അൻപത് വർഷമായി കൈവശമുള്ള സ്ഥലം 82 കാരന്

ൻപത് വർഷം കൈവശം വച്ചനുഭവിച്ച 10 സെന്റ് സ്ഥലം 82 കാരന് പതിച്ചു നൽകണമെന്ന ആവശ്യം പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിച്ച് 3 ആഴ്ചക്കകം വർക്കല തഹസിൽദാരെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം ലഭിച്ചാലുടൻ പരാതിക്കാരനെ കേട്ടും രേഖകൾ പരിശോധിച്ചും നിയമപ്രകാരമുള്ള ലാന്റ് അസൈൻമെന്റ് നടപടി ക്രമങ്ങൾ 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കമ്മീഷൻ ലാന്റ് അസൈൻമെന്റ് ഡപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകി. വെട്ടൂർ വില്ലേജ് ഓഫീസിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനായ
ടി.കെ. സഹദേവന് പ്രസ്തുത സ്ഥലത്ത് ഒരു കടയുണ്ടായിരുന്നുവെന്നും രേഖകൾ പ്രകാരം സ്ഥലം സർക്കാർ പുറമ്പോക്ക് റോഡാണെന്നും സ്ഥലത്ത് നിന്നും പരാതിക്കാരനെ ഒഴിപ്പിക്കുന്നത് വർക്കല മുൻസിഫ് കോടതി തടഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പതിച്ചു നൽകാൻ ആവശ്യപ്പെടുന്ന സ്ഥലം സർക്കാർ പുറമ്പോക്കായതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ കൂടി അനുമതി ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരൻ തനിക്ക് തർക്കത്തിലുള്ള 10 സെന്റ് മാത്രമാണുള്ളതെന്ന് കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം അനന്തമായി നീട്ടികൊണ്ടുപോകുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.