ലോകത്ത് എവിടെ ആര് പണിയെടുത്താലും കിട്ടാത്ത വരുമാനമാണ് സിനിമ താരങ്ങൾക്കും ചില സാങ്കേതിക പ്രമാണിമാർക്കും കിട്ടിക്കൊണ്ടിരിക്കുന്നത്. കുറച്ച് സിനിമകളിൽ മുഖ്യ വേഷങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ പിന്നെ, വെറും താരം സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ഒക്കെയായി മാറും. ഇങ്ങനെ പുതിയ പുതിയ വിളിപ്പേരുകൾ സ്വന്തമാക്കുവാൻ കാശ് മുടക്കി ഫാൻസ് അസോസിയേഷനുകളും ആരാധക സംഘടനകളും ഉണ്ടാക്കുകയും ചെയ്യും. ഇതെല്ലാം നടത്തുന്നതിൽ പ്രേക്ഷകർ അടക്കം ആർക്കും പരാതിയില്ല. എന്നാൽ രണ്ടോ മൂന്നോ സിനിമകളിൽ നായക വേഷം കിട്ടിയാൽ പിന്നെ അഭിനയത്തിന്റെ പ്രതിഫലത്തുക പല കോടികളിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് നമ്മുടെ മലയാള സിനിമ മേഖലയിലും കാണുന്നത്. സൂപ്പർതാര പദവിയിൽ നിൽക്കുന്ന മലയാള നടന്മാർ ഒരു സിനിമയ്ക്ക് പ്രതിഫലമായി പത്തും പതിനഞ്ചും കൂട്ടിയാണ് ഇപ്പോൾ വാങ്ങിക്കുന്നത്. ഒരു സൂപ്പർസ്റ്റാർ സ്വന്തം വേഷം ഒരു സിനിമയിൽ അഭിനയിച്ചു തീർക്കുന്നതിന് എടുക്കുന്നത് പരമാവധി ഒരു മാസത്തിൽ താഴെ സമയമായിരിക്കും. ഈ ഒരു മാസത്തെ അഭിനയം കൊണ്ട് വാങ്ങിയെടുക്കുന്നതാണ് കോടിക്കണക്കിന് രൂപ. “ഇത് ലോകത്ത് ഏതു തൊഴിൽ മേഖലയിൽ ജോലിചെയ്താൽ ആണ് കിട്ടുക” എന്ന ചോദ്യത്തിന് ഉത്തരമില്ല.
മലയാള സിനിമയുടെ കാര്യത്തിൽ ആണെങ്കിൽ സൂപ്പർ സ്റ്റാറുകൾ ബഹു കോടികൾ വാങ്ങി അഭിനയിക്കുന്ന പടങ്ങൾ വരെ പൊട്ടിപ്പൊളിയുന്ന സ്ഥിതി വരുന്നുണ്ട്. ഇത്തരത്തിൽ പൊളിഞ്ഞു സിനിമാനിർമ്മാതാവ് കുത്തുപാള എടുത്താൽ അങ്ങോട്ട് ഒന്ന് തിരിഞ്ഞുനോക്കാൻ ഈ സൂപ്പർസ്റ്റാറുകൾ ശ്രമിക്കാറുമില്ല. ചോദിക്കുന്ന പ്രതിഫലം നൽകി അഭിനയിപ്പിക്കാൻ നിർമ്മാതാക്കൾ തയ്യാറാകുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ പൊതുജനത്തിന് അവകാശമില്ല. എന്നാൽ ഇത്തരത്തിൽ ഓരോ വർഷവും എണ്ണിയാലൊടുങ്ങാത്ത വൻ തുകകൾ സിനിമയിൽ നിന്നും പ്രതിഫലമായി വാങ്ങുന്ന സൂപ്പർസ്റ്റാറുകൾ ,അടക്കമുള്ള ആൾക്കാർ പലരും ഇപ്പോൾ അന്വേഷണ ഏജൻസികളുടെ മുന്നിൽ വിയർത്ത് നിൽക്കുകയാണ്. .കൂടുതൽ വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും തട്ടിപ്പ് നടത്തി കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ ആദായനികുതി വകുപ്പും ഇ.ഡി.യും ഓക്കേ താരപ്രമാണിമാരുടെ വീടുകളിൽ റെയ്ഡ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരിക്കുകയാണ്.നമുക്കു മുന്നിലെ ഏത് വ്യവസായ മേഖലയും പോലെയല്ല സിനിമ രംഗം. കോടികൾ ഒഴുകി പോകുന്ന സിനിമ രംഗം യഥാർത്ഥത്തിൽ ആഡംബരങ്ങളുടെ കുത്തഴിഞ്ഞ പ്രവർത്തന രംഗമാണ്. സൂപ്പർസ്റ്റാറുകൾ ആയിക്കഴിഞ്ഞാൽ പിന്നെ അഭിനയിക്കാൻ ലൊക്കേഷനിൽ എത്തിയാൽ അവിടെ എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞ കാരവൻ വാഹനവും പരികർമ്മികളും വേണം. ഇതെല്ലാം ആവശ്യപ്പെടുമ്പോൾ ഒരു മടിയും ഇല്ലാതെ എല്ലാം ഒരുക്കി കൊടുക്കാൻ നിർമ്മാതാക്കൾ തയ്യാറാവുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാം ആഡംബര അന്തരീക്ഷവും നിലനിർത്തി അഭിനയിക്കുന്നതിനാണ് കോടികൾ പ്രതിഫലമായി വാങ്ങുന്നത്. ഇത് ആരും ചോദ്യം ചെയ്യുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന സൂപ്പർ സ്റ്റാറുകൾ അടക്കമുള്ള താരങ്ങൾ നടത്തിയ വാഹന തട്ടിപ്പ് പൊതുജനങ്ങളിൽ അറപ്പും വെറുപ്പും ഉണ്ടാക്കുന്നുണ്ട്. കോടികൾ വാരിക്കൂട്ടി സമ്പന്നതയുടെ ഉയരങ്ങളിൽ നിൽക്കുമ്പോഴും സ്വന്തമായി തട്ടിപ്പിലൂടെ പലതരം വെട്ടിപ്പും നടത്തി വാഹനങ്ങൾ വരെ വാങ്ങുന്നത് എന്തിന് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ഇപ്പോൾ കേന്ദ്ര ഏജൻസികൾ വാഹനക്കടത്തിന്റെ കാര്യം മാത്രമാണ് അന്വേഷിക്കുന്നത്. എന്നാൽ മലയാള സിനിമയിൽ മാത്രമല്ല എല്ലാ ഭാഷാ സിനിമ രംഗത്തും താരങ്ങളുടെ പണത്തോടുള്ള ആർത്തിയും പലതരം തട്ടിപ്പുകളും ഇപ്പോഴും ഒരു തടസ്സവും ഇല്ലാതെ തുടരുന്നുണ്ട്. ഇപ്പോൾ പുറത്തുവന്ന വാഹനം സംബന്ധിച്ച തരികിട തട്ടിപ്പുകൾക്ക് അപ്പുറം എന്തെല്ലാം തരത്തിലുള്ള സാമ്പത്തിക കൊള്ളകൾ സിനിമാ മേഖലയിലുള്ള പ്രമുഖർ നടത്തുന്നുണ്ട് എന്നതും അന്വേഷിക്കേണ്ടതാണ്.
മലയാളത്തിലെ സൂപ്പർ താരങ്ങൾക്കും സൂപ്പർ സംവിധായകർക്കും ഒക്കെ ഗൾഫ് നാടുകളിൽ അടക്കം വിദേശ രാജ്യങ്ങളിൽ പലതരത്തിലുള്ള ബിസിനസുകളും മറ്റ് ഇടപാടുകളും ഉണ്ട്. സിനിമ മേഖലയിൽ കടന്നു കയറി സ്വർണ്ണ കള്ളക്കടത്തും മയക്കുമരുന്ന് വിപണനവും നടത്തുന്ന ചിലരെപ്പറ്റി വാർത്തകൾ വന്നിട്ടുള്ളതാണ്. അതുപോലെ തന്നെയാണ് ചില സൂപ്പർസ്റ്റാറുകൾ വിദേശത്ത് പണം ഇൻവെസ്റ്റ് ചെയ്ത് വൻകിട ബിസിനസുകളിൽ പങ്കാളികളായി മാറിയിരിക്കുന്നത്. ഇതൊക്കെ ചെയ്യാൻ ഇവർക്ക് അവകാശമുണ്ട് . എന്നാൽ സൂപ്പർ താരം എന്ന പദവി ഉപയോഗിച്ച് കോടികൾ വാരിക്കൂട്ടുമ്പോൾ അത് നിയമപ്രകാരം ആദായ നികുതിയൊക്കെയാണ് സ്വന്തമാക്കുന്നത് എന്നതും അന്വേഷിക്കപ്പെടേണ്ട കാര്യമാണ് . 15 കോടി ഒരു സിനിമയിൽ അഭിനയത്തിന് പ്രതിഫലം വാങ്ങിയാൽ അതിൽ അഞ്ചുകോടി ആയിരിക്കും കണക്കിൽ കാണിക്കുക ബാക്കി 10 കോടി ബ്ലാക്ക് മണിയായി കൈപ്പറ്റി തന്ത്രപരമായി വിദേശങ്ങളിൽ എത്തിച്ചു അവിടുത്തെ ബിസിനസുകൾക്ക് ഉപയോഗിക്കുന്ന സംഭവങ്ങളും തുടർന്നുവരുന്നുണ്ട്.ഏതായാലും കേരളത്തിലെ മറ്റൊരു വ്യവസായ രംഗത്തും കാണാത്ത രീതിയിലുള്ള സാമ്പത്തിക ഇടപാടുകളും തട്ടിപ്പുകളും ഒക്കെയാണ് നമ്മുടെ സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്നത്. സിനിമ താരങ്ങളുടെ പണത്തോടുള്ള ഒടുങ്ങാത്ത ആർത്തികളാണ് ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. ആരാധകരുടെ മുന്നിൽ താര പരിവേഷം കെട്ടി തിളങ്ങി നിൽക്കുന്ന പല സൂപ്പർതാരങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ വളഞ്ഞ വഴിയിലൂടെ ആണ് എന്ന് തെളിയിക്കുന്നതാണ് പുതിയതായി വന്നുകൊണ്ടിരിക്കുന്ന വാഹന ഏർപ്പാടുകൾ. അതുകൊണ്ടുതന്നെ കർശനമായ സർക്കാർ ഇടപെടലുകൾ ഈ കാര്യത്തിൽ ഉണ്ടായാൽ കുറെയൊക്കെ നിയന്ത്രണം വരാനുള്ള സാധ്യത ഉണ്ട്.