യുഡിഎഫ് വന്നാലും ഒന്നും സംഭവിക്കില്ല
തല്ലിയ പോലീസ്ഏമാൻ ഡി.ജി.പിയാകും ചരിത്രം ഇതാണ് പറയുന്നത്
പിണറായി സർക്കാരിനെതിരെ സംസ്ഥാനത്ത് ഒട്ടാകെ സമരം നടത്തുന്ന കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും ഓടിനടന്ന് പോലീസിന്റെ തല്ലു കൊള്ളുകയാണ്. ഇതിനിടയിൽ ചില യൂത്ത് നേതാക്കന്മാർ തല്ലും വാങ്ങി പോലീസിന് നേരെ വിരൽ ചൂണ്ടി നിന്നെയൊക്കെ കാണിച്ചു തരാം എന്ന് അട്ടഹസിക്കുന്നുമുണ്ട് . ഏറ്റവും ഒടുവിൽ വടകര എംപി ഷാഫി പറമ്പിലിനെ സമരം നടത്തിയതിന്റെ പേരിൽ വളഞ്ഞിട്ട് തല്ലുന്നത് ജനം കണ്ടു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരും കാണിച്ചു തരാം എന്നൊക്കെ പറയുന്നുണ്ടെങ്കിലും. കേരളത്തിൻറെ മുൻകാല ഭരണചരിത്രം പരിശോധിച്ചാൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും തല്ലിയ ഏമാൻമാർഎല്ലാം കൂടുതൽ കൂടുതൽ ഉയർന്ന പദവിയിലേക്ക് പ്രമോഷനുമായി പോകുന്ന കാഴ്ചകളാണ് നാം കണ്ടിട്ടുള്ളത് . ഇനിയും അതുതന്നെ ആവർത്തിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
കോൺഗ്രസ് പ്രവർത്തകരെ തല്ലിയ പോലീസുകാരെ കൈകാര്യം ചെയ്യുകയും നിലയ്ക്കുനിർത്തുകയും ചെയ്ത ഒരു കോൺഗ്രസ് ഭരണാധികാരി നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. അത് സാക്ഷാൽ ലീഡർ കെ കരുണാകരൻ ആയിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയപ്പോൾ ആഭ്യന്തരവകുപ്പ് അദ്ദേഹമാണ് കൈകാര്യം ചെയ്തത്. ആ കാലഘട്ടത്തിലാണ് ഒരുമാതിരി പ്രമാണിമാരായ പോലീസ് മേധാവികൾ കരുണാകരന്റെ ശ്വാസനകൾക്ക് മുന്നിൽ മുട്ട് കുത്തി നിൽക്കുന്ന അനുഭവം ഉണ്ടായത്. അതിനുശേഷം കേരളത്തിലെ പോലീസുകാർക്ക് ഇതുപോലുള്ള സ്വഭാവം ഉണ്ടാക്കിക്കൊടുത്തത് കരുണാകരനു ശേഷം കോൺഗ്രസിന്റെ പേരിൽ മുഖ്യമന്ത്രി കസേരയിൽ എത്തിയ ശ്രീമാൻ എ കെ ആൻറണി ആയിരുന്നു. അന്ന് ആൻറണി മുഖ്യമന്ത്രിയായപ്പോൾ പോലീസിനെ ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു .. ആ സമയത്താണ് കോൺഗ്രസുകാർക്ക് ആശങ്ക ഉണ്ടാക്കിയ ഒരു തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്, കോൺഗ്രസുകാർ അടക്കമുള്ള രാഷ്ട്രീയക്കാർ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാൽ മതി എന്നും രാഷ്ട്രീയക്കാർ പോലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി ഭരണം നടത്തേണ്ട എന്നുആണ് ആൻറണി തീരുമാനിച്ചത്. ഇതോടുകൂടിയാണ് കോൺഗ്രസുകാരെയെല്ലാം പോലീസുകാർ പുല്ല് വില നൽകുവാൻ തുടങ്ങിയത്.
കേരളത്തിലെ പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ പാർട്ടിക്ക് വേണ്ടി തല്ലുകൊള്ളാൻ തുടങ്ങിയിട്ട്10 കൊല്ലം തികയാൻപോവുകയാണ്. ക്രൂരമായ പോലീസ് മർദ്ദനം ഏറ്റു വാങ്ങി വലിയ പരിക്കുകൾ പറ്റുകയും, ചെയ്ത് ചികിത്സയിൽ ഇപ്പോഴും കഴിയുകയും ചെയ്യുന്ന നിരവധി കോൺഗ്രസ് പ്രവത്തകരുമുണ്ട് . . അവരെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും പല കോൺഗ്രസ് നേതാക്കളും തയ്യാറായിട്ടില്ല എന്ന പരാതി പറയുന്നത് , കോൺഗ്രസുകാർ തന്നെയാണ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണവും കോൺഗ്രസ് ഭരണവും ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് മുഖ്യമന്ത്രിമാർ ആഭ്യന്തരം കൈകാര്യം ചെയ്തപ്പോൾ ഒരിക്കലും കോൺഗ്രസുകാരെ തല്ലിയ ഒരു പോലീസുകാരനെയും നടപടിക്ക് വിധേയനാക്കിയിട്ടില്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മാത്രമാണ് കുറച്ചെങ്കിലും സ്വന്തം പാർട്ടി പ്രവർത്തകർക്ക് ആശ്വാസം ഉള്ള തീരുമാനം എടുത്തത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പോലീസ് ചാർജ് ചെയ്ത് കോടതികളിൽ എത്തിച്ച 500 ല ധികം കേസുകൾ പിൻവലിക്കാൻ ഉമ്മൻചാണ്ടി അന്ന് തീരുമാനമെടുത്തു. അത് ഉമ്മൻചാണ്ടിയുടെ മാത്രം സ്വഭാവഗുണം കൊണ്ട് ഉണ്ടായ തീരുമാനം ആയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരള യാത്ര നടത്തിയപ്പോൾ കരിങ്കോടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പോലീസിന്റെ അടികൊണ്ട് ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. ഇതുപോലെ സർക്കാർ വിരുദ്ധ സമരങ്ങളുടെ പേരിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ആയിരക്കണക്കിന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യാതൊരു പ്രകോപനവും ഇല്ലാതെ കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പോലീസുകാരെ മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോഴും എപ്പോഴും സംരക്ഷിക്കുക തന്നെ ചെയ്യും. മറ്റൊരു കാര്യം കൂടി ഉണ്ട് പോലീസുകാർക്കും കേരളത്തിൽ സംഘടന ഉണ്ട്. ഇതിൽ ഇടതുപക്ഷ അനുഭാവികളായ പോലീസുകാരാണ് ഭൂരിപക്ഷം എന്നതും ശ്രദ്ധേയമാണ്.ഇതാണ് കോൺഗ്രസുകാരുടെ കഴിഞ്ഞകാല അനുഭവങ്ങൾ എന്ന് കോൺഗ്രസുകാർ ഓർമിച്ചാൽ നല്ലത്. യുഡിഎഫ് അധികാരത്തിൽ വരികയും ആഭ്യന്തര വകുപ്പ് ഏതെങ്കിലും കോൺഗ്രസ് നേതാവിന്റെ കയ്യിൽ കിട്ടുകയും ചെയ്താൽ അപ്പോൾ തുടങ്ങും ആഭ്യന്തരമന്ത്രിയുടെ ആദർശ പ്രസംഗവും നിഷ്പക്ഷ ഭരണത്തിന്റെ ആഹ്വാനവും എല്ലാം… അതോടുകൂടി കേസിൽ പെട്ടവരും തല്ലുകൊണ്ടവരുമായ പാവം കോൺഗ്രസ് പ്രവർത്തകർ കിട്ടിയതു മെച്ചം എന്ന രീതിയിൽ എല്ലാം സഹിച്ചുകൊണ്ട് പിന്നെയും മൂവർണ്ണകൊടിയും ചുമന്നു ജാഥക്കിറങ്ങും. ഒപ്പം മതിൽ എഴുതാനും വോട്ട് പിടിക്കാനും ഇറങ്ങുകയും ചെയ്യും ഇതാണ് കഴിഞ്ഞകാല അനുഭവങ്ങൾ.