രാജ്യത്തിൻറെ ഭരണത്തിൽ ഇരിക്കുകയും ദേശീയതലത്തിൽ പാർട്ടി വളർച്ചയിലേക്ക് നീങ്ങുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ബിജെപിയുടെ കേരളഘടകം നേതാക്കൾ തമ്മിൽ തല്ലി തകരുന്ന സ്ഥിതിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു എന്നാണ് ഒടുവിൽ വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ടു പതിറ്റാണ്ടായി വലിയ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. തലമുതിർന്ന പല ബിജെപി നേതാക്കളും കണ്ണൂരിന്റെ സംഭാവന ആയിരുന്നു. കേരളത്തിൽ ബിജെപി എന്ന പാർട്ടി വളർത്തിയെടുക്കുന്നത് വലിയ പങ്കുവഹിച്ച നേതാക്കൾ യഥാർത്ഥത്തിൽ കണ്ണൂരിൽ നിന്നും വന്ന നേതാക്കൾ ആയിരുന്നു. എന്നാൽ പാർട്ടി ദേശീയതലത്തിൽ വലിയ വളർച്ചയിലേക്ക് നീങ്ങുന്ന അന്തരീക്ഷത്തിലും കേരളത്തിൽ ആ പാർട്ടിയെ പൂർണ്ണമായ തകർച്ചയിലേക്ക് എത്തിക്കുന്ന നേതാക്കളുടെ കലഹങ്ങൾ തുടരുകയാണ്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന ചില വാർത്തകൾ കേരളത്തിലെ ബിജെപിയുടെ പൂർണ്ണമായ തകർച്ച ഫലത്തിൽ വരുത്തുന്ന വിധത്തിലുള്ളതാണ്.
കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായി സംസ്ഥാന ബിജെപിയുടെ പ്രസിഡൻറ് പദവി അലങ്കരിച്ച ബിജെപിയുടെ രണ്ടു മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെക്കുന്നതിന് ഏകദേശം ധാരണയായി എന്നാണ് അറിയുന്നത്. പാർട്ടിയിലെ ഭാരവാഹിത്വം രാജിവെക്കുവാനും തൽക്കാലം മറ്റൊരു പാർട്ടിയിലും പോകാതെ ഒതുങ്ങി കഴിയുവാനും തീരുമാനിച്ച ഈ രണ്ടു നേതാക്കളെ ബിജെപിയുടെ കേന്ദ്രനേതൃത്വം അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ പാർട്ടി പ്രസിഡന്റിന്റെ നിഷേധ നിലപാടുകളിൽ എതിർപ്പുമായി രണ്ടുപേരും മുന്നോട്ടുപോവുകയാണ്.പാർട്ടിയുടെ കേരളത്തിലെ മുൻ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന കണ്ണൂർ സ്വദേശികളായ സി കെ പത്മനാഭൻ അതുപോലെ കണ്ണൂർ തലശ്ശേരി സ്വദേശിയായ പി കെ കൃഷ്ണദാസ് എന്നീ മുതിർന്ന നേതാക്കളാണ് ബിജെപിയിൽ നിന്നും രാജിവെക്കുന്ന തീരുമാനത്തിൽ എത്തിയത് എന്നാണ് അറിയുന്നത്. പാർട്ടി ശക്തിടുത്തുന്നതിന് ഏറെക്കാലം പ്രവർത്തിച്ച ഈ രണ്ടു നേതാക്കൾക്കും കേരളത്തിലെ എല്ലാ ജില്ലകളിലും സ്വന്തം അനുയായികൾ ഉണ്ട്. മാത്രവുമല്ല രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപി യോടൊപ്പം നീങ്ങുമ്പോഴും ബിജെപിയുടെ കേഡർ സംഘടനയായ ആർഎസ്എസ് മായി നല്ല ബന്ധം പുലർത്തിയിരുന്നവരാണ് ഈ രണ്ട് നേതാക്കളും. കഴിഞ്ഞ അഞ്ചു വർഷക്കാലത്തോളം ആയി കേരളത്തിൽ ബിജെപി എന്ന പാർട്ടിയുടെ പ്രസിഡൻറ് പദവിയിലും മറ്റു പദവികളിൽ ഉള്ള ചിലരും ഈ മുതിർന്ന നേതാക്കളെ പൂർണമായി തഴയുകയും അവഗണിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിൽ മനംനൊന്താണ് നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെക്കാൻ തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. മറ്റേതെങ്കിലും പാർട്ടിയിലേക്ക് ഉടനെ ചേർന്നാൽ കഴിഞ്ഞകാലങ്ങളിൽ പാർട്ടിയിലെ പ്രവർത്തകരിലും ജനങ്ങൾക്കിടയിലും ഉണ്ടാക്കിയെടുത്ത ഇമേജ് തകരും എന്ന ബോധ്യത്താൽ ആയിരിക്കണം രണ്ടു നേതാക്കളും ഉടനെ മറ്റൊരു പാർട്ടിയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനത്തിൽ എത്തിയിട്ടില്ല.
ഇതൊക്കെയാണെങ്കിലും പാർട്ടി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ആയി വലിയതോതിൽ അകന്നു നിൽക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തിട്ടുള്ള പി കെ കൃഷ്ണദാസ് ബിജെപിയിൽ നിന്നും രാജിവച്ചുകൊണ്ട് തീരുമാനം പ്രഖ്യാപിച്ചാൽ അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിക്കുന്നതിനും സ്വീകരിക്കുന്നതിനും കണ്ണൂരിലെ മാത്രമല്ല കോൺഗ്രസിന്റെ മറ്റു മുതിർന്ന നേതാക്കളും ആലോചനകൾ നടത്തിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്.പാലക്കാട് നിയമസഭയിലെ ഉപതിരഞ്ഞെടുപ്പ് അന്ത്യനിമിഷത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ടു കോൺഗ്രസിൽ വന്നപ്പോൾ ഉണ്ടായ ആവേശകരമായ സ്വീകരിക്കലുംമറ്റും മാനസികമായി ബിജെപിയുമായി അകന്നുനിൽക്കുന്ന പല നേതാക്കളിലും പുതിയ ചിന്തകൾ ഉയർത്തിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിലേക്ക് ചേരുവാൻ കഴിഞ്ഞാൽ മാന്യമായ പരിഗണനയും ആദരവും ലഭിക്കും എന്നുള്ള സാധ്യത കൂടി മുന്നിൽ കണ്ടു കൊണ്ടാണ് മുതിർന്ന ചില ബിജെപി നേതാക്കൾ ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ളത്. ബിജെപിയുടെ കേരളത്തിലെ മുതിർന്ന നേതാക്കളിൽ ഇപ്പോൾ ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന ആൾക്കാരെ ബന്ധപ്പെട്ടു കൊണ്ട് അവരെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് ബിജെപി എന്ന പാർട്ടിക്ക് തിരിച്ചടി നൽകുക എന്ന ലക്ഷ്യവുമായിട്ടാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രഹസ്യ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒന്നുരണ്ട് വർഷത്തിനിടയിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ പ്രമുഖരായവർ അടക്കം നിരവധി പേർ കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേരുന്ന സ്ഥിതി ഉണ്ടായിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയെടുത്ത ശക്തമായ തിരിച്ചുവരവിന്റെ സാധ്യതകൾ പാർട്ടിക്ക് പുതിയ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ എല്ലാം ബിജെപിയിലേക്ക് എന്ന മാധ്യമങ്ങളുടെ സ്ഥിരം വാർത്തകൾക്ക് അവസാനം ഉണ്ടാക്കുന്നതിനും മറിച്ച് ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളെ മടക്കി കൊണ്ടുവന്ന പുതിയ ഒരു സന്ദേശം പകരുക എന്ന ലക്ഷ്യം കൂടി വച്ചുകൊണ്ടാണ് പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് സതീശനും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിൻറെ അവസാന രംഗമായി മാറുക കണ്ണൂർ ജില്ലയിലെ ബിജെപി നേതാക്കൾ ആരെങ്കിലും കോൺഗ്രസിലേക്ക് കടന്നുവരുന്ന വാർത്തയിലൂടെ ആയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.