സ്‌കൂൾ കലാ, കായിക ഫോട്ടോ എക്സിബിഷൻ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ള കലാ, കായിക ഫോട്ടോകളുടെ പ്രദർശനം മന്ത്രി വി.ശിവൻകുട്ടി ശനിയാഴ്ച (04/01/25) 12 മണിക്ക് ഉദ്ഘാടനം ചെയ്തു. നവംബറിൽ കൊച്ചിയിൽ നടന്ന കായിക മേളയിൽ നിന്ന് പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളും പത്രങ്ങളുടെ പേജുകളും പ്രദർശനത്തിലുണ്ടാവും. QR കോഡ് സ്കാൻ ചെയ്ത് മികച്ച ചിത്രത്തിനും പേജിനും വോട്ട് ചെയ്യാൻ കാണികൾക്ക് ആവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വോട്ട് നേടുന്ന മൂന്ന് വീതം ഫോട്ടോയ്ക്കും പേജിനും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. അതോടൊപ്പം പോയകാല സ്‌കൂൾ കലോത്സവത്തിലെ അസുലഭ നിമിഷങ്ങളുടെ ഫോട്ടോകളും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. വിദ്യാർത്ഥികളിലെ കലാ, കായിക താല്പര്യം ഉണർത്തുന്നതിനും പത്ര, സ്പോർട്സ് ഫോട്ടോഗ്രാഫർമാർക്ക് പ്രതിഭ മാറ്റുരയ്ക്കാനും ഉപകരിക്കുന്ന ഈ ഫോട്ടോപ്രദർശനം കേരള മീഡിയ അക്കാദമി യുടെയും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് സജ്ജമാക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്കുൾപ്പെടെ പ്രവേശനം സൗജന്യമാണ്.