സിപിഎമ്മിനെ ആര് രക്ഷിക്കും.

എം വി ഗോവിന്ദൻ വമ്പൻ പരാജയം എന്ന് പരാതി

കേരളത്തിൽ എന്നല്ല ദേശീയതലത്തിൽ തന്നെ സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഷ്ടകാലം തുടങ്ങിയിട്ട് കുറേക്കാലമായി. വലിയ പ്രതാപത്തിൽ ദേശീയ തലത്തിൽ നിന്നിരുന്ന ഒരു പാർട്ടിയാണ് ഇടതുപക്ഷങ്ങൾ. ഇതിനെ നയിച്ചിരുന്നത് സിപിഎം ആണ്. സ്വതന്ത്ര ഭാരതത്തിൻറെ ആദ്യ പാർലമെൻറിൽ പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയത് കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിൻറെ പ്രിയപ്പെട്ട സഖാവും ആയിരുന്ന എ കെ ഗോപാലന് ആയിരുന്നു. അവിടെനിന്ന് ഇങ്ങോട്ട് മുക്കാൽ നൂറ്റാണ്ടോളം കടന്നപ്പോൾ രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കണ്ടുപിടിക്കണമെങ്കിൽ മഷിയിട്ടു നോക്കണം എന്ന സ്ഥിതിയിലേക്ക് എത്തി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമായി കരുതിയിരുന്ന പശ്ചിമ ബംഗാളിൽ 32 വർഷത്തെ തുടർഭരണത്തിനു ശേഷം അവിടെ സിപിഎം നാമാവശേഷമായ രാഷ്ട്രീയ സാഹചര്യം ആണ് നാം കണ്ടത്. സിപിഎമ്മിന് സ്വാധീനം ഉണ്ടായിരുന്ന മറ്റൊരു സംസ്ഥാനം ത്രിപുര ആയിരുന്നു. ഇവിടെ ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി സിപിഎമ്മിനെ തുടച്ചുനീക്കി ഭരണം കയ്യടക്കിയിട്ട് ഏറെ നാളായി. പിന്നെ അവശേഷിച്ചത് കേരളത്തിൽ മാത്രമാണ്. ഭാഗ്യവശാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ പിണറായി വിജയൻ തുടർഭരണം നേടിഅധികാരത്തിൽ വന്നു. അതോടുകൂടി കേരളത്തിൽ സിപിഎമ്മിന് രാഷ്ട്രീയപാർട്ടി എന്ന നിലയിൽ വലിയ പ്രാധാന്യം നേടുവാനും കഴിഞ്ഞു.

എന്നാൽ ഇപ്പോൾ സിപിഎമ്മിന്റെ ആ അവസ്ഥ എല്ലാം തകർന്ന് തരിപ്പണമായി എന്ന് പറയേണ്ടിവരും. രണ്ടാം ഭരണത്തിൽ എത്തിയതോടുകൂടി സർക്കാരും മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണത്തിന്റെ സുഖസൗകര്യങ്ങളുടെ ആലസ്യത്തിൽ മുഴുകിയ കാഴ്ചയാണ് കേരളം കണ്ടത്. ഭരണ തലവനായ മുഖ്യമന്ത്രിയുടെ മകൾ തന്നെ പ്രതിയായ മാസപ്പടി കേസുകളും മുഖ്യമന്ത്രിയുടെ പേര് അടക്കം പരാതിയിൽ ചേർക്കപ്പെട്ട സ്വർണ്ണ കടത്ത് കേസുകളും പിന്നാലെ കടന്നുവന്ന നിരവധി അഴിമതിയുടെയും പിടിപ്പുകേടിൻ്റെയും വാർത്തകളും ഇടതുമുന്നണിയെ തളർത്തുന്ന സ്ഥിതിയിലേക്ക് എത്തിച്ചു. സിപിഎമ്മിന്റെ എം എൽ എ ആയി നിലനിന്ന പി വി അൻവർ മുഖ്യമന്ത്രിക്കും സർക്കാരിനും പോലീസ് മേധാവിക്കും എതിരെ തെളിവുകൾ നിരത്തി കൊണ്ട് പല പരാതികളും ഉയർത്തിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും എത്തിച്ചേർന്നു. ഇപ്പോഴും ഉയർന്നുവന്ന ഒരു പരാതിയിലും വ്യക്തത വരുത്തുവാൻ പാർട്ടിയും സർക്കാരും തയ്യാറായിട്ടില്ല എന്നത് യഥാർത്ഥത്തിൽ വിഷമത്തിൽ ആക്കിയത് കേരളത്തിലെ സിപിഎമ്മിന്റെ പ്രവർത്തകരെയും ജില്ലാതലം വരെയുള്ള നേതാക്കളെയും ആയിരുന്നു.

കേരളത്തിൽ ഏതാണ്ട് എല്ലാ ജില്ലകളിലും സിപിഎമ്മിന്റെ നേതാക്കൾ ഉൾപ്പെട്ട പലതരത്തിലുള്ള അഴിമതി സംഭവങ്ങളും ക്രിമിനൽ കേസുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. സഹകരണ മേഖലയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന പാർട്ടിയാണ് സിപിഎം.ആ പാർട്ടിയുടെ നേതൃത്വത്തിൽ ഭരണം നടത്തുന്ന പല സഹകരണ ബാങ്കുകളിലും സാമ്പത്തിക തിരിമറിയും തട്ടിപ്പും നടക്കുന്നതായി അന്വേഷണത്തിലൂടെ കണ്ടുപിടിക്കപ്പെട്ടപ്പോൾ ഇതിനെല്ലാം മറുപടി പറയാൻ കഴിയാത്ത ഗതികേടിലേക്ക് പാവപ്പെട്ട സഖാക്കൾ എത്തിച്ചേർന്നു.ഇത്തരത്തിലുള്ള നിരവധിയായ ജനദ്രോഹ പ്രവർത്തനങ്ങളും നിയമവിരുദ്ധ നടപടികളും കേരളത്തിലെ സിപിഎമ്മിന്റെ നേതൃത്വത്തെ തന്നെ കുടുക്കിയിരിക്കുകയാണ്. ഏതു ജില്ലയിൽ പാർട്ടിയുടെ യോഗം ചേർന്നാലും എല്ലായിടത്തും നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങളുടെ ആരോപണങ്ങളും സംഘർഷങ്ങളും തുടരുകയാണ്. ഏറ്റവും ഒടുവിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നടന്ന പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഉള്ള തമ്മിൽ തല്ല് പാർട്ടിക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ അടുത്ത സംസ്ഥാന സമ്മേളന വേദിയായി തീരുമാനിച്ചിട്ടുള്ള കൊല്ലം ജില്ലയിലാണ് പലയിടത്തും പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. ലോക്കൽ സമ്മേളനങ്ങളിലും ബ്രാഞ്ച് സമ്മേളനങ്ങളിലും ഏരിയ സമ്മേളനങ്ങളിലും വരെ വിഭാഗീയ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലാണ് നേതാക്കന്മാരുടെ പേരിൽ വലിയ സംഘർഷം ഉണ്ടായത്. ഒരു സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നേതൃത്വം കൊടുത്ത വിഭാഗങ്ങളാണ് യോഗത്തിനിടയിൽ കയ്യാങ്കളി നടത്തിയത്. മാത്രവുമല്ല ഒരു വിഭാഗം പ്രവർത്തകർ വലിയ ജാഥയായി പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധത്തിന് തയ്യാറാവുകയും ചെയ്തു. ഇതെല്ലാം പരിഹരിക്കപ്പെടാൻ ആവാത്ത തകർച്ചയിലേക്ക് പാർട്ടി എത്തിക്കൊണ്ടിരിക്കുന്നു എന്നതിൻറെ തെളിവാണ്. കൊല്ലം ജില്ലയിൽ മാത്രമല്ല പത്തനംതിട്ടയിലും ഇടുക്കിയിലും ആലപ്പുഴയിലും എറണാകുളത്തും പാലക്കാട്ടും കണ്ണൂരിലും വരെ പാർട്ടിയുടെ ഘടക സമ്മേളനങ്ങളിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷം നടത്തിയ അനുഭവങ്ങൾ ഉണ്ടായി.

കേരളത്തിലെ സിപിഎം എന്ന പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്ന വിഭാഗീയ പ്രവർത്തനങ്ങളും അഴിമതിയുടെ പേരിലുള്ള തർക്കങ്ങളും പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഇടപെടലും നടത്തുവാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. മുഖ്യമന്ത്രിയും മകളും വരെ വലിയ അഴിമതിയുടെയും തട്ടിപ്പിന്റെയും പരാതിയിൽ പേര് ചേർക്കപ്പെട്ടു നിൽക്കുകയാണ്. ഈ വിഷയത്തിൽ പോലും മുഖ്യമന്ത്രി ഒരു തുറന്നു പറച്ചിലും നടത്തിയിട്ടില്ല. ഇതിനിടയിലാണ് പാർട്ടിക്കുള്ളിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉയരുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു വന്ന ആളെ സ്ഥാനാർത്ഥിയാക്കിയതിൽ വലിയ തർക്കങ്ങളാണ് പാർട്ടിക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത്.സിപിഎം എന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധികളിൽ കുഴഞ്ഞു കിടക്കുന്നു എന്നതാണ് വാസ്തവം. സീതാറാം യെച്ചൂരി എന്ന അഖിലേന്ത്യ സെക്രട്ടറിയുടെ മരണത്തിന് ശേഷം പുതിയ ഒരു ദേശീയ സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ പോലും കഴിയാതെ കുഴയുകയാണ് ദേശീയ നേതൃത്വം. സാധാരണഗതിയിൽ പാർട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ വിഷയങ്ങൾ ഉണ്ടായാൽ സംസ്ഥാന നേതാക്കൾക്ക് പരിഹരിക്കാൻ കഴിയാതെ വരുന്ന സ്ഥിതി വന്നാൽ ദേശീയ സെക്രട്ടറി ഇടപെട്ടുകൊണ്ട് പരിഹാരം കാണുകയാണ് പതിവ്. കേരളത്തിൽ അത്തരത്തിൽ ഒരു ഇടപെടൽ നടത്താൻ ദേശീയ തലത്തിൽ കരുത്തുള്ള ഒരു നേതാവ് ഇല്ല എന്നതും സിപിഎമ്മിന്റെ ഗതികേടാണ്.

ഓരോ ദിവസം കഴിയുന്തോറും സർക്കാരിനെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും ജനങ്ങൾക്കിടയിൽ സംശയം ഉണ്ടാക്കുന്ന വിധത്തിലുള്ള നിരവധി പരാതികൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്ക് കഴിയുന്നില്ല എന്ന് പറയുന്നത് സിപിഎം നേതാക്കൾ തന്നെയാണ്. കണ്ണൂരിൽ ജയരാജൻ വിഷയത്തിന്റെ തുടർച്ച എന്നോണം പാർട്ടി വലിയ വിഷമഘട്ടത്തിൽ ആണ്. അവിടെ മുതിർന്ന നേതാക്കൾ പല തട്ടുകളിലായി പ്രവർത്തനം നടത്തുകയാണ് .ഇതുപോലും പരിഹരിക്കാൻ കണ്ണൂരുകാരനായ പാർട്ടി സെക്രട്ടറിക്ക് കഴിയാതെ വരുന്നത് അദ്ദേഹത്തിൻറെ കഴിവുകേടാണ് എന്ന് സിപിഎം നേതാക്കൾ പറയുന്നുണ്ട്.ഇതിനിടയിലാണ് കഴിഞ്ഞ കുറച്ചുകാലമായി പാർട്ടി നേതൃത്വത്തോടും ഭരണത്തോടും വിയോജിപ്പുള്ള മുതിർന്ന ചില സിപിഎം നേതാക്കൾ ഇടയ്ക്കിടയ്ക്ക് ശക്തമായ ഭാഷയിൽ പ്രതിഷേധ സ്വരം ഉയർത്തുന്നത്. സർക്കാരിനെതിരെ വിമർശനം ഉയർത്തി ജി സുധാകരനും തോമസ് ഐസക്കും പലതവണ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതും പാർട്ടിയെ വിഷമത്തിൽ ആക്കുന്നുണ്ട്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പൂർണമായും ബലഹീനൻ ആണെന്നും സെക്രട്ടറിയുടെ കർശന നിർദേശങ്ങൾ പോലും പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ അംഗീകരിക്കാതെ തള്ളിക്കളയുകയാണെന്നും ഉള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ഏതായാലും വലിയ ശക്തിയുണ്ടായിരുന്ന കേരളത്തിലെ സിപിഎം എന്ന രാഷ്ട്രീയ പാർട്ടി അതിൻറെ കഴിഞ്ഞ കാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് നേരിടുന്നത്. പല അവസരങ്ങളിലും പാർട്ടിക്കുള്ളിൽ ഭിന്നതകൾ ഉണ്ടാകുന്ന പതിവുണ്ടെങ്കിലും അന്നൊക്കെ അത് പരിഹരിക്കാൻ കഴിയുന്ന പാർട്ടി ദേശീയ നേതൃത്വം ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു സാഹചര്യം ഇല്ലാത്തതും പാർട്ടിയെ പൂർണ്ണ തകർച്ചയിലേക്ക് തള്ളി വിടുവാൻ വഴിയൊരുക്കുന്നുണ്ട്.