പൂവ് ചോദിച്ചാൽ പൂന്തോട്ടം സമ്മാനിക്കുന്ന ജല അതോറിറ്റി

നിരപരാധിയെ വെള്ളം കുടിപ്പിച്ച് ജല അതോറിറ്റി....

പൂവ് ചോദിച്ചാൽ പൂന്തോട്ടം സമ്മാനിക്കുന്ന സർക്കാർ സ്ഥാപനം…..നിരപരാധിയെ വെള്ളം കുടിപ്പിച്ച് ജല അതോറിറ്റി….ഒരു പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം തന്നെ സമ്മാനമായി കിട്ടി എന്നൊക്കെ പറയാറുള്ളത് പോലെയാണ് നമ്മുടെ കേരളത്തിലെ ജല അതോറിറ്റി എന്ന സർക്കാർ സ്ഥാപനത്തിൻറെ സ്ഥിതി….’ കേരളത്തിലെ ജനങ്ങളെ ഒന്നാകെ വെള്ളം കുടിപ്പിച്ച് ജീവിക്കാൻ അവസരം നൽകുന്ന ഏർപ്പാടാണ് സർക്കാർ വക ജല അതോറിറ്റിയുടെ പണി…’ ജല അതോറിറ്റിയെ മാത്രം പറയേണ്ട… പൊതു ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന മൂന്ന് നാല് കോർപ്പറേഷനുകൾ സർക്കാർ വകയായുണ്ട്.. ട്രാൻസ്പോർട്ട്, കോർപ്പറേഷൻ, ഇലക്ട്രിസിറ്റി ബോർഡ് ഇവയും ജല അതോറിറ്റിയെ പോലെ ജനങ്ങളെ സേവിക്കാൻ കണ്ണിൽ എണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നവരാണ്….വാട്ടർ അതോറിറ്റി വക കണക്ഷൻ എടുത്ത് വീട്ടിൽ വെള്ളം ഉപയോഗിച്ച ഒരു സാധാരണക്കാരൻ കഴിഞ്ഞദിവസം ബില്ല് വന്നതിലൂടെ അതോറിറ്റിയുടെ കുരുക്കിൽ കുടുങ്ങുന്ന സ്ഥിതി വന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ തൈക്കാട്ടുശ്ശേരി ഡിവിഷനിലെ പള്ളിപ്പുറം എന്ന സ്ഥലത്ത് താമസിക്കുന്ന ജയകൃഷ്ണൻ എന്ന ആളിന് വാട്ടർ അതോറിറ്റി ഒരു ബില്ല് സമ്മാനിച്ചു… ബില്ല് കണ്ടതോടെ ജയകൃഷ്ണൻ ബോധം കെട്ട് വീഴുന്ന സ്ഥിതിയിലെത്തി… ബില്ലിലെ തുക 27079 രൂപയാണ്… രണ്ടുമാസത്തെ ജല ഉപഭോഗത്തിന്റെ ബില്ലാണ് കൊടുത്തത്… ഇത്തരത്തിൽ ഒരു ബില്ല് വരാൻ ഒരു സാധ്യതയും ഇല്ല എന്ന് തിരിച്ചറിഞ്ഞിരുന്ന ജയകൃഷ്ണൻ ബില്ലിന്റെ കാരണമെന്തെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു … ഒടുവിൽ വാട്ടർഅതോറിറ്റി ഓഫീസുകൾ കയറിയിറങ്ങിയപ്പോൾ അവർ തന്നെ കാരണം കണ്ടുപിടിച്ചു… 1836 രൂപയാണ് ജയകൃഷ്ണന്റെ യഥാർത്ഥ ബില്ല്… തെറ്റായി ബില്ല് നൽകിയതാണെന്ന സ്ഥിതി അധികൃതർ അംഗീകരിക്കുകയും ചെയ്തു…ഈ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ബിൽ തുക അടക്കേണ്ടതിന്റെ അവസാന തീയതിയെത്തി… വലിയ തുകയായതുകൊണ്ട് ബില്ല് അവസാന തീയതിക്കു മുമ്പ് അടച്ചുതീർത്തില്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യും എന്ന കാര്യം ജയകൃഷ്ണൻ തിരിച്ചറിഞ്ഞു..എങ്ങനെയും തുക സംഘടിപ്പിച്ച്‌ ബില്ല് അടച്ചില്ലെങ്കിൽ ഡിസ്കണക്ഷൻ ഉണ്ടാവുകയും, വെള്ളം കുടി മുട്ടുകയും ചെയ്യും എന്നുറപ്പായപ്പോൾ ജയകൃഷ്ണൻ ബില്ല് തുക അടച്ചു….എവിടെയാണ് വാട്ടർ അതോറിറ്റിയുടെ കണക്ഷൻ എടുത്ത ജയകൃഷ്ണൻ എന്ന ഉപഭോക്താവിന്റെ ഗതികേട് ആരംഭിക്കുന്നത്..’തെറ്റായി നൽകിയ ബില്ലിലെ തുക മുഴുവൻ അയാൾ അടച്ചു തീർത്തു …..യഥാർത്ഥ ബില്ലിലെ തുകയായ 1836 രൂപ കഴിച്ച് ബാക്കി തുക ആവശ്യപ്പെട്ട് ജയകൃഷ്ണൻ അതോറിറ്റി അധികൃതർക്ക് അപേക്ഷ നൽകി… ഡിവിഷണൽ ഓഫീസിൽ പരാതി നൽകിയെങ്കിലും അവിടെ നിന്ന് കൃത്യമായ ഒരു മറുപടിയും ലഭിക്കാതെ വന്നതോടുകൂടി മുകളിലെ ആഫീസുകൾ കയറിയിറങ്ങി…. ഒരിടത്തുനിന്നും വ്യക്തമായ ഒരുത്തരവും കിട്ടാതെ വന്നപ്പോൾ ജയകൃഷ്ണൻ ജല അതോറിറ്റി വകുപ്പ് മന്ത്രിക്ക് വരെ പരാതി സമർപ്പിച്ചു….ജയകൃഷ്ണന്റെ പരാതിയിൽ തീർപ്പു കൽപ്പിക്കാനും വേണ്ട നടപടിയെടുക്കാനും മന്ത്രി താഴോട്ട് നിർദ്ദേശം നൽകി….. ഇതിൻറെ അടിസ്ഥാനത്തിൽ ജയകൃഷ്ണൻ വീണ്ടും അതോറിറ്റി ഓഫീസുകളിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു…..ഒടുവിൽ പല ഓഫീസുകളിൽ നിന്നായി പലതരത്തിലുള്ള ചർച്ചകളും പഠനങ്ങളും നിരീക്ഷണങ്ങളും ചട്ടങ്ങളുമൊക്കെ പരിശോധിച്ച ശേഷം ജയകൃഷ്ണൻ എന്ന നിരപരാധിയായ ഉപഭോക്‌താവിന് കൃത്യമായ ഒരു മറുപടി കിട്ടി….. ഈ മറുപടി നമ്മുടെ നാടിൻറെ മികച്ച സർക്കാർ സേവനത്തിന്റെ മികവുറ്റ ഉദാഹരണം എന്ന രീതിയിൽ തങ്ക ലിപികളിൽ എഴുതിവയ്ക്കേണ്ടതാണ്…. വാട്ടർ അതോറിറ്റിയിൽ ബില്ല് പ്രകാരം അടച്ച തുക വരവ് വെച്ചു പോയി…. .അതോറിറ്റിയുടെ അക്കൗണ്ടിൽ വരവായി രേഖപ്പെടുത്തിയ തുക തിരികെ നൽകാൻ അതോറിറ്റിയുടെ ഒരു നിയമത്തിലും വകുപ്പ് കാണുന്നില്ല…..അതുകൊണ്ടുതന്നെ ജനങ്ങളുടെ നന്മ മാത്രം കരുതുന്ന അതോറിറ്റി വലിയ ഒരു മറുപടി നൽകി…..ദയാനിധികളും ഉദാരമനസ്ക്കരും സ്നേഹസമ്പന്നരുമൊക്കെയായ ഉദ്യോഗസ്ഥർ തയ്യാറാക്കിയ മറുപടി വളരെ രസകരമാണ്…. ജല അതോറിറ്റിയിൽ ബില്ലിനത്തിൽ അടച്ച തുക ഇനി തിരികെ നൽകുക സാധ്യമല്ല…..അടച്ച തുകയ്ക്ക് തുല്യമായ വെള്ളം ഭാവിയിൽ ഉപയോഗിച്ച് ബില്ല് തുക തീർപ്പാക്കാം… .എങ്ങനെയുണ്ട് ജനസേവകരമായ വാട്ടർ അതോറിറ്റിക്കാരുടെ നിയമവും നിയമനടപടികളുമൊക്കെ…
ഏതായാലും രേഖാമൂലം മറുപടി കിട്ടിയ ജയകൃഷ്ണൻ ആ മറുപടിയുമായി കുത്തിയിരുന്ന് കണക്കുകൾ പരിശോധിച്ചു…. അപ്പോൾ ജയകൃഷ്ണന് ഒരു കാര്യം ബോധ്യമായി…. ‘ നിലവിൽ, ജയകൃഷ്ണന്റെ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിൻറെ കണക്കുപ്രകാരം ബിൽ തുക കണക്കുകൂട്ടിയപ്പോൾ തിരികെ കിട്ടേണ്ട തുകക്കുള്ള വെള്ളം ഉപയോഗിച്ച് തീരണമെങ്കിൽ രണ്ടുവർഷവും മൂന്നുമാസവും കുറഞ്ഞപക്ഷം വേണം. ഇത്രയും കാലം ജയകൃഷ്ണൻ അടച്ച തുകയുടെ പലിശയോ മറ്റ് ആനുകൂല്യങ്ങളോ ആര് നൽകും എന്ന കാര്യത്തിൽ ജയകൃഷ്ണന് എന്നല്ല ആർക്കും ഉത്തരമില്ല…ജയകൃഷ്ണൻ എന്ന ഉപഭോക്താവിന് ഉപയോഗിച്ച വെള്ളത്തിൻറെ ബില്ല് കൃത്യമായി നൽകുന്നതിന് പകരം തെറ്റായി ബില്ല് നൽകുകയും ആ തുക ഒരു സാവകാശവും അനുവദിക്കാതെ കൃത്യ തീയതിക്ക് മുമ്പ് അടപ്പിക്കുകയും,, ഒടുവിൽ പരാതി ഉയർന്ന ശേഷം ബില്ല് അതോറിറ്റി തെറ്റായി കണക്കാക്കി നൽകിയ പിഴവാണ് എന്ന മറുപടി നൽകിയിട്ടും,, അധികമായി ഉപഭോക്താവിൽ നിന്നും ഈടാക്കിയ തുക തിരികെ നൽകി ആ ഉപഭോക്താവിനോട്,,,അതോറിറ്റിക്ക് പറ്റിയ തെറ്റിന്റെ പേരിൽ മാപ്പ് പറയാനും തയ്യാറാവുക എന്ന മാന്യമായ ഒരു സമീപനം പോലും അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും കാണിച്ചില്ല എന്നത് നമ്മുടെ നാട്ടിലെ സർക്കാർ സ്ഥാപനങ്ങളിൽ എല്ലാകാലത്തും തുടരുന്ന ജനങ്ങളോടുള്ള നിന്ദയുടെ കൃത്യമായ തെളിവാണ്….വാട്ടർ അതോറിറ്റിയിൽ നിന്നും ജയകൃഷ്ണനുണ്ടായിട്ടുള്ള മോശം അനുഭവം എത്രയോ തരത്തിൽ സർക്കാർ വക സ്ഥാപനങ്ങളിൽ നിന്നും ജനങ്ങൾ നേരിടുന്നുണ്ട് എന്നത് ഒരു സത്യമാണ്… വാട്ടർ അതോറിറ്റിയും വൈദ്യുതി ബോർഡ് അതുപോലെതന്നെ ട്രാൻസ്പോർട്ട് കോർപ്പറേഷനുമൊക്കെ അങ്ങോട്ട് പണം വാങ്ങിയെടുക്കുന്നതിൽ വലിയ കൃത്യത കാണിക്കുന്ന ആൾക്കാരാണ്…. എന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ജനങ്ങൾക്ക് നൽകുന്ന സേവനം കൃത്യമായാണോ ചെയ്തുതീർക്കുന്നത് എന്ന കാര്യത്തിൽ മുകളിലോ താഴെയോ ഒരു അന്വേഷണവും ഉണ്ടാവാറില്ല എന്നതാണ് വാസ്തവം…. കാട്ടിലെ തടി – തേവരുടെ ആന എന്ന പഴഞ്ചൊല്ല് രീതിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന കുറെ ഉദ്യോഗസ്ഥന്മാർക്ക് യഥേഷ്ടം വിഹരിക്കുവാനുള്ള താവളങ്ങൾ മാത്രമാണ് സർക്കാർ ഉടമസ്ഥതയിൽ നടക്കുന്ന വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾ എന്ന് പറയേണ്ടി വന്നാൽ അതിൽ തെറ്റൊന്നുമില്ല എന്ന തെളിയിക്കുന്നതാണ് ചേർത്തലയിൽ വാട്ടർ അതോറിറ്റിയിൽ നിന്നും ഈ ഉപഭോക്താവ് നേരിട്ട് അനുഭവങ്ങൾ…