ഡൽഹിയിൽ നിന്നും കന്യാകുമാരിയിൽ പറന്നിറങ്ങി 45 മണിക്കൂർ നീണ്ട മൗന പ്രാർത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് തിരിച്ചുപോയി… ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് ഒടുവിൽ 57 മണ്ഡലങ്ങളിലായി അവസാന വോട്ടെടുപ്പ് നടക്കുന്നതിന് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ മൗനം ഇരിക്കാൻ എത്തിയത്…. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി ഇതേപോലെ കേദാർനാദിലെ ഒരു ഗുഹയിൽ ധ്യാനം ഇരുന്നു
ധ്യാനം ഇരിക്കാനും, പ്രാർത്ഥിക്കാനും, മൗനമായി ഇരിക്കാനും ഒക്കെ മനുഷ്യരായ ആർക്കും അവകാശമുണ്ട്…. നരേന്ദ്രമോദി എന്ന നേതാവിനും ഇതിനൊക്കെയുള്ള അവകാശം ഉണ്ട്…. പക്ഷേ ഇവിടെ പ്രശ്നം അതല്ല… വെറും ഒരു നരേന്ദ്രമോദി എന്ന വ്യക്തി കന്യാകുമാരിയിൽ എത്തി ധ്യാനം ഇരുന്നാൽ അത് ആരും ചോദ്യം ചെയ്യുന്ന വിഷയമല്ല…. നരേന്ദ്രമോദി 135 കോടി ഭാരതീയരിൽ ഒരാൾ മാത്രമല്ല… ഈ രാജ്യത്തെ ഭരിക്കുകയും ജനങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ്….. അതുകൊണ്ടുതന്നെ ആ പദവിയിൽ ഇരിക്കുമ്പോൾ അദ്ദേഹം പാലിക്കേണ്ട ചില കടമകളും നീതിബോധങ്ങളും
ഒക്കെയുണ്ട്
ലോകസഭാ തെരഞ്ഞെടുപ്പിൽ അവസാന വോട്ടെടുപ്പ് നടക്കുന്നതിനു മുൻപാണ് നരേന്ദ്ര മോദി ധ്യാനത്തിനായി എത്തിയത്… ധ്യാനമിരിക്കുന്നതിന് മുൻപ് അദ്ദേഹം പ്രസ്താവിച്ചത് ആരും തൻറെ അടുത്തേക്ക് വരരുത് എന്നും ആരും തന്നെ ശല്യപ്പെടുത്തരുത് ഏകാന്തത അനുവദിക്കണം എന്നൊക്കെയാണ്… കാരണം ആദ്ധ്യാത്മിക പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ ഒരാൾക്ക് ഏകാന്തതയും മൗനവും ഭക്തിപരമായ ജാഗ്രതയ്ക്ക് ആവശ്യമാണ്… എന്നാൽ ഇതെല്ലാം പറഞ്ഞുകൊണ്ട് നരേന്ദ്രമോദി ധ്യാനം തുടങ്ങിയപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ ഈ പറഞ്ഞ കാര്യങ്ങളിൽ നിന്നും മാറിക്കൊണ്ടുള്ളതായിരുന്നു… ആരും തൻറെ ധ്യാന മണ്ഡപത്തിന് അടുത്തേക്ക് വരരുത് എന്ന് നിഷ്കർഷിച്ച ആളിന്റെ ധ്യാനത്തിൽ ഇരിക്കുന്ന പല ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു…. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തിയ നരേന്ദ്രമോദി ചുറ്റിക്കറങ്ങി നടന്നു കാണുന്ന കാഴ്ചകളും വീഡിയോ ആയി പുറത്തുവന്നു… ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഷൂട്ട് ചെയ്ത ചിത്രങ്ങളും വീഡിയോകളും ആണ് ഇത്തരത്തിൽ പുറത്തുവന്നത് എന്നാണ് അറിയുന്നത്… പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർ ആണെങ്കിൽ പോലും ധ്യാനത്തിൽ ഇരിക്കുന്ന ഒരാൾക്ക് ചുറ്റും നടന്ന് അതെല്ലാം ചിത്രീകരിച്ചെങ്കിൽ മാത്രമല്ല ചിത്രീകരിച്ച രംഗങ്ങൾ മാധ്യമങ്ങൾക്ക് അടക്കം പ്രചാരണത്തിന് നൽകി എങ്കിൽ ധ്യാനത്തിൽ നരേന്ദ്രമോദി ലക്ഷ്യം വെച്ചത് മറ്റു ചില കാര്യങ്ങൾ കൂടിയായിരുന്നു എന്ന വ്യക്തമാകുന്നുണ്ട്
പല ഘട്ടങ്ങളിലായി നടന്ന ലോകസഭാ വോട്ടെടുപ്പിൽ അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോൾ ബിജെപി ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പൂർണ്ണമായും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ അല്ല എന്ന പ്രചരണം ശക്തമായിരുന്നു… അതുകൊണ്ടുതന്നെ അവസാനവട്ട വോട്ടെടുപ്പ് നടന്നപ്പോൾ വോട്ടിനെ സ്വാധീനിക്കത്തക്ക വിധത്തിൽ ധ്യാനരംഗങ്ങൾ രാജ്യം ഒട്ടാകെ പ്രചരിപ്പിക്കുന്നതിന് സൗകര്യമൊരുക്കി എന്ന് പറഞ്ഞാൽ തെറ്റില്ല… തൻറെ ഭക്തിയും ഈശ്വര വിശ്വാസവും കഠിനമായ ആധ്യാത്മിക ചിന്തകളും ഇപ്പോഴും തുടരുന്നു എന്ന് ഒരു വിഭാഗം മതവിശ്വാസികളെ ബോധ്യപ്പെടുത്തുകയും അതുവഴി ഭൂരിപക്ഷ മത വിഭാഗത്തിന്റെ വോട്ട് അനുകൂലമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം കന്യാകുമാരി ധ്യാനത്തിൽ ഉണ്ടായിരുന്നു എന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഭവിച്ചിട്ട് കാര്യമില്ല
വിശ്വാസത്തിന്റെയും ആദ്ധ്യാത്മികതയുടെയും മാത്രം പേരിലാണ് കന്യാകുമാരിയിൽ ധ്യാനം ഇരുന്നത് എങ്കിൽ അത് പൂർണ്ണമായും രഹസ്യമായും വ്യക്തിപരമായ കാര്യമായും അവസാനിപ്പിക്കേണ്ടതായിരുന്നു… അതിനുപകരം തന്റെ ധ്യാനം കൂടി തെരഞ്ഞെടുപ്പ് പബ്ലിസിറ്റിക്ക് ആയി മാറ്റി എന്നത് പ്രധാനമന്ത്രിപദത്തിൽ ഇരിക്കുന്ന ഒരാൾക്ക് ചേർന്ന നടപടി ആയില്ല…. യഥാർത്ഥത്തിൽ 45 മണിക്കൂർ നീണ്ട ധ്യാനം രാഷ്ട്രീയ മോഹത്തിന്റെ പ്രതിഫലനം ആയിരുന്നു
നരേന്ദ്രമോദി കന്യാകുമാരിയിൽ ധ്യാനമിരുന്ന സാഹചര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്…. പ്രധാനമന്ത്രി ഭരണനിർവഹണം നടത്തുന്ന ഡൽഹിയിൽ ഒരിക്കലും ഉണ്ടാകാത്ത കടുത്ത ചൂടിൽ നിരവധിപേർ മരിച്ചുവീഴുന്ന വാർത്ത പുറത്തുവന്നുകൊണ്ടിരിക്കുകയാണ്… അപ്പോഴാണ് പ്രധാനമന്ത്രി ധ്യാന വിശ്രമത്തിനായി കന്യാകുമാരിയിൽ എത്തിയത്… ഇനി മറ്റൊരു കാര്യം കൂടി ഉണ്ട്… കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയും ദേവീക്ഷേത്രവും മറ്റും ടൂറിസ്റ്റുകൾ തിങ്ങി എത്തുന്ന സ്ഥലമാണ്… ഇപ്പോൾ വിദ്യാർത്ഥികൾ വേനൽക്കാല അവധി അവസാനിക്കാറായ ഘട്ടത്തിൽ കുടുംബസമേതം കന്യാകുമാരിയിൽ എത്തിക്കൊണ്ടിരിക്കുന്ന സമയമാണ്…. മൂന്ന് ദിവസമായി കന്യാകുമാരിയുടെ മുഴുവൻ പ്രദേശവും പ്രധാനമന്ത്രിയുടെ വരവു കാരണം സുരക്ഷാസേനയുടെ കൈകളിൽ ആണ്…. പുറമേ നിന്ന് ആർക്കും അങ്ങോട്ട് പ്രവേശനം ഉണ്ടായിരുന്നില്ല… നൂറുകണക്കിന് ആൾക്കാരാണ് കന്യാകുമാരിയിൽ എത്തി നിരാശയോടെ മടങ്ങുന്ന അനുഭവം ഉണ്ടായത്… ഇത്തരം കാര്യങ്ങൾ കൂടി മുൻകൂട്ടി കണ്ടു വേണം ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി വ്യക്തിപരമായിട്ടോ പൊതുകാര്യം ആയിട്ടോ സന്ദർശനത്തിന് എത്തേണ്ടത് എന്ന കാര്യവും ഇവിടെ സൗകര്യപൂർവ്വം മറക്കുകയാണ് ചെയ്തിരിക്കുന്നത്