ലോക കേരളസഭ : പ്രവാസികള്‍ക്ക് പറയാനുള്ളത്

ലണ്ടൻ: കേരളത്തില്‍ ജീവിക്കുന്ന മലയാളികള്‍ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികള്‍ ചേര്‍ന്നതാണ് കേരളമെന്ന ഒരുമയുടെ സന്ദേശം ലോകത്തിനു മുമ്പിൽ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് ലോക കേരളസഭ. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ലോക കേരളസഭയുടെ മേഖലാ സമ്മേളനം ചേരുമ്പോള്‍ പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കുകയാണ്. സമ്മേളനം പ്രവാസി മലയാളികള്‍ പണം പിരിച്ചു നടത്തുന്നതാണ് പലരെയും ചൊടിപ്പിക്കുന്നത്. സ്പോണ്‍സര്‍മാരെ കണ്ടെത്താൻ സംഘാടകസമിതി വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും ഒരുലക്ഷം ഡോളര്‍വരെ നല്‍കുന്നവര്‍ക്ക് മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ഭക്ഷണം കഴിക്കാനും അവസരം നല്‍കുമെന്നുമൊക്കെയാണ് പ്രചരിപ്പിക്കുന്നത്. പ്രവാസി ക്ഷേമമെന്ന പ്രധാന ലക്ഷ്യത്തെ മാറ്റിനിര്‍ത്തി, സര്‍ക്കാരിനോടും ഭരിക്കുന്ന പാര്‍ടിയോടും അടുപ്പമുള്ളവര്‍ക്ക് മാത്രമാണ് ലോക കേരളസഭയില്‍ സ്ഥാനമുള്ളതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മനപ്പൂര്‍വം സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആരോപണങ്ങള്‍ ഇളക്കിവിടുന്ന പ്രതിപക്ഷ പാര്‍ടികള്‍ പ്രവാസികളെ എങ്ങനെ സഹായിക്കാമെന്നല്ല മറിച്ച്‌ എങ്ങനെ ദ്രോഹിക്കാം എന്നതുമാത്രമാണ് ആലോചിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുകയെന്നത് വിദേശ രാജ്യങ്ങളിലെ പൊതുരീതിയാണ്. ആഡംബര ഹോട്ടലിലാണ് പരിപാടിയെന്നാണ് മറ്റൊരു ആക്ഷേപം. അമേരിക്കയിലെ ഏത് ഹോട്ടലില്‍ പരിപാടി നടന്നാലും കേരളത്തെ സംബന്ധിച്ച്‌ അത് ആഡംബര ഹോട്ടലായിരിക്കുമെന്നത് മറന്നുകൊണ്ടാണ് വിവാദങ്ങളുണ്ടാക്കുന്നത്. പണം നല്‍കിയവര്‍ക്ക് മാത്രമാണ് ലോക കേരളസഭയുടെ വേദിയില്‍ അവസരം നല്‍കുന്നതെന്ന ആരോപണത്തെ ശക്തിയുക്തം നിഷേധിച്ച്‌ നിരവധി പ്രവാസി മലയാളികളാണ് രംഗത്തുവന്നത്. ഒരുരൂപപോലും നല്‍കിയിട്ടില്ലെന്നും എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെന്നും നിരവധി പ്രവാസി മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രവാസികളെ കേരളത്തിന്റെ വികസനപ്രക്രിയയില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ലോക കേരളസഭ എന്ന ജനാധിപത്യവേദി പ്രതിപക്ഷ പാര്‍ടികളുടെ കണ്ണിലെ കരടാകുന്നതിനു പിന്നില്‍ പല സ്വാര്‍ഥ താല്‍പ്പര്യങ്ങളുമുണ്ട്. സാധാരണഗതിയില്‍ പൊതുഖജനാവില്‍നിന്ന് പണം ചെലവഴിച്ചു, ധൂര്‍ത്തടിച്ചു എന്നൊക്കെ ആരോപണം ഉയര്‍ത്താറുള്ള എതിരാളികള്‍ ഇത്തവണ ഖജനാവില്‍നിന്ന് പണം എടുത്തില്ലെന്ന് ആരോപണം ഉയര്‍ത്തുന്നതുതന്നെ മനപ്പൂര്‍വം പരിപാടിയെ താറടിക്കുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമാണ്.
സര്‍ക്കാരിന്റെ പണം ഉപയോഗിക്കാതെ പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തുമെന്നും ലഭിച്ച തുകയുടെ വരവുചെലവ് കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്ത് പൊതുജനത്തിനു മുമ്പില്‍ അവതരിപ്പിക്കുമെന്നും സംഘാടകസമിതി വ്യക്തമാക്കിയിട്ടും ആസൂത്രണംചെയ്ത കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. പണം നല്‍കിയവര്‍ക്ക് മാത്രമാണ് ലോക കേരളസഭയുടെ വേദിയില്‍ അവസരം നല്‍കുന്നതെന്ന ആരോപണത്തെ ശക്തിയുക്തം നിഷേധിച്ച്‌ നിരവധി പ്രവാസി മലയാളികളാണ് രംഗത്തുവന്നത്.