പോരാടാൻ തീരുമാനിച്ച ചെന്നിത്തലയും സതീശനും
വിട്ടുകൊടുക്കില്ലെന്ന് രമേശ് ചെന്നിത്തല
കേരളത്തിലെ കോൺഗ്രസിനകത്ത് പല ഗ്രൂപ്പുകളും ആ ഗ്രൂപ്പുകളുടെ നേതാക്കന്മാരും വിലസിയിരുന്ന സ്ഥിതി മാറുന്നു. ആരാണ് മുന്നിൽ എന്ന കാര്യത്തിൽ പിടിവാശിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് ഇറങ്ങിയതോടെയാണ് പാർട്ടിക്കകത്ത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ ഉണ്ടായിരിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ചെന്നിത്തലയെ വെട്ടി വീഴ്ത്തി, സതീശൻ പ്രതിപക്ഷ നേതാവിന്റെ കസേര തട്ടിയെടുത്തത്. അന്നുമുതൽ അടികൊണ്ട പാമ്പിനെപ്പോലെ അവസരം പാർത്തു കഴിയുകയായിരുന്നു ചെന്നിത്തല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ വെറും ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോൾ, ഇനിയും അടങ്ങി ഒതുങ്ങി കഴിഞ്ഞാൽ താൻ ഒന്നും അല്ലാതായിത്തീരുന്ന സാഹചര്യമുണ്ടാകും എന്ന് മുൻകൂട്ടി കണ്ടറിഞ്ഞാണ് സതീശനെ വെട്ടിവിഴ്ത്താൻ അടവുകൾ പയറ്റുന്നതിന് ചെന്നിത്തല തയ്യാറായിരിക്കുന്നത്. ചെന്നിത്തലയെ ഏത് വിധത്തിലും ഒതുക്കി മൂലയിൽ ഇരുത്തണം എന്ന വാശിയുമായി സതീശനും പരക്കം പായുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
മുൻപ്രതിപക്ഷനേതാവും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും പരസ്പരം ഒന്നാമൻ ആകാൻ മത്സരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ കാഴ്ചയായിരുന്നു കഴിഞ്ഞദിവസം കേരളീയർ കണ്ടത്. കാലങ്ങൾക്ക് ശേഷം പെരുന്നയിൽ എൻ എസ് എസ് ആസ്ഥാനത്ത് മന്നം ജയന്തി ഉദ്ഘാടനത്തിന് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. നായർ സമുദായ അംഗങ്ങൾ മാത്രമല്ല മറ്റു സമുദായ അംഗങ്ങൾ കൂടി പങ്കെടുത്ത, ആയിരക്കണക്കിന് ആൾക്കാർ നിറഞ്ഞുനിന്ന സമ്മേളന വേദിയിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ വലിയ സ്വീകരണവും പുകഴ്ത്തി പറയലും നടത്തിക്കൊണ്ടാണ്, ചെന്നിത്തലയെ ഉദ്ഘാടന പ്രസംഗത്തിന് ക്ഷണിച്ചത്. താൻ എൻ എസ് എസിന്റെ പുത്രനാണ് എന്നും മണ്ണിൽ കളിച്ചു വളർന്നാണ് താൻ വലിയതായതെന്നും എൻ എസ് എസ് മായുള്ള ബന്ധം ആര് വിചാരിച്ചാലും തകർക്കാൻ കഴിയില്ല എന്നും പറഞ്ഞു കൊണ്ടാണ് ചെന്നിത്തല പ്രസംഗിച്ചു മുന്നേറിയത്. ഓരോ വാക്കുകളും എൻ എസ് എസ് എന്ന സമുദായ സംഘടന ഒപ്പം കിട്ടുവാൻ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. അതേ സമയം തന്നെ സ്വന്തം സമുദായക്കാരനും ഇപ്പോഴത്തെ മുഖ്യശത്രുവും ആയ പ്രതിപക്ഷ നേതാവ് സതീശന് ഒരു കുത്തുകൊടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ചെന്നിത്തല പെരുന്നയിൽ പ്രസംഗം നടത്തിയത്.
നായർ സമുദായത്തിന്റെ പ്രിയങ്കരനായി മാറുന്ന ചെന്നിത്തലയുടെ കാഴ്ച സതീശനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ചെന്നിത്തലയ്ക്ക് ഒരു പണി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി, പെരുന്നയിൽ ചെന്നിത്തല ഉദ്ഘാടന പ്രസംഗം നടത്തുന്ന അതേസമയം തന്നെ തിരുവനന്തപുരത്ത്, പ്രതിപക്ഷ നേതാവിന്റെ വസതിയിൽ സതീശൻ ഗംഭീര പത്രസമ്മേളനം നടത്തുകയായിരുന്നു. പിണറായി സർക്കാരിനെ വെട്ടിനിരത്തുന്ന വലിയ അഴിമതിയുടെ കഥ പുറത്തുവിട്ടാൽ ചെന്നിത്തലയുടെ എൻ എസ് എസ് പരിപാടി മാധ്യമങ്ങളിൽ പിറകോട്ട് പോകും എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ നേതാവ് സതീശൻ കളി കളിച്ചത്. എന്നാൽ മാധ്യമങ്ങൾ സതീശന് വലിയ പ്രാധാന്യം നൽകാതെ എൻഎസ്എസ് ന്റെ പരിപാടിയും, അവിടെ ചെന്നിത്തല നടത്തിയ പ്രസംഗവും വലിയ പ്രാധാന്യത്തോടെ ലൈവ് പ്രോഗ്രാം ആയി കാണിക്കുകയാണ് ഉണ്ടായത്.
എൻ എസ് എസ്സിന്റെ പരിപാടി മാത്രമല്ല വരുന്ന നാളുകളിൽ എല്ലാ സമുദായങ്ങളിൽപെട്ട സംഘടനകളുമായിട്ടും അതിൻറെ എല്ലാം നേതാക്കളുമായിട്ടും അയഞ്ഞു കിടന്ന ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് ചെന്നിത്തല. അടുത്തയാഴ്ച മുസ്ലിം സമുദായം സംഘടനകളിൽ ചിലതിന്റെ പരിപാടികളിലും ചെന്നിത്തല ഉദ്ഘാടകനായി എത്തുന്നുണ്ട്. ഇതേ അവസരത്തിൽ തന്നെ ക്രിസ്തീയ സഭകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികളിലേക്കും ചെന്നിത്തല എത്തുകയാണ്. ആദ്യഘട്ടം എന്ന നിലയിൽ ഈഴവ സമുദായത്തിന്റെ സംഘടനയായ ശിവഗിരി തീർഥാടന സമിതിയുടെ പരിപാടിയിലാണ് ചെന്നിത്തല സാന്നിധ്യം കൊണ്ട് മുതലെടുപ്പ് നടത്തിയത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രി കസേര തട്ടിയെടുക്കുക എന്നതാണ് ചെന്നിത്തലയുടെയും സതീശന്റെയും ലക്ഷ്യം. ഇതിനുള്ള തന്ത്രപരമായ നീക്കങ്ങളും കരുക്കളും നീക്കുകയാണ് രണ്ടു നേതാക്കളും. എന്നാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഭൂരിഭാഗം ആൾക്കാരും, ചെന്നിത്തലയോട് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവായ ശേഷം പാർലമെൻററി കാര്യങ്ങളിൽ മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃസ്ഥാനം പോലും തട്ടിയെടുക്കുക എന്ന രീതിയിലുള്ള, അധികാരപരമായ പല നിലപാടുകളും സതീശൻ സ്വീകരിച്ചതാണ് മുതിർന്ന നേതാക്കളെ ശത്രുക്കളാക്കി മാറ്റിയത്. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളിലെല്ലാം മുതിർന്ന നേതാക്കളെ അവഗണിച്ചുകൊണ്ട്, സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് സതീശൻ ചെയ്തത്. കെപിസിസി പ്രസിഡണ്ടായ സുധാകരനെ പോലും വെറും നോക്കുകുത്തിയാക്കി മാറ്റുന്ന സ്ഥിതിയും കേരളം കണ്ടതാണ്. ഇതിന്റെയെല്ലാം പേരിൽ സതീശനെതിരെ മുതിർന്ന നേതാക്കളുടെ കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.
ഇതിനിടയിലാണ് സമുദായങ്ങളെ കയ്യിലെടുക്കുക എന്ന ലക്ഷ്യത്തോടെ ചെന്നിത്തല മുന്നോട്ടു നീങ്ങുന്നത്. ഇതോടൊപ്പം തന്നെ ഓരോ വിഷയങ്ങളിലും, കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിനും ചെന്നിത്തല തയ്യാറാകുന്നുണ്ട്. മാത്രവുമല്ല കഴിഞ്ഞ മൂന്നുനാലു വർഷത്തിനിടയിൽ, കേരളത്തിൽ ഐ ഗ്രൂപ്പിനെ സ്വന്തം നേതൃത്വത്തിൽ കൊണ്ടുനടന്നിരുന്ന ചെന്നിത്തലയ്ക്ക് പിന്നീട് വലിയ ക്ഷീണം അനുഭവിക്കേണ്ടിവന്നു. ജില്ലകളിൽ അനുയായികളായി ഉറച്ചുനിന്നിരുന്ന പല നേതാക്കളും ചെന്നിത്തലയെ കൈവിട്ട് സതീശനെയും മറ്റും നേതാവായി അംഗീകരിച്ച സ്ഥിതിയും ഉണ്ടായിരുന്നു. എന്നാൽ സതീശന്റെ ഭാഗത്തുനിന്നും ഉണ്ടായ ഏകപക്ഷീയമായ പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളും പല നേതാക്കളെയും വീണ്ടും ചെന്നിത്തലയുടെ ഒപ്പം നിൽക്കാൻ പ്രേരിപ്പിച്ചു കഴിഞ്ഞു. ഈ അവസരം മുതലെടുത്തുകൊണ്ട് എല്ലാ ജില്ലകളിലും മറ്റു പരിപാടികൾക്ക് വേണ്ടി എത്തുമ്പോൾ, തന്നെ വിട്ടുപോയ ഗ്രൂപ്പ് നേതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള രഹസ്യ യോഗങ്ങളും പ്രവർത്തനങ്ങളും ചെന്നിത്തല നടത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കരുണാകരൻ എന്ന ലീഡർ കൊണ്ടുനടന്നിരുന്ന ഐ ഗ്രൂപ്പിൻറെ ശക്തനായ നേതാവായി ചെന്നിത്തല മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിയും കാണുന്നുണ്ട്.
ചെന്നിത്തലയും സതീശനും തമ്മിലുള്ള പരസ്യമായ പോരാട്ടങ്ങൾ മറ്റു നേതാക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെയും യുഡിഎഫിനെയും നയിക്കേണ്ട കെപിസിസി പ്രസിഡണ്ട് സുധാകരൻ, എല്ലാം കൊണ്ടും ഒരു കഴിവുകെട്ട പ്രസിഡൻറ് എന്ന പേരുദോഷത്തിൽ നിൽക്കുകയാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് അവസരത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുവാൻ രമേശ് ചെന്നിത്തലയെ തന്നെ നിയോഗിക്കുന്ന ഒരു സാഹചര്യം ഉണ്ടാവാൻ സാധ്യതയുണ്ട്. യുഡിഎഫിന്റെ, കോൺഗ്രസ് കഴിഞ്ഞാൽ ഉള്ള മുഖ്യപാർട്ടികളായ മുസ്ലിം ലീഗും ജോസഫ് കേരള കോൺഗ്രസ്, അതുപോലെതന്നെ ആർ എസ് പി യും ചെന്നിത്തല യുമായി കൂടുതൽ അടുപ്പം ഉണ്ടാക്കുകയാണ്. സതീശന് പകരം ചെന്നിത്തലയെ മുന്നിൽ നിർത്തിക്കൊണ്ട് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് കൂടുതൽ ഗുണം ചെയ്യുക എന്ന അഭിപ്രായം, ലീഗ് പ്രസിഡൻറ് സാദിഖ് അലി ശിഹാബ് തങ്ങൾക്കും അതുപോലെതന്നെ കുഞ്ഞാലിക്കുട്ടിക്കും, കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിനും ഉണ്ട് എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ ചെന്നിത്തല – സതീശൻ അങ്കം വെട്ടലിൽ ഒരുപക്ഷേ വലിയ വിജയം നേടി ക്യാപ്റ്റനായി രമേശ് ചെന്നിത്തല മാറുന്ന സ്ഥിതി ഉണ്ടായേക്കാം.