വഖഫ് വിഷയത്തിൽ കുരുങ്ങി മുസ്ലിം ലീഗ് പാർട്ടി.
വഖഫ് വിഷയത്തിൽ കുരുങ്ങി മുസ്ലിം ലീഗ് പാർട്ടി.
രാജ്യത്തെ മുസ്ലിം മത വിശ്വാസികളുടെ ആധ്യാത്മിക കാര്യങ്ങളിൽ ഇടപെടാനും നിയന്ത്രിക്കാനും ഒക്കെ അവകാശവും അധികാരവും ഉള്ള സ്ഥാപനമാണ് വഖഫ്ബോർഡ്. പാർലമെൻറ് പാസാക്കിയ നിയമങ്ങൾക്ക് വിധേയമായിട്ടാണ് ഈ ബോർഡ് പ്രവർത്തിച്ചു വരുന്നത്. ബോർഡിൻറെ അധീനതയിലും നിയന്ത്രണത്തിലും ആയിട്ടുള്ള സ്വത്തുകളും ഭൂമിയും ഇപ്പോൾ വലിയ വിവാദം ഉയർത്തിയിരിക്കുകയാണ്. ദേശീയതലത്തിൽ തന്നെ മത വിഭാഗങ്ങൾ തമ്മിൽ വലിയ സംഘർഷം ഉണ്ടാക്കുവാൻ ഇടയുള്ള ഒരു വിഷയമാണ് കടന്നുവന്നിരിക്കുന്നത്. വഖഫ് ബോർഡിൻറെ അധീനതയിലുള്ള രാജ്യത്തെ പല വസ്തുക്കളുടെയും പേരിൽ ആണ് തർക്കം ഉയർന്നിട്ടുള്ളത്. ഈ സ്ഥലങ്ങളിൽ എല്ലാം കാലങ്ങളായി മറ്റു മതവിഭാഗങ്ങളിൽ പെട്ടവർ വീട് വെച്ച് കുടുംബമായി കഴിഞ്ഞു വരികയാണ്.ബോർഡിന് കീഴിൽ ഒരു കാലത്ത് നിലനിന്നിരുന്ന വസ്തു എന്നതിൻറെ അടിസ്ഥാനത്തിൽ ഈ വസ്തു വീണ്ടും വഖഫ് ബോർഡിന് കൈമാറണം എന്ന നിലപാടും ആയിട്ടാണ് മുസ്ലിം മത സംഘടനകളും ബോർഡും രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിൽ എറണാകുളം ജില്ലയിലെ മുനമ്പം എന്ന കടലോരമേഖലയിലും ഈ പ്രശ്നം രൂക്ഷമായിരിക്കുകയാണ്. നിരവധി കുടുംബങ്ങൾ കാലങ്ങളായി താമസിച്ചുവരുന്ന ഭൂമി ഏതോ ഒരുകാലത്ത് വഖഫ് ബോർഡിന്റേത് ആയിരുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ വസ്തുക്കളിൽ നിന്നും താമസിക്കുന്നവർ ഒഴിഞ്ഞ മാറണം എന്ന നിർദ്ദേശമാണ് ഇപ്പോൾ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ക്രിസ്തുമത വിശ്വാസികളായ നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിച്ചു വരുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തീയ സഭ മേധാവികളും വിഷയത്തിൽ നേരിട്ട് ഇടപെട്ടിരിക്കുകയാണ്.
വഖഫ് ബോർഡിൻറെ ഇപ്പോൾ ഉണ്ടായിട്ടുള്ള നീക്കങ്ങളെ രാജ്യം ഭരിക്കുന്ന ബിജെപി എതിർത്തുകൊണ്ടിരിക്കുകയാണ്. ഹൈന്ദവ വിശ്വാസികളുടെ ഉടമസ്ഥർ എന്ന് പറയുന്ന ബിജെപി മുസ്ലിം വിരോധത്തിന്റെ ഭാഗമായിട്ടാണ് വഖഫ് ബോർഡിനെതിരായി നിലപാട് എടുത്തിട്ടുള്ളത്. മാത്രവുമല്ല ഇപ്പോൾ ഈ ബോർഡിൻറെ പ്രവർത്തന സ്വാതന്ത്ര്യത്തിനായി നൽകിയിട്ടുള്ള അധികാരങ്ങളും അവകാശങ്ങളും ഇല്ലാതാക്കുന്നതിന് നിയമഭേദഗതി പാർലമെൻറിൽ കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ഇക്കാര്യത്തിൽ നിലപാട് തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്ത പാർലമെൻറ് സമ്മേളനത്തിൽ തന്നെ വഖഫ് ബോർഡിൻറെ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇത് യാഥാർത്ഥ്യമായാൽ ഇപ്പോൾ വഖഫ് ബോർഡ് ഉന്നയിച്ചിട്ടുള്ള പല സ്ഥലങ്ങളുടെയും അവകാശം സംബന്ധിച്ച കാര്യത്തിൽ ബോർഡിന് അധികാരം ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും.ഇതിനിടയിൽ വഖഫ് വിഷയത്തിൽ പലതരത്തിലുള്ള ചരിത്രപരമായ കണക്കുകൾ നിരത്തി കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്രമന്ത്രി കഴിഞ്ഞദിവസം കൊച്ചിയിൽ വന്നപ്പോൾ പറഞ്ഞത് 1964 ൽ വഖഫ് ബോർഡിന് കൈവശമുണ്ടായിരുന്നത് പതിനായിരം ഏക്കർ വസ്തു ആയിരുന്നെങ്കിൽ ഇപ്പോൾ ബോർഡ് അവകാശപ്പെടുന്ന കണക്കുപ്രകാരം രാജ്യത്ത് 38 ലക്ഷം ഏക്കർ ഭൂമി വഖഫ് ബോർഡിന് അവകാശപ്പെട്ടത് ആണ് എന്ന് പറയുന്നു. ഇതിൽ ഏതാണ് യാഥാർഥ്യം എന്നത് യഥാർത്ഥത്തിൽ വിഷയം കോടതിയിൽ എത്തിച്ച് കോടതി അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്.
കേന്ദ്രസർക്കാർ ഇപ്പോൾ വെളിപ്പെടുത്തുന്നത് 1995ൽ വഖഫ് ബോർഡ് വിഷയത്തിൽ പാർലമെൻറ് നടപ്പിലാക്കിയ പരിഷ്കരണ നിർദേശങ്ങളിലെ അപാകതകളാണ് ഇപ്പോൾ ഈ വിഷയം തർക്കത്തിലേക്ക് എത്തിച്ചത്. എന്നാൽ വഖഫ് ബോർഡ് മുന്നോട്ടുവെക്കുന്ന അവകാശവാദങ്ങളെ കേരളത്തിൽ അടക്കമുള്ള മുസ്ലിം മത വിശ്വാസികളുടെ പ്രവർത്തകർ ന്യായീകരിക്കുകയാണ്. കേരളത്തിലെ മുനമ്പത്ത് തർക്ക ഭൂമി ബോർഡിന്റേതാണ് എന്ന നിലപാടിലാണ് മുസ്ലിം മതമേധാവിയായ ഉമർ ഫൈസി മുക്കം കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. അദ്ദേഹം പറയുന്ന പ്രകാരമാണെങ്കിൽ 1950 മുതൽ മുനമ്പത്തുള്ള 404 ഏക്കർ ഭൂമി വഖഫ് ബോർഡിൻറെ കൈവശത്തിൽ ഇരിക്കുന്നതാണ് .ഈ വസ്തുവിൽ ആരെങ്കിലും താമസക്കാരായി മാറിയിട്ടുണ്ടെങ്കിൽ അവർ വസ്തു വാങ്ങിയ ഉടമസ്ഥരിൽ നിന്നും പണം തിരികെ വാങ്ങി വസ്തുവഖഫ് ബോർഡിന് കൈമാറണം എന്നാണ്. മാത്രവുമല്ല ഈ കാര്യത്തിൽ കേരള സർക്കാർ ബോർഡിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കണം എന്നും ഫൈസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മാത്രമല്ല കോഴിക്കോട് കാലങ്ങളായി പ്രവർത്തിച്ചുവരുന്ന ഫറൂഖ് കോളേജ് വഖഫ് ബോർഡിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നും ഫൈസി വെളിപ്പെടുത്തിയിട്ടുണ്ട്.
വഖഫ് ബോർഡിൻറെ ഉയർന്ന വന്നിട്ടുള്ള പുതിയ തർക്കങ്ങളും വിഷയങ്ങളും യഥാർത്ഥത്തിൽ പരിക്ക് ഏൽപ്പിച്ചിട്ടുള്ളത് കേരളത്തിലെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ ആണ്. പാർട്ടി നേതൃത്വത്തിന് ഒരുതരത്തിലും ഒരു നിലപാട് എടുത്ത് മുന്നോട്ടു പോകുവാൻ കഴിയാത്ത സ്ഥിതിയിലാണ് എത്തിച്ചേർന്നിരിക്കുന്നത്. വഖഫ് ബോർഡ് ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ പേരിൽ ഉയർന്നിട്ടുള്ള തർക്കങ്ങളിൽ ബോർഡിന് അനുകൂലമായ നിലപാടെടുത്താൽ ദേശീയ തലത്തിൽ മുസ്ലിം ലീഗിന് വലിയ പ്രതിസന്ധി ഉണ്ടാകും . ഒരു മതേതര പാർട്ടി എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ടാണ് മുസ്ലിം ലീഗ് പ്രവർത്തിച്ചു വരുന്നത്. ഒരു മതവിഭാഗത്തിന് താല്പര്യ സംരക്ഷണം മാത്രം ലക്ഷ്യമാക്കി പാർട്ടി നിലപാട് സ്വീകരിച്ചാൽ മറ്റുതരത്തിൽ എല്ലാ മതവിഭാഗങ്ങളിൽ നിന്നും എതിർപ്പുകൾ ലീഗിന് നേരിടേണ്ടി വരും. മാത്രവുമല്ല മുസ്ലിം ലീഗ് എന്ന പാർട്ടിക്കുള്ളിൽ നല്ലൊരു വിഭാഗം നേതാക്കളും പ്രവർത്തകരും മതേതര സ്വഭാവം നിലനിർത്തുന്ന പാർട്ടിയാകണം മുസ്ലിം ലീഗ് എന്ന ആഗ്രഹിക്കുന്ന ദേശീയ മുസ്ലീങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിൻറെ ആൾക്കാരാണ്. ഇത്തരം നേതാക്കൾ വഖഫ് ബോർഡിന് ഇപ്പോൾ പറയുന്ന പ്രകാരമുള്ള മുഴുവൻ ഭൂമിയും കൈമാറുന്ന സ്ഥിതിയുമായി യോജിക്കാൻ കഴിയില്ലാത്തവരാണ്. ബോർഡ് അവകാശപ്പെടുന്ന തരത്തിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമിയിൽ നിന്നും അവകാശം കൈമാറി സ്ഥലം മാറേണ്ടി വന്നാൽ പതിനായിരക്കണക്കിന് ആൾക്കാർക്ക് കുടുംബം ഇല്ലാത്ത സ്ഥിതി ഉണ്ടാകും. ഇത് ദേശീയതലത്തിൽ തന്നെ വലിയ പ്രതിസന്ധി ഉണ്ടാക്കുവാൻ കാരണമാകും എന്ന് ആശങ്കയും മുസ്ലിം ലീഗ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് ഉണ്ട്.വഖഫ് ബോർഡ് വിഷയത്തിൽ കടുത്ത എതിർപ്പുമായി കേന്ദ്രസർക്കാരും ബിജെപിയും മുന്നോട്ട് നീങ്ങുമ്പോൾ മുസ്ലിം ലീഗ് പാർട്ടി രാഷ്ട്രീയമായി ഇതിൽ ഇടപെട്ടാൽ ഒരുപക്ഷേ ദേശീയ തലത്തിൽ തന്നെ വർഗീയ കലാപത്തിന് വഴിയൊരുങ്ങും എന്ന ആശങ്കയും ലീഗ് നേതാക്കൾക്ക് ഉണ്ട്.
ഏതായാലും മുനമ്പം ഗ്രാമത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി സർക്കാർ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടില്ല എങ്കിൽ കേരളത്തിൽ രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് മുസ്ലിം ലീഗ് എന്ന പാർട്ടി ആയിരിക്കും.ഈ വിഷയത്തിൽ എന്തെങ്കിലും ഒരു നിലപാട് എടുക്കേണ്ടി വരിക രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തമാണ്. എന്നാൽ മുനമ്പം വിഷയത്തിൽ അപ്പുറത്തും ഇപ്പുറത്തും നിൽക്കുവാൻ കഴിയാത്ത ഗതികേടിലാണ് ലീഗ് പാർട്ടി എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടിയുടെ നേതൃത്വത്തിലും നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. സമീപകാലത്ത് ഒരു ഘട്ടത്തിലും ഉണ്ടാകാത്ത രൂക്ഷമായ പ്രതിസന്ധിയാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടി നേരിട്ടുകൊണ്ടിരിക്കുന്നത്.