സഞ്ജുവിന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍

ബാസെറ്റര്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പാടുപെട്ട ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും ട്രോളി ആരാധകർ. ഇരുവരെയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി സഞ്ജു സാംസണ് അവസരം നൽകണമെന്നാണ് ആരാധകരുടെ അഭിപ്രായം.

മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് സഞ്ജുവിനും ദീപക് ഹൂഡയ്ക്കും അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. സഞ്ജുവും ഹൂഡയും ടീമിലുണ്ടായിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഏകദിനത്തിൽ മികച്ച ഫോമിലായിരുന്ന ശ്രേയസിന് ടി20യിൽ നിലയുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശ്രേയസിന് രണ്ടാം മത്സരത്തിൽ 10 റൺസ് മാത്രമാണ് നേടാനായത്. മറുവശത്ത് ടി20യിൽ ഫോം കണ്ടെത്താൻ പാടുപെടുകയാണ് റിഷഭ് പന്ത്.