അര നൂറ്റാണ്ടിലധികമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ കലോത്സവം വളരെ ഭംഗിയായി നടന്നു വരുന്നതാണ്. ലോകത്തിലെ തന്നെ അത്ഭുതം എന്ന് പറയാവുന്ന ഒന്നാണ് സംസ്ഥാന സ്കൂൾ കലോത്സവം. 15,000 ത്തോളം സ്കൂൾ കുട്ടികളാണ് ഈ കലോത്സവത്തിൽ വിവിധ പരിപാടികളിലായി മത്സരിക്കാൻ എത്തുക. ആയിരക്കണക്കിന് അധ്യാപകരും, പതിനായിരക്കണക്കിന് രക്ഷിതാക്കളും, നൂറുകണക്കിന് വിധികർത്താക്കളും ഈ മഹാമേളയിൽ പങ്കെടുക്കാറുണ്ട്. പല വേദികളിലായി അരങ്ങേറുന്ന സ്കൂൾ കലോത്സവത്തിൽ, മത്സരാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കുന്ന കലവറ പോലും, വലിയ അത്ഭുതങ്ങൾ നിറഞ്ഞതാണ്. ദിവസേന ആയിരക്കണക്കിന് പേർക്കുള്ള ഭക്ഷണമാണ് ഈ കലവറയിൽ ഒരുക്കി വിളമ്പാറുള്ളത്. ഈ വിധത്തിൽ വളരെ ഭംഗിയായി ആഘോഷിച്ചു കൊണ്ടിരുന്ന സ്കൂൾ കലോത്സവും ഈ വർഷം പ്രതിസന്ധിയിൽ ആകുമോ എന്ന ആശങ്കയിലാണ്, അധ്യാപകരും വിദ്യാർത്ഥികളും. സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പറഞ്ഞു കൊണ്ടാണ്, സ്കൂൾ കലോത്സവത്തിന്റെ നല്ല അന്തരീക്ഷം തകർക്കാൻ നീക്കം നടക്കുന്നത്. ഈ വർഷത്തിലെ സ്കൂൾ കലോത്സവം ജനുവരി ആദ്യവാരത്തിലാണ് നടക്കുന്നത്. ഈ കലോത്സവ വേദിയിൽ മത്സരാർത്ഥികൾക്കും മറ്റും വിളമ്പുന്നതിനുള്ള ഭക്ഷണം തയ്യാറാക്കുന്നതിന്, ഭക്ഷ്യവസ്തുക്കൾ വാങ്ങുവാൻ പണമില്ല എന്ന് പറഞ്ഞുകൊണ്ട്, വിദ്യാഭ്യാസ വകുപ്പ് പുതിയ ഒരു അഭ്യാസവുമായി ഇറങ്ങിയിരിക്കുകയാണ്. കലോത്സവത്തിന് ആവശ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ, കേരളത്തിലെ എല്ലാ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ സംഭാവനയായി പിരിച്ചെടുക്കണം എന്ന നിർദ്ദേശമാണ് വകുപ്പ് നൽകിയിരിക്കുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.
കേരളത്തിലെ കൗമാരപ്രായക്കാരായ സ്കൂൾ വിദ്യാർത്ഥികളുടെ മഹാ മാമാങ്കമാണ് സ്കൂൾ കലോത്സവം. ഈ കലോത്സവത്തിന്റെ സംഘാടകസമിതിയിലെ, ഭക്ഷണ കമ്മിറ്റി കൺവീനറുടെ കത്ത് പരിഗണിച്ചാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പിരിവ് നിർദ്ദേശമുള്ള കത്ത് അയച്ചതെന്നാണറിയുന്നത്. കുട്ടികളെ കൊണ്ട് ഭക്ഷ്യവസ്തുക്കൾ പിരിവായി സംഘടിപ്പിക്കുന്ന കത്തിന്റെ കാര്യത്തിൽ, ഇടതുമുന്നണി സർക്കാരിൻറെ പതിവ് അടവ് പ്രയോഗിച്ചിട്ടുണ്ട്. ഈ കൊല്ലത്തെ സ്കൂൾ കലോത്സവം ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ്, ഭക്ഷ്യവസ്തുക്കൾ പിരിക്കാൻ തീരുമാനിച്ചതെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്കൂൾ കലോത്സവം നടത്തുന്ന കാര്യത്തിൽ പോലും ഇത്തരത്തിലുള്ള തട്ടിപ്പും തരികിട പണികളും ഔദ്യോഗികമായി തന്നെ നടത്തണം. ഈ മാസം 31ആം തീയതിക്ക് മുൻപായി അക്ഷയ ഉൽപ്പന്നങ്ങൾ എല്ലാ സ്കൂളുകളിലും ശേഖരിച്ചിരിക്കണമെന്നും, ജനുവരി ഒന്നിന് വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കലോത്സവ സ്ഥലത്ത്എത്തിക്കണമെന്നുമുള്ള രീതിയിലാണ് കത്തയച്ചിരിക്കുന്നത്. ഏതായാലും കത്തിൽ ഒരു വലിയ ആദർശപരമായ കാര്യം കൂടി പറയുന്നുണ്ട്. സ്കൂളുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷ്യ വസ്തുക്കൾ തിട്ടപ്പെടുത്തി രസീതും നൽകണം. മറ്റൊരു മഹാ ഉപദേശം കൂടി ഈ കത്തിൽ പറയുന്നുണ്ട്, കലോത്സവ സദ്യക്ക് വേണ്ടി വിഭവങ്ങൾ ശേഖരിക്കുന്ന കാര്യത്തിൽ കുട്ടികളെ നിർബന്ധിക്കരുത്. ഇതിൻറെ പൊരുളാണ് പിടി കിട്ടാത്തത്. എല്ലാ സ്കൂളുകളും കലോത്സവത്തിന് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ വിദ്യാർഥികൾ വഴി പിരിച്ചെടുക്കണം എന്ന് പറയുകയും, അതേ അവസരത്തിൽ ഇതിന് നിർബന്ധിക്കരുത് എന്ന് പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. കാരണം വിദ്യാഭ്യാസ വകുപ്പിന്റെ രേഖാമൂലമുള്ള നിർദ്ദേശം പാലിക്കാത്ത സ്കൂളുകൾ ഉണ്ടായാൽ, ഭാവിയിൽ അവർക്കെതിരെ മേൽ നടപടികൾ ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.
സ്കൂളുകളിൽ വിദ്യാർത്ഥികൾ വഴി, കലോത്സവത്തിന് പിരിച്ചെടുക്കേണ്ട ഉൽപ്പന്നങ്ങളുടെ കൃത്യമായ പേരുകളും കത്തുകളിൽ പറയുന്നതായിട്ടാണ് അറിയുന്നത്. നാളികേരം, വെളിച്ചെണ്ണ, തേയില, പഞ്ചസാര, അരി, വൻപയർ, റവ തുടങ്ങി 42 ഇനം ഭക്ഷ്യവസ്തുക്കളാണ് നാട്ടുകാരിൽ നിന്നും പിരിച്ചെടുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ഒരു നിർദ്ദേശം പുറത്തുവിട്ട വിദ്യാഭ്യാസ വകുപ്പ് മേധാവികളും, വിദ്യാഭ്യാസ മന്ത്രിയും, വലിയ ആദർശങ്ങൾ പറയുന്ന സംസ്ഥാന സർക്കാരും ഇത്രയും തരംതാഴേണ്ടതുണ്ടോ എന്ന കാര്യം ആലോചിച്ചാൽ നല്ലതായിരിക്കും. സംസ്ഥാന സർക്കാർ നേതൃത്വത്തിൽ തലസ്ഥാനനഗരിയിൽ അടക്കം പലതരത്തിലുള്ള ഉത്സവ മാമാങ്കങ്ങൾ നടത്തുകയും, അതിനായി കോടികൾ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ പലതരത്തിലുള്ള ആവശ്യങ്ങൾക്കും, ആഡംബരങ്ങൾക്കും പണം കണ്ടെത്തുന്നതിനും സർക്കാരിന് ഒരു ബുദ്ധിമുട്ടും ഇല്ല. കേരളത്തിലെ ജനങ്ങൾ വലിയ താല്പര്യത്തോടെ കാണുന്നതും, നമ്മുടെ ഭാവി വാഗ്ദാനങ്ങൾ എന്ന് പറയുന്ന കൗമാര പ്രായക്കാരായ വിദ്യാർഥികൾ പങ്കെടുക്കുന്നതുമായ, സ്കൂൾ കലോത്സവ പരിപാടികൾ നടത്തുന്നതിന് കുറച്ചു പണം കണ്ടെത്താൻ സർക്കാരിനെ കഴിയുന്നില്ലെങ്കിൽ, ഈ കലോത്സവം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തുന്നതല്ല എന്ന ഒരു ഉത്തരവ് ഇറക്കുന്നതായിരിക്കും ഭംഗി. കാരണം, സമൂഹ മധ്യത്തിൽ യഥാർത്ഥത്തിൽ കലോത്സവ സദ്യ ഒരുക്കാൻ കൊച്ചുകുട്ടികളെ കൊണ്ട് നാട്ടുകാർക്ക് മുന്നിൽ, ഭിക്ഷ യാചിക്കാൻ ഔദ്യോഗിക ഉത്തരവ് ഇറക്കുന്ന വിദ്യാഭ്യാസ വകുപ്പിന്, ഇത് നാണക്കേടാണ്. ഏതായാലും അര നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ വലിയ ആഘോഷമായ സ്കൂൾ യുവജന കലോത്സവ പരിപാടി, ഈ വർഷം അലങ്കോലപ്പെടുമോ എന്ന ആശങ്ക ഇതുമായി ബന്ധപ്പെട്ട എല്ലാവരിലും ഉണ്ടെന്നതാണ് വാസ്തവം.