വടകരയിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ലാത്തിച്ചാർജിൽ എംപി ആയ ഷാഫി പറമ്പിലിന് സാരമായ പരിക്ക് പറ്റിയിരുന്നു. അദ്ദേഹം ഇപ്പോഴും ആശുപത്രി ചികിത്സയിൽ ആണ്. പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കേരളത്തിൽ എല്ലായിടത്തും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധ സമരങ്ങൾ നടത്തുകയാണ്. ഈ പ്രത്യേക അന്തരീക്ഷം മുതലെടുത്തുകൊണ്ട് തൻറെ ഗതികേടിൽ നിന്നും രക്ഷപ്പെടാൻ കളത്തിൽ ഇറങ്ങുന്നതിന് ഒരുങ്ങുകയാണ് വിവാദ പുരുഷനായ രാഹുൽ മാങ്കൂട്ടത്തിൽ. സ്ത്രീപീഡന പരാതികളിൽപ്പെട്ട് കോൺഗ്രസ് പാർട്ടിയിൽനിന്ന് പോലും പുറത്താക്കപ്പെട്ട പാലക്കാട് എംഎൽഎ ആണ് രാഹുൽ മാങ്കൂട്ടത്തിൽ. നിയമസഭ സമ്മേളനത്തിൽ പോലും ആദ്യദിവസം തല കാണിച്ച രാഹുൽ അവിടെ നിന്നും മുങ്ങി ഒളിവിൽ കഴിയുന്ന സ്ഥിതിയാണ് ഉണ്ടായത്. സ്വന്തം മണ്ഡലമായ പാലക്കാട് പല പരിപാടികളും നടന്നിട്ടും അതിലൊന്നും പങ്കെടുക്കുവാൻ രാഹുൽ മാങ്കൂട്ടത്തിന് കഴിഞ്ഞിട്ടില്ല. പാലക്കാട് വലിയ ശക്തിയുള്ള ബിജെപിയാണ് രാഹുലിന് എതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. സ്ത്രീ പീഡന വീരനായ എം എൽ എ യെ മണ്ഡലത്തിൽ കാലുകുത്തിക്കില്ല എന്നാണ് അവിടുത്തെ ബിജെപി നേതാക്കൾ പ്രസ്താവിച്ചിട്ടുള്ളത്. എന്നാൽ എങ്ങനെയെങ്കിലും മണ്ഡലത്തിൽ കടന്ന് കയറുന്നതിനുള്ള ശ്രമങ്ങൾ രാഹുൽ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിന് അനുകൂലമായി കിട്ടിയ ഒരു അവസരം ആയിട്ടാണ് പോലീസ് ഷാഫി പറമ്പിലിനെ മർദ്ദിച്ച സംഭവം മാറ്റിയിരിക്കുന്നത്.
സ്വന്തം മണ്ഡലമായ പാലക്കാട് പരസ്യമായി രംഗത്തിറങ്ങാൻ കഴിയാത്ത രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിൽ എന്ന തൻറെ രക്ഷിതാവിൻറെ പോലീസ് മർദ്ദനം അവസരമാക്കി വടകരയിൽ എത്തുകയാണ് ഉണ്ടായത്. വലിയ പ്രക്ഷോഭം നടന്ന അവിടെ രാഹുൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകർ വളഞ്ഞിരുന്നു. പോലീസ് മർദ്ദനം സംബന്ധിച്ച വാക്കുകൾ ആണ് രാഹുൽ അവിടെ പറഞ്ഞത്. എന്നാൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിനൊപ്പം കോൺഗ്രസിലെ മുതിർന്ന എല്ലാ നേതാക്കളും ഉണ്ടായിരുന്നു. ഇതാണ് ഇപ്പോൾ രാഹുലിന് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്.
കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പോലും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിനൊപ്പം മാധ്യമപ്രവർത്തകർക്കും മുന്നിൽ മുതിർന്ന നേതാക്കൾ എത്തിയത് എന്തിനുവേണ്ടി എന്ന ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പാർട്ടി പുറത്താക്കിയ ഒരാൾക്ക് ഒപ്പം നിന്നുകൊണ്ട് പാർട്ടിയെ വീണ്ടും നാണക്കേടിൽ ആക്കാൻ മുതിർന്ന നേതാക്കൾ അവസരം ഒരുക്കി എന്ന വിമർശനമാണ് യൂത്ത് കോൺഗ്രസിലെ രാഹുൽ വിരുദ്ധർ വരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും സ്വന്തം മണ്ഡലത്തിൽ പോലും തലയിൽ മുണ്ടിട്ടു കൊണ്ട് കാലുകുത്തേണ്ട ഗതികേടിലെത്തിയ രാഹുൽ മാങ്കൂട്ടത്തിന്, ഷാഫി പറമ്പിലിനെ പോലീസ് തല്ലി ചതച്ച സംഭവം മുതലെടുത്തുകൊണ്ട് രംഗത്ത് വരാൻ ശ്രമിക്കുകയാണ് എന്ന വിമർശനമാണ് തുടരുന്നത്. പാർട്ടിയെ വലിയതോതിൽ അപകീർത്തിപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഇപ്പോഴും ചുമക്കാൻ മുതിർന്ന നേതാക്കൾ നടക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്