രാജ്യം ഭരിക്കലിന്റെ കാര്യത്തിൽ മാത്രമല്ല മുന്നിലെത്തുന്ന ഏത് തെരഞ്ഞെടുപ്പിലും പാർട്ടിയെ ഭൂരിപക്ഷത്തിൽ എത്തിച്ചു അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ പയറ്റുന്ന കാര്യത്തിലും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ത് ഷായും, മറ്റു മുതിർന്ന ബിജെപി നേതാക്കളും ഒട്ടും പിറകിൽ അല്ല. അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറും കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുക്കാനും, ഭരണം കിട്ടിയില്ലെങ്കിലും പാർട്ടിയെ മുന്നിലേക്ക് എത്തിക്കാനും, എല്ലാ തന്ത്രങ്ങളും ഡൽഹിയിലെ ബിജെപിയുടെ ആസ്ഥാനത്ത് മെനഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിലധികമായി ബിജെപി നേതൃത്വം ഇത്തരത്തിൽ നടത്തുന്ന എല്ലാ നീക്കങ്ങളും പാർട്ടിക്ക് ഗുണം ചെയ്യുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന വലിയ സംസ്ഥാനമാണ് ബീഹാർ. അവിടെ വോട്ട് കൊള്ളയുടെ പേര് പറഞ്ഞു കൊണ്ട് ബിജെപിയെ തകർക്കുവാൻ കോൺഗ്രസ്സും, ലാലു പ്രസാദ് യാദവിൻറെ ആർ ജെ ഡി പാർട്ടിയും വലിയ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം ഉണ്ടാകും എന്ന് ചില സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിജയം ഉറപ്പാക്കാൻ എല്ലാ നീക്കങ്ങളും ബിജെപി നടത്തിക്കൊണ്ടിരിക്കുകയാണ്.
അതിനിടയിലാണ് ബീഹാറിലെ ബിജെപിയുടെ മുഖ്യ ശത്രുവായ രാഷ്ട്രീയ ജനതാദൾ പാർട്ടിയും അതിൻറെ നേതാവായ ലാലു പ്രസാദ് യാദവും അദ്ദേഹത്തിൻറെ കുടുംബവും വലിയ കുരുക്കിൽ പെട്ടിരിക്കുന്നത്. 16 വർഷം മുൻപ് ലാലു പ്രസാദ് യാദവ് കേന്ദ്ര മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്നപ്പോൾ നടത്തിയതായി പറയുന്ന അഴിമതിയുടെ കേസിന്മേൽ നടപടികൾ എടുക്കാൻ ഇപ്പോൾ ഡൽഹി പ്രത്യേക കോടതി ഉത്തരവിട്ടു. റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ…. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻവഴി മന്ത്രിയായ ലാലു പ്രസാദ് അഴിമതി നടത്തി എന്നതാണ് കേസ്. എന്നാൽ ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത് ലാലു പ്രസാദ് യാദവും ഭാര്യ റാബറി ദേവിയും ഇപ്പോൾ ബീഹാറിൽ പാർട്ടിയെ നയിക്കുന്ന മകൻ തേജസ്വി യാദവും പ്രതിയായി, കേസ് രജിസ്റ്റർ ചെയ്യുക എന്നതാണ്. അഴിമതിക്ക് പുറമേ ഗൂഢാലോചന വഞ്ചന തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തുന്നതിന് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ആണ് ബിജെപിയുടെ ബീഹാറിലെ പ്രധാന എതിരാളികളായ ആർജെഡി പാർട്ടിയുടെ നേതാക്കളും കുടുംബവും വലിയ കേസിൽ പെട്ടിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ടു പോയാൽ ലാലുവും കുടുംബവും ജയിലിൽ പോകുന്ന സ്ഥിതി ഉണ്ടായേക്കാം… നേരത്തെ മറ്റൊരു അഴിമതി കേസിൽ പ്രതിയായിരുന്ന ലാലു പ്രസാദ് യാദവ്. ഏറെക്കാലം ജയിലിൽ കഴിഞ്ഞിരുന്നതാണ്. പ്രായാധിക്യവും രോഗങ്ങളും മറ്റും ചൂണ്ടിക്കാട്ടി കോടതിയിൽ നിന്നും ജാമ്യം വാങ്ങി പുറത്തിറങ്ങുകയാണ് ഉണ്ടായത്.
അതേസമയം , ബീഹാറിലെ പുതിയ സംഭവങ്ങൾ കൂടുതൽ അപകടത്തിൽ ആക്കുന്നത് കോൺഗ്രസ് പാർട്ടിയെ ആണ്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ സഖ്യത്തിലെ ബീഹാറിലെ പ്രധാന പാർട്ടിയാണ് ആർ ജെ ഡി അവിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കോൺഗ്രസ് പാർട്ടിക്ക് 50 ഓളം സീറ്റുകൾ മാത്രം നൽകി ബാക്കി സീറ്റുകളിൽ ഭൂരിഭാഗവും ആർ ജെ ഡി മത്സരിക്കുക എന്ന കാര്യത്തിൽ കോൺഗ്രസും സമ്മതം മൂളി കഴിഞ്ഞതാണ്. ഇതിനിടയിലാണ് പാർട്ടിയെ നയിക്കുന്ന തേജസ്വി യാദവും അച്ഛൻ ലാലു പ്രസാദും അമ്മ റാബറി ദേവിയും ഒന്നടങ്കം ജയിലിൽ പോകുന്ന സാഹചര്യം വന്നിരിക്കുന്നത്.
ഏതായാലും ഒരു കാര്യം ഉറപ്പാണ് ബീഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എങ്ങനെയും കുടുക്കിൽ ആക്കുന്നതിനുള്ള കരുത്തായ ശ്രമങ്ങൾ ബിജെപി നടത്തുക തന്നെ ചെയ്യും. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള എല്ലാ അന്വേഷണ ഏജൻസികളെയും വരുതിയിൽ നിർത്തിക്കൊണ്ട് കളിക്കാനുള്ള കഴിവ് ബിജെപി കേന്ദ്ര നേതാക്കൾക്ക് ഉണ്ട്.. കേന്ദ്രഭരണം ബിജെപിയിൽ നിലനിൽക്കുന്നിടത്തോളം കാലം അവർ തീരുമാനിക്കുന്ന എല്ലാ കാര്യങ്ങളും നടത്തമെന്നതിനു ഇതിനകം തന്നെ പല സംഭവങ്ങളും തെളിവായി വന്നിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിലെ പ്രത്യേക അന്വേഷണ കോടതി അപ്രതീക്ഷിതമായി ലാലു പ്രസാദ് യാദവിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പിന്നിലും എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. എന്നാൽ തങ്ങളുടെ തീരുമാനങ്ങൾക്ക് എതിരെ ഉയരുന്ന എല്ലാ വിമർശനങ്ങളെയും പുച്ഛത്തോടെ തള്ളിക്കളയുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ത് ഷായും ഇത്രയും കാലം സ്വീകരിച്ചിട്ടുള്ളത്. ബീഹാറിലെ ഭരണത്തുടർച്ചയ്ക്ക് എന്ത് അടവും പ്രയോഗിക്കാൻ ബിജെപി നേതൃത്വം തയ്യാറാവും എന്നത് ഉറപ്പായ കാര്യമാണ്. കോടതി ഇടപെടൽ ഉണ്ടായാൽ ലാലു പ്രസാദ് യാദവും ബീഹാറിലെ മുഖ്യ ശത്രുവായ ആർ ജെ ഡി പാർട്ടിയും തെരഞ്ഞെടുപ്പ് വേളയിൽ പ്രതിസന്ധിയിൽ കുടുങ്ങുന്ന സ്ഥിതി തന്നെ വന്നുചേരും.