വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ 50 കേസുകൾ, മുങ്ങിയത് വിദേശത്തേക്ക്,

മലപ്പുറം: സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത അമ്പതോളം കേസുകളിലെ പ്രതി എ വി സജിത്ത് (43) അറസ്റ്റിൽ. പെരിന്തല്‍മണ്ണ പോലീസ് തിരുവനന്തപുരത്ത് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2015ല്‍ സജിത്ത് കറുപുകപുത്തൂര്‍ കുറീസ് എന്ന പേരില്‍ പെരിന്തല്‍മണ്ണയിലെ ഊട്ടി റോഡില്‍ സ്ഥാപനം നടത്തിയിരുന്നു. ഈ സ്ഥാപനത്തിനെതിരെ നിക്ഷേപകര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടക്കുകയും ഒമ്പത് വര്‍ഷം വിദേശത്ത് താമസിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സജിത്ത് വിദേശത്ത് നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേരളത്തിലുട നീളം വിവിധ പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം വഞ്ചനാ കേസുകൾ സജിത്തിനെതിരെയുണ്ട്. വധശ്രമ കേസും നിലവിലുണ്ട്.