുറെ പോവുകയും നദികൾ പലതവണ നിറയുകയും പറ്റുകയും വെയിലും മഴയും മാറിമാറി വരികയും ജനങ്ങളിൽ ഒരുപാട് മാറ്റം ഉണ്ടാവുകയും ചെയ്ത വിവരം ഇപ്പോഴും ബിജെപി പ്രമാണിമാർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. കെ സുരേന്ദ്രൻ എന്ന ബിജെപി പ്രസിഡൻറ് പിന്നോക്ക വിഭാഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു എന്നത് അവർക്ക് പുതിയ അനുഭവം ആകാം: ഇപ്പോഴും ആർഎസ്എസ്സിന്റെയും സവർണ്ണ ഹിന്ദു മേധാവിത്വത്തിന്റെയും വേലിക്കെട്ടുകൾക്കുള്ളിൽ മാത്രം ഒതുങ്ങി കഴിയുന്ന ബിജെപി നേതാക്കൾക്ക് ഇപ്പോൾ ശൂദ്ര സഹോദരന്മാരെ ക്ഷണിച്ചിരുത്തി ഒപ്പം ഊണ് കഴിക്കണം എന്ന് തോന്നിയത് പെട്ടെന്നുണ്ടായ ഉൾവിളി കൊണ്ടല്ല. ചണ്ഡാലരും ശൂദ്രരും തൊട്ടാലും കണ്ടാലും അയിത്തം ഉള്ളവരും ഒക്കെയായി തരംതാഴ്ത്തിയിട്ട ജനത്തിനും വോട്ടവകാശം ഉണ്ട്. സവർണ്ണന്റെ വോട്ടിന് വില കൂടുതലും അവർണ്ണന്റെ വോട്ടിന് വില കുറവും എന്ന രീതി ജനാധിപത്യത്തിൽ ഇല്ല.

ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ വന്നു നിൽക്കുകയാണ്. ആരുടെ കാലു പിടിച്ചാലും നാലു വോട്ട് കൂടുതൽ കിട്ടണം എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യമാണ്. അഞ്ചുവർഷം കൂടുമ്പോൾ സകലമാന ആൾക്കാരുടെയും തിണ്ണ നിരങ്ങാൻ നേതാക്കൾ ഓടിക്കൂടുന്നത് വോട്ടിന്റെ വില അറിയാവുന്നത് കൊണ്ടാണ് ‘ ഇപ്പോൾ സുരേന്ദ്രനും ഹരിജനപ്രേമം കാണിക്കുന്നതിൽ മറ്റു കഥയൊന്നുമില്ല

പുതിയ കേരളം നരേന്ദ്രമോദി ക്കൊപ്പം – ഇതാണ് സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയുടെ മുദ്രാവാക്യം ‘ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കയറി ഇറങ്ങിയാണ് പദയാത്ര പോകുന്നത്. യാത്ര കടന്നുപോകുന്ന ഓരോ മണ്ഡലത്തിലും ഏറ്റവും കുറഞ്ഞത് ആയിരം ആൾക്കാർ വീതം മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് എത്തും എന്നൊക്കെ സുരേന്ദ്രനും പറഞ്ഞിരുന്നതാണ്. ഈ വരവ് ഒന്നും ഒരിടത്തും കണ്ടില്ല

കഴിഞ്ഞ ദിവസമാണ് കെ സുരേന്ദ്രന്റെ പദയാത്ര കോഴിക്കോട് നടന്നത്. പദയാത്രയുടെ വിശദവിവരങ്ങൾ അടങ്ങിയ പ്രോഗ്രാമിൽ ആണ് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം നേതാക്കൾക്ക് ഒപ്പം സുരേന്ദ്രൻ ഭക്ഷണം കഴിക്കാൻ ഒരുങ്ങുന്നു എന്ന മഹാ സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയപാർട്ടികൾ നടത്തുന്ന പദയാത്രകളിൽ സാധാരണഗതിയിൽ ജാതിയും മതവും മാറ്റിവെച്ച് പൊതുപരിപാടികളും പൊതു വിഷയങ്ങളും ആണ് ഉൾപ്പെടുത്താറുള്ളത്. സുരേന്ദ്രന്റെ യാത്രയിലെ കാര്യപരിപാടി വളരെ രസകരമാണ്
രാവിലെ 7.30 ക്ഷേത്രദർശനം
8.30 ബലിദാനികൾക്ക് പുഷ്പാർച്ചന

9.30 പ്രഭാതഭക്ഷണം
10 സന്ദർശനം
10.30 കൂടിക്കാഴ്ച
11.00 മാർത്തോ സമ്മേളനം
12.00 സ്നേഹ സംഗമം
1.00 ഉച്ചഭക്ഷണം
ഇവിടെയാണ് ഉച്ചഭക്ഷണം പട്ടികജാതി പട്ടികവർഗ്ഗ നേതാക്കൾക്ക് ഒപ്പം എന്ന് ചേർത്തിരിക്കുന്നത്
കാര്യപരിപാടി വായിച്ചു കഴിയുമ്പോൾ സാധാരണ ബുദ്ധിയുള്ള ഒരാൾ ആലോചിക്കുന്നത് ഇത്രയും പരിപാടി കഴിഞ്ഞാൽ ഏതുസമയത്താണ് സുരേന്ദ്രന്റെ പദയാത്ര നടക്കുക എന്ന കാര്യമാണ്. പദയാത്രയുടെ കാര്യം മാത്രം കാര്യപരിപാടിയിൽ പറഞ്ഞിട്ടില്ല. അല്ലെങ്കിൽ തന്നെ പദയാത്ര അല്ലല്ലോ പ്രധാനം വേറെ ചില കാര്യങ്ങളിൽ ആണല്ലോ

കേരളത്തിൽ ബിജെപി എന്ന പാർട്ടിയെ അതിശക്തമായി വളർത്തിയെടുക്കാനും ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് നാല് എംപിമാരെ എങ്കിലും ഡൽഹിയിലേക്ക് അയക്കാനും ദൃഢപ്രതിജ്ഞ എടുത്ത് നീങ്ങുന്ന ആളാണ് കെ സുരേന്ദ്രൻ കെ സുരേന്ദ്രൻ ‘ ഇതിനു മുൻപ് നടന്നിട്ടുള്ള പല തെരഞ്ഞെടുപ്പുകളിലും തെക്ക് വടക്കായി പല മണ്ഡലങ്ങളിലും മത്സരിക്കാൻ ഇറങ്ങിയിട്ടുള്ള ആളാണ് സുരേന്ദ്രൻ ‘ ഇക്കുറി പഴയതെല്ലാം തിരുത്തി ബിജെപി ജയം നേടുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ചു പറയുമ്പോൾ ആ പറയുന്നയാൾ മുൻകൂട്ടി നേതാക്കളെ അറിയിച്ചിരിക്കുന്നത് താൻ മത്സരിക്കുന്നില്ല എന്ന കാര്യമാണ്. ഈ തീരുമാനത്തിന്റെ പൊരുൾ എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എല്ലായിടത്തും ആൾക്കാർ നിന്ന് തോറ്റു മടങ്ങട്ടെ ഞാനായിട്ട് ഇനിയും തോൽവി ഏറ്റുവാങ്ങി നാണക്കേട് ആവർത്തിക്കണമോ എന്ന ചിന്ത ആയിരിക്കണം സുരേന്ദ്രന്റെ മനസ്സിലും ഉള്ളത്

ഇതൊക്കെയാണെങ്കിലും ബിജെപി അനുഭാവികളെയും പ്രസിഡൻറ് സുരേന്ദ്രനെയും കോഴിക്കോട് പദയാത്ര പരിപാടിയുടെ നോട്ടീസിന്റെ പേരിൽ തന്നെ അഭിനന്ദനവും പ്രത്യേക സ്വീകരണവും നൽകേണ്ടതാണ്. സവർണ്ണ ഹിന്ദുവിന്റെ ആസ്ഥാന ഗായകരിൽ മുൻപിൽ നിൽക്കുന്ന സുരേന്ദ്രൻ എല്ലാം മറന്ന് ദളിത ജനനേതാക്കൾക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കുക എന്ന് പറഞ്ഞാൽ അത് ഒരു നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വിപ്ലവകരമായ തീരുമാനമാണ്. ഈ തീരുമാനത്തിന്റെ പ്രതിധ്വനി കേരളം കേരളം മുഴുവൻ മുഴങ്ങിയാൽ ആ ഒരൊറ്റ മുഴക്കം മാത്രം മതി കേരളത്തിലെ 20 പാർലമെൻറ് സീറ്റിലും ബിജെപി സ്ഥാനാർഥികൾ വിജയം കൊയ്യുക തന്നെ ചെയ്യും