സംസ്ഥാനത്ത് മഴ വ്യാപകമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമര്‍ദ്ദമായി മാറും.പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ‘മോക്ക’ ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത.
സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തതയായിട്ടില്ല. എങ്കിലും കേരളത്തില്‍ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. ഇന്ന് ഒറ്റപെട്ടയിടങ്ങളില്‍ മഴ ലഭിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ എറണാകുളം, വയനാട് യെല്ലോ അലര്‍ട്ടായിരിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി/ മിന്നല്‍ /കാറ്റോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്.