ബിജെപിയിൽ ചേർന്നാൽ ആയിരം കോടിയുടെ അഴിമതിയൊക്കെ ഒറ്റ ദിവസം കൊണ്ട് ആവിയായിപ്പോകും.അത് കൂടാതെ നേരിട്ട് ബിജെപിയിൽ ചേർക്കാതെയും അവർ ബ്ലാക്ക്മെയിൽ ചെയ്ത് ഡീലുണ്ടാക്കും, ആഭ്യന്തര വകുപ്പ് ഭരണം കണ്ടു കൊണ്ടിരിക്കുന്ന, ലോകസഭ ഇലക്ഷൻ കാലത്ത് തൃശൂർ പൂരം പൊളിച്ചത്കണ്ട മലയാളികൾക്ക് അതിന് വേറെ തെളിവിന്റെ ആവശ്യമുണ്ടാകില്ലാ. സ്വന്തം മുന്നണിയിൽ നിന്ന് പ്രത്യേകിച്ച് തൃശൂരിലേ സി.പി.ഐ നേതാക്കളിൽ നിന്ന് പോലും പൊലീസിനെ ഭരിക്കുന്നത് RSS ആണ് എന്ന പരാതി ഉയരുന്നും നമ്മൾ കണ്ടതാണ്. 2016 ന് മുൻപ് നമ്മൾ കണ്ട പിണറായി വിജയനാണോ അതിന് ശേഷം കാണുന്ന വിജയൻ? അല്ല അയാൾ കേന്ദ്രവുമായി ഡീൽ ചെയ്യുന്നുണ്ട് എന്നുറപ്പാണ്.
സാധാരണ ഗതിയിൽ രാഷ്ട്രീയക്കാർ ഒരു കേസ് വന്നാൽ പറയുക രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നാണ്. പിണറായി വിജയന്റെ മകന് വന്ന സമൻസിന്റെ കാര്യം നോക്കൂ, രണ്ട് വർഷം മുൻപ് കിട്ടിയ നോട്ടീസ് രാഷ്ട്രീയമായി നേരിട്ടോ? ഇല്ല, സ്വന്തം പാർട്ടി പോലും അങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ല എന്നാണ് ഇന്നലെ ഒരു സെക്രട്ടേറിയറ്റ് അംഗം പറഞ്ഞത്. നിയമപരമായി നേരിട്ടോ? ഇല്ല, ഒരു കോടതിയിലേക്കും പോയിട്ടില്ല. പിന്നെ എങ്ങനെ നേരിട്ടു? ബിജെപിയുടെ ചട്ടുകമായ ED അയച്ച നോട്ടീസിന്റെ കാര്യം ബിജെപിക്കാർ പോലും പുറത്ത് പറയാതെ നോക്കണമെങ്കിൽ രാഷ്ട്രീയത്തിനും നിയമത്തിനും പുറത്ത് എത്ര ഉറപ്പുള്ള ഡീലാകും നടന്നിട്ടുണ്ടാവുക.
ഇതൊക്കെ ന്യായീകരിക്കേണ്ട പാർട്ടി പ്രവർത്തകരുടെ അവസ്ഥ എത്ര ദയനീയമാണ്! ഇന്നലെ വരെ മൈക്രോ ഫിനാൻസ് ഇടപാടിൽ കള്ളൻ എന്ന് വിളിച്ച നടേശനേ പോലുള്ളവരേ, മുഖ്യമന്ത്രിക്ക് വേണ്ടി വൈറ്റ് വാഷ് ചെയ്യേണ്ടി വരുന്ന പാർട്ടി പ്രവർത്തകർ അനുഭവിക്കുന്ന ആത്മനിന്ദ ഒരു പൊതു പ്രവർത്തകനും ഇനിയെങ്കിലും ഉണ്ടാകാതിരിക്കട്ടെ.പാർട്ടിയെ സ്നേഹിക്കുന്നവരും മുന്നണിയെ സ്നേഹിക്കുന്നവരും പാർട്ടിയേക്കാളും, മുന്നണിയേക്കാളും വലുതാണ് നമ്മളുടെ നാട് എന്ന യഥാർത്ഥ്യം തിരിച്ചറിയുന്നിടത്താണ് ജനാധിപത്യം കൂടതൽ കരുത്താർജ്ജിക്കപ്പെടുന്നത്.