50 ലക്ഷം രൂപ വരെ വയനാട് ഡിസിസി വാങ്ങിയതായി റിപ്പോര്‍ട്ട്
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയ്ക്ക് ഇടയാക്കിയ കോഴ ഇടപാടിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പലരില്‍ നിന്നായി ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വയനാട് ഡിസിസി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ പണം തിരിച്ചുകൊടുക്കുന്നതിന്റെ ഉത്തരവാദിത്തം ട്രഷറര്‍ക്ക് മേല്‍ വീണതോടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഡിസിസി പണം വാങ്ങിയത്. ആര്‍ക്കും ജോലി നല്‍കിയില്ലെന്ന് മാത്രമല്ല പണം തിരിച്ചുനല്‍കിയതുമില്ല. ചില ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതിന്റെ കരാര്‍ രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബത്തേരി അര്‍ബന്‍ ബാങ്കില്‍ അനധികൃത നിയമനത്തിന് ഡിസിസി പ്രസിഡന്റായിരുന്ന ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ 17 പേരുടെ പട്ടിക നല്‍കിയെന്നാണ് ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി ജോര്‍ജ് വെളിപ്പെടുത്തിയത്. എന്നാല്‍ കോഴ നിയമനത്തിന് വഴങ്ങാത്ത തന്നെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും ഡോ. സണ്ണി പറഞ്ഞു. നിയമനം വാഗ്ദാനംചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയവരുടെ പട്ടികയാണ് നല്‍കിയത്.
2021ലായിരുന്നു കോണ്‍ഗ്രസ് ഭരണത്തിലുള്ള അര്‍ബന്‍ ബാങ്ക് നിയമനത്തിന്റെ പേരിലുള്ള വെട്ടിപ്പ്. നിയമനം വാഗ്ദാനംചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് കോടികള്‍ വാങ്ങി. ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങിയ പണം തിരികെ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. എന്‍ എം വിജയന്‍ ജീവനൊടുക്കുംമുമ്പ് നേതാക്കളോട് പണം ചോദിച്ചു. ലഭിക്കാതായതോടെയാണ് മകന് വിഷം നല്‍കി ജീവനൊടുക്കിയത്. പല നേതാക്കളോടും ഫോണിലും നേരിട്ടും പണം ചോദിച്ചതായി വിജയനുമായി അടുപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. നിയമനത്തിന് പണം നല്‍കിയവര്‍ ജോലി ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ട് നിരന്തരം വിജയനെ സമീപിച്ചിരുന്നു. ബാങ്ക് വായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും ചിലര്‍ക്ക് പണം തിരികെ നല്‍കി. എന്നാല്‍ നേതാക്കള്‍ വാങ്ങിയ പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കടുംകൈ ചെയ്തതെന്ന് ബത്തേരിയിലെ പ്രധാന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണ സംഘം നടപടി തുടങ്ങി. ഇടപാട് നടത്തിയ ബാങ്കുകളില്‍ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. പൊലീസ് വീട്ടില്‍നിന്ന് കണ്ടെത്തിയ ഡയറിയില്‍ ഇടപാടുകളുടെ വിശദാംശങ്ങളുണ്ട്. ഈ അക്കൗണ്ടുകളുടെ നില മനസ്സിലാക്കുന്നതിനാണ് സ്റ്റേറ്റ്മെന്റ് എടുക്കുന്നത്.