ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോഴിക്കോട് കാമ്പുറം ബീച്ചിലെ ദാമോദര്‍ നിവാസില്‍ ശ്രീരാഗ് (16) ആണ് മരിച്ചത്. പുത്തൂര്‍ ക്ഷേത്രക്കുളത്തില്‍ ഇന്നലെ രാവിലെയായിരുന്നു അപകടം. പിതൃസഹോദരിയുടെ വീടിന്റെ കുറ്റിയടിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടുദിവസം മുമ്പെത്തിയ ശ്രീരാഗ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോകുകയായിരുന്നു. കരയിലേക്ക് നീന്തുന്നതിനിടെ അവശനായ ശ്രീരാഗിനെ കൂട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒപ്പം നീന്തിയ രണ്ടുപേര്‍ ശ്രീരാഗിനെ എടുത്തുയര്‍ത്തി കരയിലേക്കു കൊണ്ടുവരുന്നതിനിടെ കൈവിട്ടുപോകുകയായിരുന്നു.
വെള്ളത്തിലേക്ക് വീണ ശ്രീരാഗ് ചെളിയില്‍ മുങ്ങി. തലമുടി മാത്രമായിരുന്നു പിന്നീടുള്ള പിടിവള്ളി. തലമുടിയില്‍ പിടിച്ചുവലിച്ചെങ്കിലും രക്ഷയുണ്ടായില്ല. തുടര്‍ന്ന് കൂട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബീച്ചില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന വിദ്യാര്‍ഥിയെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു.