ഇ നാരായണൻ സ്‌മാരക അവാർഡ്‌ ഐ വി ശിവരാമന്‌ .

തലശ്ശേരി: സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള ഇ നാരായണൻ പുരസ്‌കാരം ഐ വി ശിവരാമന്‌. സഹകരണ മേഖലക്ക്‌ നൽകിയ സമഗ്രസംഭാവന പരിഗണിച്ച്‌ റബ്‌കോ ചെയർമാൻ കാരായിരാജൻ ചെയർമാനായ സമിതിയാണ്‌ ഐ വി ശിവരാമനെ അവാർഡിന്‌ തെരഞ്ഞെടുത്തത്‌. 50,001 രൂപയും പ്രശസ്‌തി പത്രവും കെ കെ മാരാർ രൂപകൽപന ചെയ്‌ത വെങ്കല ശിൽപവും അടങ്ങുന്നതാണ് അവാർഡ്‌. ഈ മാസം 29-ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ്‌ സമർപ്പിക്കുമെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ പി ഹരീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു

പതിറ്റാണ്ടുകളായി സഹകരണരംഗത്ത്‌ സേവനമനുഷ്‌ഠിക്കുന്ന മുതിർന്ന സഹകാരിയും യുവജന–വിദ്യാർഥി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമാണ്‌ ഐ വി ശിവരാമൻ. 1996 മുതൽ 16വർഷം ഇന്ത്യൻ കോഫി ഹൗസ്‌ പ്രസിഡന്റായിരുന്നു. ധർമശാലയിൽ ഇന്ന്‌ കാണുന്ന കോഫിഹൗസ്‌ കെട്ടിടത്തിന്‌ അടിത്തറയിട്ടത്‌ ഈ കാലത്താണ്‌. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കോഫിഹൗസിന്റെ വളർച്ചക്കും നേതൃത്വം നൽകി. ചെറുതാഴം സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, പിലാത്തറ കോ–ഓപ്പറേറ്റീവ്‌ ആട്‌സ്‌ ആൻഡ് സയൻസ്‌ കോളേജ്‌ ചെയർമാൻ, പയ്യന്നൂർ എജ്യൂക്കേഷന്‍ സൊസൈറ്റി ഭരണസമിതി അംഗം, ഇ പിഎഫ്‌ പെൻഷനേഴ്‌സ്‌ കണ്ണൂർ ജില്ല കോ–ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌, പഴയങ്ങാടി ഹൗസിങ്ങ്‌ സൊസൈറ്റി ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.കണ്ണപുരം ചക്കര സൊസൈറ്റി ജീവനക്കാരനായാണ്‌ ഐ വി ശിവരാമൻ സഹകരണ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവന്നത്‌. കണ്ണപുരം ഓയിൽ സൊസൈറ്റി, മാടായി കോ–ഓപ്പറേറ്റീവ്‌ റൂറൽ ബാങ്ക്‌ എന്നീ സ്ഥാപനങ്ങളിലും ജോലി ചെയ്‌തു. പതിമൂന്നാം വയസിൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുപ്രവർത്തനം ആരംഭിച്ചത്‌.