തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ കോൺഗ്രസിൽ വൻ അഴിച്ചു പണി.
രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് ആകും
കേരളത്തിൽ വയനാട് ലോകസഭ മണ്ഡലത്തിലും രണ്ട് നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം മഹാരാഷ്ട്ര നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഫലപ്രഖ്യാപനം വന്നു കഴിഞ്ഞാൽ കോൺഗ്രസ് പാർട്ടിയിൽ വലിയ അഴിച്ചുപണികൾ നടത്തുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്. പുതിയ നേതാക്കളുടെ ആലോചനകളും ചർച്ചകളും ദേശീയതലത്തിൽ തന്നെ പാർട്ടിയുടെ തലപ്പത്ത് അഴിച്ചുപണി എന്ന രീതിയിൽ ഉള്ളതാണ്. കോൺഗ്രസിന്റെ അഖിലേന്ത്യ പ്രസിഡണ്ടായി രാഹുൽ ഗാന്ധി വീണ്ടും ചുമതലയേൽക്കും എന്ന രീതിയിലുള്ള ആലോചനകൾ അവസാനഘട്ടത്തിലാണ്. ഇതിനോടൊപ്പം കേരളത്തിൽ പുതിയ കെ പി സി സി പ്രസിഡണ്ടും ചുമതലയേൽക്കാനാണ് സാധ്യത.
മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന സഖ്യം വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ മഹാരാഷ്ട്ര പോലെ വലിയ ഒരു സംസ്ഥാനത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ കോൺഗ്രസ് പാർട്ടിക്ക് അത് വലിയ ഉണർവ് സമ്മാനിക്കും. പാർട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് രണ്ടുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് മല്ലികാർജുൻ ഖാർഗെ പ്രസിഡണ്ടായി വരുന്നത്. എന്നാൽ അദ്ദേഹത്തിന് ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലം കാര്യമായി പ്രവർത്തിക്കുവാൻ കഴിയാത്ത സ്ഥിതി ഉണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ദേശീയതലത്തിൽ തന്നെ കോൺഗ്രസ് പാർട്ടിക്ക് ഒരു തിരിച്ചുവരവിന് വഴി തെളിഞ്ഞിട്ടുള്ള സാഹചര്യത്തിൽ കൂടുതൽ ശക്തമായി പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ രാഹുൽ ഗാന്ധി തന്നെ വീണ്ടും കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കണം എന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. മാത്രവുമല്ല രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച വയനാട് മണ്ഡലം ഒഴിയുകയും സഹോദരി പ്രിയങ്കാ ഗാന്ധി അവിടെ സ്ഥാനാർഥിയായി വരികയും ചെയ്തിട്ടുണ്ട്. വയനാട് മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി ജയിച്ചു വരും എന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്. ഇത്തരത്തിൽ പ്രിയങ്ക ഗാന്ധി കൂടി ലോകസഭയിൽ എത്തിയാൽ ഇപ്പോൾ രാഹുൽ ഗാന്ധി ഏറ്റെടുത്തിട്ടുള്ള പ്രതിപക്ഷ നേതാവിൻ്റെ പദവി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയ ശേഷം കോൺഗ്രസ് പ്രസിഡണ്ട് പദം രാഹുൽഗാന്ധി ഏറ്റെടുക്കുക എന്ന ആലോചനയാണ് ഗൗരവമായി നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിൻറെ കാര്യത്തിലും കോൺഗ്രസിന്റെ ഹൈക്കമാന്റിന് ചില അടിയന്തര നടപടികൾ ഉണ്ടാകണം എന്ന് അഭിപ്രായമാണ് ഉള്ളത്. നിലവിൽ കെപിസിസിയുടെ പ്രസിഡണ്ടായ സുധാകരന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ട്. മാത്രവുമല്ല കേരളത്തിലെ പാർട്ടിക്കകത്തുള്ള ഗ്രൂപ്പ് നേതാക്കളെ ഏകോപിപ്പിച്ച് കൊണ്ടുപോവുക എന്ന കാര്യത്തിൽ സുധാകരനാണ് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന തിരിച്ചറിവും ഹൈ കമാന്റിന് ഉണ്ട്. ഇത് മാത്രമല്ല സുധാകരൻ പ്രസിഡണ്ട് പദവി ഏറ്റെടുത്ത് മൂന്നുവർഷം കഴിഞ്ഞിട്ടും പാർട്ടിയുടെ ജില്ലാ ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പുനസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്ന പോരായ്മയും ഹൈക്കമാന്റെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുധാകരൻ ഈ വിഷയത്തിൽ പറയുന്നത് ഗ്രൂപ്പുമായി നടക്കുന്ന നേതാക്കന്മാർ തൻറെ തീരുമാനങ്ങളെ അനുസരിക്കുന്നില്ല എന്ന പരാതി ആണ്. എന്നാൽ പ്രസിഡൻറ് എന്ന നിലയിൽ ഇത് ഒരു സുധാകരന്റെ കഴിവുകേടാണ് എന്ന വിലയിരുത്തൽ കേന്ദ്ര നേതൃത്വത്തിനു ഉണ്ട്.കെപിസിസിയുടെ പ്രസിഡൻറ് സ്ഥാനത്തേക്കും മറ്റു ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായി കഴിഞ്ഞാൽ ഹൈ കമാൻഡ് ഇടപെടും എന്ന സൂചനകളാണ് പുറത്തുവരുന്നത്. കെപിസിസിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പലരും ഇടിക്കുന്നുണ്ട്. ഇതിൽ ആർക്കാണ് നറുക്ക് വീഴുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇടക്കാല പ്രസിഡൻറ് മാത്രമായിരുന്ന എം എം ഹസ്സൻ പ്രസിഡൻറ് സ്ഥാനത്തേക്ക് ഇടിക്കുന്നുണ്ട്. എന്നാൽ പലതവണകളായി പ്രസിഡൻറ് പദവി മോഹിക്കുകയും അതിനായി നീക്കങ്ങൾ നടക്കുകയും ചെയ്തിട്ട് ഫലം കാണാതെ വന്ന കൊടിക്കുന്നിൽ സുരേഷ് ഇത്തവണയും കെപിസിസിയുടെ പ്രസിഡൻറ് ആകുന്നതിനുള്ള അണിയറ നീക്കങ്ങൾ നടത്തുന്നു എന്ന കാര്യം ഉറപ്പാണ്.
ഇതിനിടയിലാണ് പ്രസിഡണ്ട് പദവിയിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെ കൊണ്ടുവരണം എന്ന അഭിപ്രായം ചില നേതാക്കൾ ഉയർത്തുന്നത്. ഇതിനോട് യോജിക്കാൻ പ്രതിപക്ഷ നേതാവായ സതീശനും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയ്യാറാവുന്നില്ല എന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.പിന്നോക്ക സമുദായ വിഭാഗങ്ങളിൽ നിന്നും ഒരാൾ കെപിസിസിയുടെ പ്രസിഡൻറ് ആകണം എന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. ഇത്തരത്തിൽ ഒരു ആലോചന വന്നാൽ ഇപ്പോൾ കെപിസിസിയുടെ വൈസ് പ്രസിഡണ്ട് ആയ മുൻ എംപി ടി എൻ പ്രതാപൻ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. അന്തരിച്ച ഉമ്മൻചാണ്ടിയുടെ വലംകൈയായി നിന്നിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ കെപിസിസിയുടെ പ്രസിഡണ്ട് പദവി മോഹിക്കുന്നുണ്ടെങ്കിലും സാമുദായിക സന്തുലിതാവസ്ഥയുടെ പേരിൽ ഈ ആലോചന ഫലം കാണാൻ വഴിയില്ല.
ഏതായാലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും മറ്റ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും പുറത്തുവരികയും കോൺഗ്രസ് പാർട്ടിക്ക് മികച്ച നേട്ടം കൈവരിക്കാൻ കഴിയുകയും ചെയ്താൽ പാർട്ടിയുടെ ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും ഉടൻതന്നെ അഴിച്ചു പണികൾ ഉണ്ടാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരളത്തിൻറെ കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന് വലിയ ആകാംക്ഷയുണ്ട്. ഒരു വർഷത്തിനകം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരികയാണ്. ഇത് പൂർത്തീകരിച്ചാൽ ആറുമാസത്തിനകം സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് കടന്നുവരും. സുപ്രധാനമായ രണ്ടു തെരഞ്ഞെടുപ്പുകൾ ഒന്നര വർഷത്തിനകം നടക്കുന്നതുകൊണ്ട് ഈ തെരഞ്ഞെടുപ്പുകൾ നേരിടുവാനും വിജയം ഉറപ്പിക്കുവാനും കഴിയുന്ന വിധത്തിൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വം ശക്തിപ്പെടുത്തുന്നതിനും താഴെത്തട്ടിൽ ഉള്ള കമ്മിറ്റികൾ പുനസംഘടിപ്പിക്കുന്നതിനും കോൺഗ്രസ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നുണ്ട്. ഇതിൻറെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും പാർട്ടിയുടെ പുതിയ നേട്ടങ്ങൾ ഉണ്ടാവുക.