കെപിസിസി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ;വി ഡി സതീശന്‍

 

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് വിളിച്ചതെന്ന് സതീശന്‍ വ്യക്തമാക്കി.

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിർന്ന നേതാക്കളുടെ സമ്മർദ്ദം കാരണമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താൽ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനമല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും സതീശന്‍ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ വേദികളിൽ അത് ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച നടപടിയിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.