നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം; അതിര്‍ത്തിയില്‍ സൈനിക അഭ്യാസം തുടങ്ങാൻ ചൈന

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനത്തെ ചൈന അപലപിച്ചു. പെലോസിയുടെ യാത്ര അങ്ങേയറ്റം അപകടകരമാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. നാളെ മുതൽ തായ്‌വാന്‍ അതിർത്തിയിൽ സൈനികാഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. ഇത് ഞായറാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

ചൈനയുടെ നിരന്തരമായ ഭീഷണി നേരിടുന്ന തായ്‌വാന്റെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകാനാണ് തന്‍റെ സന്ദർശനമെന്ന് പെലോസി പറഞ്ഞു. നാൻസി പെലോസി ഇന്ന് തായ്‌വാന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെലോസിയുടെ സന്ദർശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം ശക്തമാക്കുമെന്ന് ചൈന ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. യുഎസ് അംബാസഡറെ ചൈന വിളിച്ചുവരുത്തി.

തായ്‌വാന്‍ പ്രശ്നം പൂർണ്ണമായും ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ വിധി പറയാന്‍ മറ്റൊരു രാജ്യം ശ്രമിക്കുന്നത് അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നും ചൈന പറഞ്ഞു. ചൈനയ്ക്കെതിരെ കളിക്കാൻ തായ്‌വാനീസ് കാർഡ് പുറത്തെടുക്കരുതെന്ന് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.